9 December 2025, Tuesday

ജിഎസ്‌ടി മികച്ച തെരഞ്ഞെ‍ടുപ്പല്ല

Janayugom Webdesk
September 14, 2025 5:00 am

ദാരിദ്ര്യമാണ് രാജ്യത്തെ സാധാരണമായ അനുഭവം. ചുരുക്കം ചിലരിൽ ഒഴികെ ആരും അതിൽ നിന്ന് മുക്തരല്ല. ഒരു കുഞ്ഞ് പിറന്നു വീഴും മുതൽ വിശപ്പ് വേട്ടയാടാൻ തുടങ്ങും. കഷ്ടപ്പാടുകളുടെ ഇരുണ്ട നിഴലുകളിലൂടെയാണ് ജീവിതം നീങ്ങുന്നത്. വലിയൊരു വിഭാഗം ജനതയുടെയും ജീവിതം ദുരിതത്തിലാണ്. ഓരോ ഘട്ടത്തിലും ജീവനു നേരെ തന്നെ വെല്ലുവിളി ഉയരുന്നു. ഭയാനകമായ ഇത്തരം യാഥാർത്ഥ്യങ്ങൾക്കിടയിലും ജിഎസ്‌ടി അതിന്റെ നിരക്കുകൾ പരിഗണിക്കാതെ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. ഇതര ഘടനകളെ അപേക്ഷിച്ച് ഏറ്റവും മോശം നികുതി സംവിധാനമാണിത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ദരിദ്രർക്ക് അതിജീവിക്കാൻ ക്രമരഹിതമായ സംവിധാനങ്ങളിൽ അവസരങ്ങൾ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ, നികുതി ഒരു പ്രശ്നമായി മാറുന്നു. ഇത് ഫെഡറലിസത്തെയും ദുർബലപ്പെടുത്തുന്നു. വ്യത്യസ്തമായ പരോക്ഷ നികുതി വ്യവസ്ഥയ്ക്ക് വോട്ട് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല. കൂടാതെ, ജിഎസ്‌ടി ഒരു ലളിതമായ നികുതിയായി സങ്കല്പിക്കപ്പെട്ടിരുന്നു. പക്ഷേ നിലവിലായപ്പോൾ അതിന്റെ സങ്കീർണമായ നിരക്കുകളുടെയും വ്യവസ്ഥകളുടെയും കുഴപ്പം പ്രകടമായി.
അന്തിമഫലമോ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം
എസ്എംഇ) പൂർണമായ നാശമായിരുന്നു. നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ പ്രഭാവം വിനാശകരവുമാണ്. അവശ്യവസ്തുക്കളുടെ സ്ലാബുകളുടെ എണ്ണത്തിലും നിരക്കുകളിലും കുറവ് വരുത്തുന്നതിലൂടെ വിനാശകരമായ അനന്തരഫലങ്ങൾ പരിഹരിക്കാനാകില്ല. ആളുകൾക്ക് ആദായനികുതി ഒഴിവാക്കാൻ കഴിയും. പക്ഷേ ആർക്കും ജിഎസ്‌ടി ഒഴിവാക്കാൻ കഴിയില്ല. നിങ്ങൾ അതിസമ്പന്നനായാലും പരമ ദരിദ്രനായാലും നിങ്ങൾ അതേ നിരക്കിൽ പണം നൽകുന്നു. അതിസമ്പന്നരുടെ ഉപഭോഗം വരുമാനത്തിന്റെ അഞ്ച് മുതൽ 10% വരെയെന്നാണ് കണക്കുകൾ. ദരിദ്രരായ സാധാരണക്കാരാകട്ടെ മുഴുവൻ വരുമാനവും ഉപഭോഗത്തിനായി മാത്രം ചെലവഴിക്കേണ്ടി വരുന്നു. അധ്വാനിക്കുന്നയാൾ തന്നെ ഏറ്റവും ഉയർന്ന വില നൽകുന്നു.
