രാജ്ഭവനില്‍ സ്വന്തം പ്രതിമ അനാച്ഛാദനം ചെയ‍്ത് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് വിവാദത്തില്‍. രാജ്ഭവന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
സ‍്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാജ്ഭവനില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെയും ചിത്രരചനാ മത്സരത്തിന്റെയും മുന്നോടിയായാണ് പ്രതിമ അനാച്ഛാദനം ചെയ‍്തത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഗവര്‍ണറുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഗവര്‍ണര്‍ ചെയ‍്തതെന്ന് തൃണമൂല്‍ വക്താവ് ജയപ്രകാശ് മജൂംദാര്‍ പറഞ്ഞു. അദ്ദേഹം സ്വന്തം പ്രതിമയ‍്ക്ക് മാലയിടുമോ എന്നും ചോദിച്ചു. ഇതൊക്കെ അധികാര ആസക്തിയുടെ ലക്ഷണമാണെന്നും ആരോപിച്ചു. ഗവര്‍ണറുടെ നടപടി സംസ്ഥാനത്തിന് നാണക്കേടാണെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തിയും പ്രതികരിച്ചു. ബംഗാളി സംസ‍്കാരത്തിന് ചേര്‍ന്ന നിലപാടല്ല ഇതെന്ന് കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് പറഞ്ഞു.
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലെ ശില്പിയായ പാര്‍ത്ഥ സാഹയാണ് പ്രതിമ ഗവര്‍ണര്‍ക്ക് സമ്മാനിച്ചതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗവര്‍ണറെ നേരില്‍ കാണാതെ ഫോട്ടോ നോക്കിയാണ് സാഹ ഫൈബര്‍ പ്രതിമ നിര്‍മ്മിച്ചത്. പ്രതിമ സ്ഥാപിച്ചത് ഗവര്‍ണര്‍ തന്നെയല്ലെന്നും ഇന്ത്യന്‍ മ്യൂസിയത്തിലെ കലാകാരന്‍ നല്‍കിയ സമ്മാനമാണെന്നും രാജ്ഭവന്‍ പറയുന്നു. ജീവിച്ചിരിക്കുന്നയാളുടെ പ്രതിമ സ്ഥാപിച്ച ഔചിത്യത്തെയും പലരും ചോദ്യം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.