8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025

കേരളത്തിനെതിരെ ഗവര്‍ണറുടെ ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി/ കൊച്ചി
December 12, 2023 11:06 pm

സാമ്പത്തിക അടിയന്തരാവസ്ഥയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണി തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഒരിക്കല്‍പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഗവര്‍ണറുടെ ആവനാഴിയിലെ പുതിയ ആയുധം. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനം ചീഫ് സെക്രട്ടറിക്ക് രാജ്ഭവന്‍ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 12 വിഷയങ്ങളിലെ വിശദീകരണമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവര്‍ണര്‍ പുതിയ പോര്‍മുഖം തുറന്നത്.

സംസ്ഥാനഭരണത്തില്‍ കേന്ദ്ര ഇടപെടലിനാണ് ഗവര്‍ണറുടെ ശ്രമമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ഭരണഘടനയുടെ അനുച്ഛേദം 360ലാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രതിപാദിക്കുന്നത്. രാജ്യമാകെയോ അധികാരാതിര്‍ത്തിയിലുള്ള ഏതെങ്കിലും ഭാഗത്തോ സാമ്പത്തിക സ്ഥിരത അപകടത്തിലാണെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഈ അനുച്ഛേദം അധികാരം നല്‍കുന്നു. ഇത് രണ്ട് മാസത്തിനുള്ളിൽ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കണം. ഇതോടെ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് അധികാരങ്ങൾ കേന്ദ്രത്തിലേക്ക് പോകും. എന്നാല്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച 1991ലോ, കോവിഡ് മഹാമാരിക്കാലത്തോ പോലും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അതിനിടെ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരത്തു വച്ച് ഗവര്‍ണര്‍ക്കു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൂന്നിടത്ത് പ്രതിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീണ്ടും തിരിച്ചടി; സെനറ്റ് നാമനിര്‍ദേശത്തിന് ഹൈക്കോടതി സ്റ്റേ

ഗവര്‍ണര്‍ക്ക് വീണ്ടും കോടതിയില്‍ തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർത്ഥികളെ നാമനിര്‍ദേശം ചെയ്തതെന്നാണ് ആരോപണം. മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവരാണ് ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയിലെത്തിയത്.
കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം. ഇത്തരത്തില്‍ കഴിവ് തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാലു പേരെ നാമനിര്‍ദേശം ചെയ്‌തെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയൊന്നുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Eng­lish Sum­ma­ry; Gov­er­nor’s threat against Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.