18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024
April 13, 2024

ജിഎസ്ടി നികുതി വെട്ടിപ്പ്: ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെതിരെ നടപടി

Janayugom Webdesk
കോഴിക്കോട്
December 5, 2023 9:49 pm

കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനി ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടി. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കാസർകോട് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. എംഎൽഎം രീതിയിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. 

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കമ്പനി ഡയരക്ടർ കെ ഡി പ്രതാപനെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നെരുവിശേരി ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ നികുതി ബാധ്യത കമ്പനിയ്ക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും വ്യക്തമായി. 

നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും തൃശൂരിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ നികുതിവെട്ടിപ്പ് കേസാണ് ഇതെന്നും എംഎൽഎമ്മിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന ഹൈറിച്ച് ഉൾപ്പെടെയുള്ള കമ്പനികളെക്കുറിച്ചും നേരത്തെ തന്നെ അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നുവെന്നും മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്ന ഹൈറിച്ച് കമ്പനിയുടെ വിറ്റുവരവ് ഇതിലും വലുതാണെന്നും വളരെ ഗൗരവപൂർണമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവണമെന്നും ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ സി സതീശൻ പറഞ്ഞു.
——————

പലവ്യജ്ഞനം തുടങ്ങി സിനിമാ നിർമ്മാണം വരെ

കോഴിക്കോട്: കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.
റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്.
ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്. നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: GST Tax Eva­sion: Action Against High­rich Online Shop

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.