വാസ്തവത്തിൽ, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾ പോലെ, പ്രതിശീർഷ വരുമാനം വളരെ ഉയർന്ന സ്ഥലങ്ങളിൽ മാത്രമേ ജിഎസ്‌ടി ഉപയോഗപ്രദമാകൂ. താഴ്ന്ന വരുമാനമുള്ള സമൂഹങ്ങൾക്ക് ഇത് പിന്നാക്കാവസ്ഥയാണ് സമ്മാനിക്കുന്നത്. ചരക്ക് സേവന നികുതി കൗൺസിൽ അതിന്റെ 56-ാമത് യോഗത്തിൽ പുതിയ ജിഎസ്‌ടി പരിഷ്കാരങ്ങൾ അംഗീകരിച്ചു. രണ്ടാണ് പ്രധാന മാറ്റങ്ങൾ. അഞ്ച് %, 12%, 18%, 28% എന്നീ നാല് സ്ലാബുകൾ രണ്ടായി കുറയ്ക്കുകയും പുതിയ 40% സ്ലാബ് അവതരിപ്പിക്കുകയും ചെയ്തു. പുനഃക്രമീകരണത്തിന്റെ ഫലമായി, പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന സെപ്റ്റംബർ 22 മുതൽ നിത്യോപയോഗ സാധനങ്ങളുടെ അന്തിമ വിലയിൽ മാറ്റം വരാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ, പുതിയ തീരുമാനങ്ങൾ പൊതുവായ ഉപയോഗത്തിലുള്ള വിവിധതരം സാധനങ്ങളുടെയും ഇനങ്ങളുടെയും ശ്രേണിയെ ബാധിക്കും. ജിഎസ്‌ടിയിലെ മാറ്റങ്ങളും അതിന്റെ സ്ലാബുകളുടെ പുനഃക്രമീകരണവും ആവശ്യം വർധിപ്പിക്കുമെന്നും അത് കൂടുതൽ ഉല്പാദനത്തിന് വഴിയൊരുക്കുമെന്നും അത് ഉപഭോഗത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമായി മാറുമെന്നും സർക്കാർ അവകാശപ്പെടുന്നു. ഇത് കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമായേക്കാം. അതുവഴി കൂടുതൽ ആളുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും പ്രത്യാശിക്കുന്നു.
കുറഞ്ഞ നിരക്കുകളുള്ള രണ്ട് സ്ലാബ് സംവിധാനത്തിലേക്കുള്ള ജിഎസ്‌ടി കൗൺസിലിന്റെ മാറ്റം പുരോഗമനപരമായി തോന്നാം. പക്ഷേ പ്രധാന മേഖലകളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നിഷേധിക്കുന്നത് കച്ചവടങ്ങളുടെയും ഒടുവിൽ ഉപഭോക്താക്കളിൽ എത്തുമ്പോൾ അവിടെയും ചെലവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ നൽകുന്ന ജിഎസ്‌ടിയാണ് ഐടിസി. അതുപോലെ, നികുതി നിരക്കുകൾ കുറയുമ്പോൾ വരുമാന പിരിവ് വർധിക്കുമെന്ന വാദവും മുഖവിലയ്ക്കെടുക്കാനാവില്ല. വാസ്തവത്തിൽ ഇത് വിചിത്രമായ കാര്യമാണ്. ജിഎസ്‌ടി തന്നെ കള്ളപ്പണ ഉല്പാദനം തടയുകയും നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും അതും സംഭവിച്ചിട്ടില്ല.
നേരിട്ടുള്ള നികുതിയും ജിഡിപിയും തമ്മിലുള്ള അനുപാതം കുത്തനെ ഉയരേണ്ടതായിരുന്നു, പക്ഷേ അതും സംഭവിച്ചിട്ടില്ല. നികുതി വെട്ടിക്കാൻ വ്യാജ കമ്പനികൾ പെരുകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപ്പെടുത്തലും സംരക്ഷണവാദ നീക്കങ്ങളും മൂലമുണ്ടാകുന്ന സമ്മർദത്തെ നേരിടാനാണ് സർക്കാർ ജിഎസ്‌ടി പരിഷ്കരണം അവതരിപ്പിച്ചതെന്ന് വ്യക്തമാണ്. അതിനാൽ, ഭാഗികമായി ജിഎസ്‌ടി പരിഷ്കരണം ആഗോളവൽക്കരണത്തോടും കയറ്റുമതിയോടുമുള്ള രാജ്യത്തിന്റെ സമീപനത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. ട്രംപിന്റെ ഭീഷണിപ്പെടുത്തലും സംരക്ഷണവാദ നീക്കങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ യുഎസ്എയിലേയ്ക്കുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ല. മറിച്ച് യൂറോപ്യൻ യൂണിയൻ വിപണിയെ ഇന്ത്യൻ കയറ്റുമതിക്ക് ബുദ്ധിമുട്ടുള്ള ഇടമാക്കി മാറ്റിയേക്കാം.
