
അവശ്യസാധനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ‍്ടി) നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഇ‑കൊമേഴ‍്സ് പ്ലാറ്റ്ഫോമുകള്‍ കൈമാറുന്നുണ്ടോ എന്ന് നരീക്ഷിച്ചുവരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ചില പ്ലാറ്റ്ഫോമുകള്‍ അവശ്യവസ്തുക്കളുടെ വിലയില്‍ ആനുപാതിക കുറവ് വരുത്തുന്നില്ലെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വില മാറ്റങ്ങള്‍ താഴേത്തട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. ഈ മാസം 30ന് മുമ്പ് അവരുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പറഞ്ഞു.
ഈ മാസം 22 മുതല്‍ ജിഎസ്‍ടി പരിഷ്കരണ നികുതി പ്രാബല്യത്തിലായതോടെ നികുതി ഘടന അഞ്ച്, 18 എന്നീ രണ്ട് സ്ലാബിലായി. നേരത്തെ അഞ്ച്, 12, 18, 28 ശതമാനം നിരക്കുകളായിരുന്നു. പരിഷ‍്കരണത്തിലൂടെോ നിത്യോപയോഗ സാധനങ്ങളില്‍ 99 ശതമാനത്തിന്റെയും വില കുറച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിവിധ കമ്പനികള്‍ മുന്നോട്ട് വന്ന് വില കുറച്ച് നികുതി ഇളവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
സാധാരണ ഉപയോഗിക്കുന്ന 54 നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ മാറ്റങ്ങളെ കുറിച്ച് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രാലയം ഈമാസം ഒന്‍പതിന് കേന്ദ്ര ജിഎസ‍്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് കത്തെഴുതിയിരുന്നു. ബ്രാന്‍ഡ് തിരിച്ചുള്ള ഈ ഉല്പന്നങ്ങളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയുടെ താരതമ്യം സംബന്ധിച്ച വിശദാംശങ്ങളുള്ള റിപ്പോര്‍ട്ട് ഈമാസം 30ന് മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസിന് സമര്‍പ്പിക്കണം.
54 ഇനങ്ങളുടെ പട്ടികയില്‍ വെണ്ണ, ഷാംപൂ, ടൂത്ത് പേസ്റ്റ്, തക്കാളി കെച്ചപ്പ്, ജാം, ഐസ്ക്രീം, എസി, ടിവി, രോഗ പരിശോധനാ കിറ്റുകള്‍, ഗ്ലൂൂക്കോമീറ്റര്‍, ബാന്‍ഡേജുകള്‍, തെര്‍മോമീറ്റര്‍, ഇറേസറുകള്‍, ക്രയോണുകള്‍, സിമന്റ് എന്നിവ ഉള്‍പ്പെടുന്നു. പല സൂപ്പര്‍മാര്‍ക്കറ്റുകളും വിലക്കിഴിവ് നല്‍കിത്തുടങ്ങിയില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.