
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള യുഎസ് പദ്ധതിയെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമത്തെ എതിർത്ത യൂറോപ്യൻ സഖ്യകക്ഷികൾക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഗ്രീന്‍ലാന്‍ഡിലേക്ക് നാറ്റോ സെെനിക വിന്യാസം നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള പദ്ധതികളെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി ചുമത്തുമെന്ന് പറഞ്ഞ ട്രംപ്, ഈ ആഴ്ച ഇത് രണ്ടാം തവണയാണ് തീരുവ ഭീഷണി ഉയർത്തുന്നത്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഗ്രാമീണ ആരോഗ്യ സംരക്ഷണ പരിപാടിയിൽ നടത്തിയ 45 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെയാണ് ഗ്രീന്‍ലാന്‍ഡ് വിഷയത്തിലും ട്രംപ് താരിഫ് ആശയം ഉന്നയിച്ചത്. മരുന്നുകളുടെ വിലനിർണയവുമായി ബന്ധപ്പെട്ട് യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ നേരത്തെ തന്നെ ട്രംപ് താരിഫ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഫ്രാൻസും ജർമ്മനിയും രുന്നുകൾക്ക് കൂടുതൽ പണം നൽകിയില്ലെങ്കിൽ 25% തീരുവ ചുമത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഡെൻമാർക്കിനോടും ഗ്രീൻലാൻഡിനോടും ഇതേ സമീപനം സ്വീകരിക്കാമെന്നും ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞു. താരിഫ് വര്‍ധിപ്പിച്ചാല്‍ ഏറ്റെടുക്കല്‍ കരാര്‍ വേഗത്തിലാകുമെന്നാണ് ട്രംപ് പറയുന്നത്.
ദ്വീപ് ഏറ്റെടുക്കുന്നതിനുള്ള യുഎസിന്റെ കരാർ ഉടനുണ്ടാകുമെന്ന് ഗ്രീൻലാൻഡിലേക്കുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി ജെഫ് ലാൻഡ്രി വ്യക്തമാക്കിയിരുന്നു. മാർച്ചിൽ ഗ്രീൻലാൻഡ് സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും ദ്വീപ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നുമാണ് ലാന്‍ഡ്രി വെളിപ്പെടുത്തിയത്. അതേസമയം, ഗ്രീൻലാൻഡിന്റെ അടിയന്തര തയ്യാറെടുപ്പിന് പിന്തുണ നൽകുമെന്ന് ഡെൻമാർക്ക് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും ഒരുമിച്ച നില്‍ക്കേണ്ടത് പ്രധാനമാണെന്ന് ഡാനിഷ് പൊതുസുരക്ഷാ മന്ത്രി ടോർസ്റ്റൺ ഷാക്ക് പെഡേർസൺ പറഞ്ഞു. ഗ്രീൻലാൻഡിൽ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന് ഡെൻമാർക്കിൽ നിന്നുള്ള പിന്തുണയെ സ്വാഗതം ചെയ്യുന്നതായി പരിസ്ഥിതി മന്ത്രി പീറ്റർ ബോർഗ് പ്രതികരിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് വൈസ് പ്രസിഡന്റ് വാൻസും ഗ്രീൻലാൻഡിലെയും ഡെൻമാർക്കിലെയും വിദേശകാര്യ മന്ത്രിമാരും തമ്മിൽ നടന്ന സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുപക്ഷവും തികച്ചും വ്യത്യസ്തമായ വിവരണങ്ങൾ നൽകിയത്. ഏറ്റെടുക്കൽ സംബന്ധിച്ച സാങ്കേതിക ചർച്ചകൾ തുടരാൻ ഡെൻമാർക്കിൽ നിന്നും ഗ്രീൻലാൻഡിൽ നിന്നുമുള്ള പ്രതിനിധി സംഘം സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അവകാശപ്പെട്ടു. എന്നാൽ ഡെൻമാർക്ക്, ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രിമാരായ ലാർസ് ലോക്കെ റാസ്മുസന്റെയും വിവിയൻ മോട്സ്ഫെൽഡിന്റെ പ്രതികരണം ലിവിറ്റിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായിരുന്നു. അത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. യൂറോപ്പിലെമ്പാടുമുള്ള അന്താരാഷ്ട്ര സൈന്യം ഗ്രീൻലാൻഡിൽ എത്തിത്തുടങ്ങിയതോടെ ഗ്രീൻലാൻഡിന്റെ പ്രതിരോധം നാറ്റോയ്ക്ക് പൊതുആശങ്കയാണെന്ന് ഡെന്റമാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.