
രാജ്യത്തെ മുഴുവന്‍ തുറമുഖങ്ങളുടെയും സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്)യിലേക്ക്. ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളുടെയും അംഗീകൃത സുരക്ഷാ ചുമതലയാണ് സിഐഎസ്എഫിന് കൈമാറിയത്.
ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിസ്) പ്രോട്ടോക്കോള്‍ പ്രകാരമാണ് സുരക്ഷാ ചുമതല കൈമാറുന്നതെന്ന് ഷിപ്പിങ് മന്ത്രാലയം ഈമാസം 18ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം കടല്‍ വഴിയുള്ള ഭീകരാക്രമണ സാധ്യതയും കണക്കിലെടുത്തു. ദേശീയ സമുദ്ര സന്നദ്ധത വര്‍ധിപ്പിക്കുക, സുരക്ഷിതവും കാര്യക്ഷമവുമായ തുറമുഖ നേതൃത്വം, ബ്ലു ഇക്കോണമി വളര്‍ച്ച എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
രാജ്യത്തെ 250 ഓളം തുറമുഖങ്ങളുടെ സുരക്ഷയാണ് സിഐഎസ്എഫിന് ലഭിക്കുകയെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അജയ് ദഹിയ അറിയിച്ചു. ഇന്ത്യയുടെ വളരുന്ന നീല സമ്പദ്‌വ്യവസ്ഥയിലും വ്യാപാരത്തിലും ലോജിസ്റ്റിക്‌സിലും തുറമുഖങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തുടനീളമുള്ള തുറമുഖ സുരക്ഷ ആധുനികവൽക്കരിക്കുന്നതിനും മാനദണ്ഡമാക്കുന്നതിനുമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതുവരെ തുറമുഖങ്ങൾക്ക് ഒരു പ്രൊഫഷണൽ സുരക്ഷാ സംഘടനയുണ്ടായിരുന്നില്ല. സുരക്ഷാ വിലയിരുത്തലുകൾ, സുരക്ഷാ പദ്ധതികൾ തയ്യാറാക്കൽ, പ്രധാന സുരക്ഷാ ചുമതലകൾ എന്നിവയുൾപ്പെടെ സുപ്രധാന പ്രവർത്തനങ്ങൾ ഇനി മുതല്‍ സിഐഎസ്എഫിന് കീഴിലാകും. 1969ല്‍ സ്ഥാപിതമായ സിഐഎസ്എഫ്, 70ലധികം വിമാനത്താവളങ്ങൾ, ആണവ, ബഹിരാകാശ കേന്ദ്രങ്ങള്‍ എന്നിവയുൾപ്പെടെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ സുരക്ഷയാണ് കൈകാര്യം ചെയ്തിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.