11 December 2025, Thursday

ഗ്രീക്ക് അഭയാര്‍ത്ഥി ബോട്ടപകടം ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

ഈജിപ്റ്റ് പൗരന്മാരെ മനുഷ്യക്കടത്തുകാരായി ചിത്രീകരിച്ചു 
Janayugom Webdesk
ഏഥന്‍സ്
July 14, 2023 8:55 pm

ഗ്രീസില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് 600 കുടിയേറ്റക്കാര്‍ മരിച്ച സംഭവം ആസൂത്രിതമെന്ന് ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിയുടെ റിപ്പോര്‍ട്ട്. കുടിയേറ്റ ബോട്ട് കണ്ടെത്തിയതിനു പിന്നാലെ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുമായി ബോട്ടിനെ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും കെട്ടിവലിക്കുകയും ചെയ്തിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ വേഗം കൂട്ടിയതിനു പിന്നാലെയാണ് കുടിയേറ്റക്കാരുടെ ബോട്ട് കീഴ്മേല്‍ മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തെക്കുറിച്ച് ഗ്രീസ് അധികൃതര്‍ നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ബിബിസിയില്‍ നിന്നുള്‍പ്പെടെയുള്ള 26 പേരടങ്ങുന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഘം സ്വതന്ത്ര്യ അന്വേഷണം ആരംഭിച്ചത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുസാബ്, അഹമ്മദ് എന്നീ അഭയാര്‍ത്ഥികളുമായി ബിബിസി നടത്തിയ അഭിമുഖത്തിലാണ് സത്യം വെളിപ്പെട്ടത്. വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇവര്‍ അഭിമുഖത്തില്‍ പറഞ്ഞു. കുടിയേറ്റ ബോട്ട് കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നതായി ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. എന്നാല്‍ ബോട്ടിലേക്ക് കയറാന്‍ വേണ്ടിയാണ് കയര്‍ ഉപയോഗിച്ചതെന്നാണ് വിശദീകരണം.
അതേസമയം, രക്ഷപ്പെട്ടവരില്‍ ഒമ്പത് ഈജിപ്റ്റുകാരെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമിച്ചതായും അത്തരത്തില്‍ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതായും മുസാബും അഹമ്മദും വെളിപ്പെടുത്തി. ഈജിപ്റ്റ് പൗരന്മാരെ കസ്റ്റഡിയിലെടുക്കുകയും ഇവര്‍ക്കെതിരെ നരഹത്യ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. കുറ്റരോപിതാരായ ഈജിപ്ഷ്യന്‍ പൗരന്മാര്‍ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും സഹയാത്രികര്‍ ഇവരെ തിരിച്ചറിഞ്ഞെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിശദീകരണം. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. സംഭവത്തില്‍ ഗ്രീക്ക് ക്രിമിനല്‍ സുപ്രീം കോടതിയിലെ ഡെപ്യൂട്ടി സ്പീക്കര്‍ അന്വേഷണം നടത്തുന്നുണ്ട്. ഒരു സ്വതന്ത്ര അന്വേഷണത്തിനായുള്ള യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനം ഗ്രീക്ക് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഗ്രീക്ക് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്.
750 തിലധികം അനധികൃത കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഏഷ്യന്‍— ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ടിലുണ്ടായിരുന്നതെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഈജിപ്റ്റ്, സിറിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പലസ്തീന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇവരെന്നാണ് വിവരം. ലിബിയയിലെ ടോബ്രൂക്കില്‍ നിന്ന് ജൂണ്‍ 10ന് പുറപ്പെട്ട ബോട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെടുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമെത്തിയ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് 104 പേരെ രക്ഷപ്പെടുത്തിയത്. 82 മൃതദേഹങ്ങളും പലയിടങ്ങളില്‍ നിന്നായി കണ്ടെത്തി.

eng­lish sum­ma­ry; Greek refugee boat dis­as­ter revealed to be premeditated
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.