4 May 2024, Saturday

സ്വാതന്ത്ര്യ സമര നിഘണ്ടുവില്‍ നിന്ന് മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെ ഒഴിവാക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
August 23, 2021 9:29 pm

1921 ലെ മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതായി ചിത്രീകരിക്കാനും ഹിന്ദു വിരുദ്ധ ലഹള മാത്രമായി പരിമിതപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായി സമരനായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്(ഐസിഎച്ച്ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് ഈ പേരുകൾ പുറത്താക്കിയത്.

ഐസിഎച്ച്ആര്‍ നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനപരിശോധിച്ച സമിതിയാണ് ഇത്തരത്തിൽ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 1921ലെ മലബാര്‍ വിപ്ലവം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമല്ലെന്നും വെറും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമാണെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമ്പോഴാണ് സമരനായകരെ ചരിത്രപുസ്തകത്തില്‍ നിന്നു വെട്ടിനിരത്താന്‍ ശ്രമിക്കുന്നത്.

സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐസിഎച്ച്ആര്‍ പാനല്‍ മലബാര്‍ സമരത്തെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും സമിതി അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

ഐസിഎച്ച്ആര്‍ കണ്ടെത്തല്‍ പ്രകാരം ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ‘നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ് ലിങ്ങളെ പോലും വെറുതെവിട്ടില്ല. കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട ‘മാപ്പിള കലാപകാരികള്‍’ ഏറെയും ജയിലില്‍ കോളറയും മറ്റു കാരണങ്ങളും കൊണ്ടാണ് മരിച്ചത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കോടതി നടപടികള്‍ക്കൊടുവില്‍ ഭരണകൂടം വധിച്ചത്” ഐസിഎച്ച്ആര്‍ സമിതി പറയുന്നു.
സമിതി നിര്‍ദ്ദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐസിഎച്ച്ആര്‍ ഡയറക്ടര്‍ (ഗവേഷണ, ഭരണ നിര്‍വഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്തമാക്കി.

Eng­lish sum­ma­ry; Govt Pan­el Seeks Removal of 387 ‘Moplah Mar­tyrs’ from His­to­ry Book, Says Rebel­lion Was ‘Com­mu­nal’

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.