ഇറക്കുമതി കുറയുന്നതുമൂലം ഡിമാൻഡ് നഷ്ടപ്പെടുന്നത് നേരിടാൻ ജിഎസ്‌ടി നിരക്കുകൾ കുറയ്ക്കുന്നത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യമാണിത്. ജിഎസ്‌ടി ഒരു പരോക്ഷ നികുതിയാണ്, അതാകട്ടെ പിന്നോട്ടടിക്കുന്നതുമാണ്. നിരക്കുകളിൽ കുറവ് വരുത്തിയാൽ വില കുറയണമെങ്കിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറണം. ഇങ്ങനെ സംഭവിച്ചാൽ എല്ലാ ഉപഭോക്താക്കളിൽ നിന്നും ആവശ്യം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നടപ്പിലാക്കിയ ജിഎസ്‌ടി പരിഷ്കരണത്തിന് ഒരു പ്രശ്നമുണ്ട്. ജിഎസ്‌ടി വ്യവസ്ഥയുടെ ലളിതവൽക്കരണം അതിന്റെ ഘടനാപരമായ പരിഷ്കരണത്തിന് തുല്യമല്ല. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നിർണായകമായത് ജിഎസ്‌ടി ലളിതവൽക്കരണമല്ല, മറിച്ച് അതിന്റെ ഘടനാപരമായ പരിഷ്കരണമാണ്. കാരണം, ഇന്ത്യയിൽ അസംഘടിത മേഖലയുടെ പ്രകടമായ പരപ്പ് കണക്കിലെടുക്കണം. ഇത് സാധ്യമാകുന്നില്ലെങ്കിൽ ജിഎസ്‌ടിക്ക് അത് കൈകാര്യം ചെയ്യുക സങ്കീർണമാകും.
മറ്റൊരു പ്രധാന സമ്പദ്‌വ്യവസ്ഥയ്ക്കും ഇല്ലാത്ത ഒന്നാണിത്. ഇന്ത്യയുടെ അസംഘടിത മേഖലയിൽ ദാരിദ്ര്യം ആഴത്തിൽ വേരൂന്നിയതിനാൽ അതിന്റെ ഉല്പാദനത്തിനും ഉപഭോഗത്തിനും പ്രത്യേക സംരക്ഷണം ആവശ്യമാണ്. സംരക്ഷണത്തിന്റെ പേരിൽ, ഈ മേഖലയെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കുകയോ “കോമ്പോസിഷൻ സ്കീം” പ്രകാരം നാമമാത്രമായ നികുതി നൽകുകയോ ചെയ്യുന്നു. എന്നാൽ ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
ഉദാഹരണത്തിന്, അസംഘടിത മേഖലയിലെ ഉല്പാദകർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ലഭിക്കില്ല. അവരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അത് നൽകാനും കഴിയില്ല. തൽഫലമായി, അവരുടെ ഉല്പന്നങ്ങൾ സംഘടിത മേഖലയേക്കാൾ താരതമ്യേന ചെലവേറിയതായി മാറുന്നു. ഫലമോ അസംഘടിത മേഖലയിൽ നിന്ന് സംഘടിത മേഖലയിലേക്കുള്ള ആവശ്യകത മാറുന്നു. രാജ്യത്തെ മൊത്തം യൂണിറ്റുകളുടെ പത്ത് ശതമാനത്തിൽ താഴെയാണ് സംഘടിത മേഖലയിലെ കമ്പനികളുടെ പങ്ക്. ജിഎസ്‌ടി നിരക്കുകൾ കുറച്ചതിന്റെ ഗുണം ലഭിക്കുന്നത് ഈ യൂണിറ്റുകൾക്കാണ്. രാജ്യത്തെ മൊത്തം യൂണിറ്റുകളുടെ 90 ശതമാനവും വരുന്ന അസംഘടിത മേഖല യൂണിറ്റുകൾ കുറയുന്നില്ല. അതുപോലെ, അസംഘടിത മേഖലകളുടെ ഉല്പന്നങ്ങൾക്കും ആനുകൂല്യം ലഭിക്കില്ല. നേട്ടം സമ്പന്നർക്കും അതിസമ്പന്നരിലും കേന്ദ്രീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.