ഗള്‍ഫ് കുടിയേറ്റത്തില്‍ മുക്കാല്‍ നൂറ്റാണ്ടോളമായി കേരളം കൈവശം വച്ചിരുന്ന കുത്തക ഇല്ലാതാകുന്നു. യുപി കേരളത്തെ പിന്നിലാക്കി. കേരളത്തിന്റെ നിലവിലെ രണ്ടാം സ്ഥാനം വൈകാതെ തന്നെ മഹാരാഷ്ട്രയോ ബിഹാറോ തട്ടിയെടുത്തേക്കാം. ലോകമെമ്പാടുമുള്ള 3.4 കോടി പ്രവാസികളില്‍ 2.1 കോടിയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാരായിരുന്നുവെന്നാണ് 10 വര്‍ഷം മുമ്പുള്ള കണക്ക്. ഇവരില്‍ 66 ലക്ഷവും മലയാളികളായിരുന്നു. യുഎഇ ഉടലെടുക്കുന്നതിന് മുമ്പുള്ള ട്രൂഷ്യല്‍ സ്റ്റേറ്റ്സിലെ ദുബായ്, ഒമാന്‍ തലസ്ഥാനമായ മസ്കറ്റ് എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി പത്തേമാരികളിലെത്തുന്നവരുടെ പ്രവാഹമായിരുന്നു. പത്തുവര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനമിറങ്ങുന്ന തൊഴിലാര്‍ത്ഥികളില്‍ 73 ശതമാനവും മലയാളികളായിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും ഗള്‍ഫിലേക്കെത്തുന്ന ഇന്ത്യാക്കാരില്‍ പകുതിയിലേറെ യുപിക്കാരാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഖത്തറിലെ പൊതുപ്രവര്‍ത്തകനും ലോക കേരളസഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ‘ജനയുഗ’ത്തോട് പറഞ്ഞു.
രണ്ട് കോടിയില്‍പരം ജനസംഖ്യയുള്ള യുഎഇയില്‍ അടുത്തകാലം വരെ 30 ലക്ഷം ഇന്ത്യാക്കാരും അവരില്‍ 16 ലക്ഷം മലയാളികളുമുണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് യുഎഇയിലെ ആകെ മലയാളികള്‍ 7.73 ലക്ഷം. സൗദി അറേബ്യയിലെ മലയാളി സാന്നിധ്യം 18.6 ലക്ഷമായിരുന്നത് കേവലം 6.34 ലക്ഷമായി. കുവൈറ്റില്‍ തദ്ദേശീയ ജനസംഖ്യയുടെ 30 ശതമാനം മലയാളികളായിരുന്നത് ഇപ്പോള്‍ വെറും 6.81 ലക്ഷമായി. ഒമാനിലും ബഹ്റിനിലും ഇതുതന്നെ സ്ഥിതി. ഖത്തര്‍ മാത്രമാണ് ഇതിനപവാദം. ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച് രാജ്യമാസകലം വന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ അവിടേക്ക് കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഖത്തറിലെ പ്രവാസി മലയാളി ജനസംഖ്യ ഇപ്പോള്‍ 4.45 ലക്ഷമാണ്.
ഗള്‍ഫ് മലയാളി കുടിയേറ്റത്തിലെ തകര്‍ച്ച സംസ്ഥാന സമ്പദ്ഘടനയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് 49,965 കോടി രൂപയാണ് മലയാളികള്‍ നാട്ടിലേക്ക് അയച്ചത്. 2018 ആയപ്പോള്‍ അത് രണ്ട് ലക്ഷം കോടി രൂപയായി കുതിച്ചുകയറി. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അത് ഒരു ലക്ഷത്തോളം കോടിയായി നിപതിച്ചു. ഇത് സംസ്ഥാന സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതം ചില്ലറയല്ലെന്നാണ് മാനുഷിക വിഭവശേഷി വിദഗ്ധര്‍ പറയുന്നത്. എണ്ണ വിലത്തകര്‍ച്ച, സാമ്പത്തികമാന്ദ്യം, കോവിഡ് എന്നീ ഘടകങ്ങളാണ് തൊഴില്‍രഹിതരായ മലയാളികളുടെ കൊഴിഞ്ഞുപോക്കിന് വഴിമരുന്നിട്ടതെന്ന് അബ്ദുല്‍ റഊഫ് പറയുന്നു.
തൊഴിലാളി വിഭാഗങ്ങളെ ഗള്‍ഫിലേക്ക് അയയ്ക്കുന്ന ഇന്ത്യയിലെ 50 ജില്ലകളില്‍ ആദ്യത്തെ 21 എണ്ണവും യുപിയില്‍ നിന്നാണ്. ആറു ജില്ലകള്‍ ബിഹാറില്‍ നിന്നും. അതായത് കേരളത്തിലെ പഴയ ഗള്‍ഫ് ഗ്രാമങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ അവ ഉത്തരേന്ത്യയില്‍ പുനര്‍ജനിക്കുന്നുവെന്ന് ചുരുക്കം. ഇതനുസരിച്ച് ഉത്തരേന്ത്യയില്‍ പാസ്പോര്‍ട്ട് ഓഫീസുകളുടെ സംഖ്യയിലും വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയ, ജപ്പാന്‍, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതും ഗള്‍ഫ് കുടിയേറ്റത്തെ സാരമായി ബാധിച്ചു. അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പണമടയ്ക്കുന്നവരുടെ പട്ടികയില്‍ പതിറ്റാണ്ടുകളായി മലയാളി പ്രവാസികള്‍ നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തുകഴിഞ്ഞുവെന്നതും ആശങ്കാജനകമായ സംഭവവികാസമായി.
English Summary: Gulf migration is on the decline
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.