13 December 2025, Saturday

വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ ഗ്രാന്റ്

സ്വന്തം ലേഖിക
തിരുവനന്തപുരം
March 8, 2023 11:08 pm

വനിതാ സഹകരണ സംഘങ്ങൾക്ക്‌ അഞ്ചു ലക്ഷം രൂപവരെ തിരിച്ചടയ്‌ക്കേണ്ടാത്ത ഗ്രാന്റ്‌ നൽകുന്ന പദ്ധതി ഏപ്രിലിൽ ആരംഭിക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാസംരംഭക സംഗമത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വനിതാ സംരംഭകർക്കായി മൂന്ന്‌ പുതിയ പദ്ധതികളടക്കമാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ മന്ത്രി പ്രഖ്യാപിച്ചത്.
ഈ സാമ്പത്തിക വർഷം മുതൽ കെഎസ്‌ഐഡിസി വഴി സ്‌ത്രീ സംരംഭകർക്ക്‌ 50 ലക്ഷം രൂപവരെ വായ്‌പ നൽകും. നിലവിൽ 25 ലക്ഷം രൂപയാണ്‌ നൽകിയിരുന്നത്‌. അഞ്ചു ശതമാനം മാത്രമാകും പലിശ. മൊറൊട്ടോറിയം ആറു മാസം എന്നത്‌ ഒരു വർഷമായി ഉയർത്തും. ഏപ്രിൽ മുതൽ സർക്കാർ ഇൻകുബേഷൻ സെന്ററുകളിൽ വനിതാസംരംഭകർ 50 ശതമാനം വാടക നൽകിയാൽ മതിയാകും. വീടുകളിൽതന്നെ അധികമുള്ള സ്ഥലത്ത്‌ വീട്ടമ്മമാർക്ക്‌ സംരംഭം തുടങ്ങാനാകും. ഇത്തരത്തിൽ പദ്ധതി ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎസ്‌എംഇ മേഖലയിലെ മികച്ച സംരംഭകർക്ക്‌ അടുത്ത വര്‍ഷം മുതല്‍ വ്യവസായ വകുപ്പ്‌ പുരസ്‌കാരം നൽകും. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പുരസ്‌കാരം ഉണ്ടാകും. മികച്ച വനിതാ സംരംഭകർക്ക്‌ പ്രത്യേക പുരസ്‌കാരവും നൽകും. സംരംഭക വർഷം പദ്ധതിയിൽ 43,200 വനിതാ സംരംഭങ്ങളാണ്‌ ആരംഭിച്ചത്‌. ആകെ സംരംഭകരിൽ 31 ശതമാനവും വനിതകളാണ്‌. അടുത്ത വർഷം ഇത്‌ 50 ശതമാനമാക്കുകയാണ്‌ ലക്ഷ്യം. രാജ്യത്ത്‌ ഒരു ചെറുകിട സംരംഭം ശരാശരി 1.7 തൊഴിൽ നൽകുന്നുവെന്നാണ്‌ ദേശീയ സാമ്പിൾ സർവേ പറയുന്നത്‌. എന്നാൽ, കേരളത്തിലിത്‌ 2.5 ശതമാനമാണ്‌. സംരംഭകർക്കുണ്ടാകുന്ന ഏതു പ്രതിസന്ധിയിലും സർക്കാരും വ്യവസായ വകുപ്പും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം രചിച്ച് വനിതാ സംരംഭക സംഗമം 

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിച്ച സംഗമത്തില്‍ പങ്കാളികളായത് അഞ്ഞൂറിലധികം വനിതാ സംരംഭകര്‍. കേരളത്തിലെ നിലവിലെ സംരംഭക സൗഹാര്‍ദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതായിരുന്നു വനിതാ സംഗമം.
സ്ത്രീകള്‍ തൊഴില്‍ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തില്‍ പ്രധാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പിഎംഎഫ്എംഇ പ്രൊമോഷണല്‍ ഫിലിമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. 

Eng­lish Sum­ma­ry: Grant upto five lakh rupees to wom­en’s co-oper­a­tive societies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.