19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപിയെ കടന്നാക്രമിച്ച് ഗള്‍ഫ് രാജകുമാരി

കെ രംഗനാഥ്
തിരുവനന്തപുരം
April 3, 2022 10:23 pm

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും വിദ്വേഷ്‌പ്രചാരണത്തിനുമെതിരെ ആ­ഞ്ഞടിച്ച് യുഎഇയില്‍ ഷാര്‍ജയിലെ രാജകുമാരി ഹിന്ദ് ബിന്റ് ഫെെസല്‍ അല്‍ ‍ഖാസിമി. കര്‍ണാടകയിലെ ക്ഷേത്ര പരിസരങ്ങളില്‍ മുസ്‌ലിങ്ങള്‍ കച്ചവടം നടത്തുന്നത് തീവ്രഹിന്ദുത്വവാദി സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഷാര്‍ജാ ഭരണാധികാരി സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പുത്രിയായ രാജകുമാരിയുടെ വിമര്‍ശനം.

ഇതിനുപിന്നാലെ രാജകുമാരിക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി സെെബര്‍ ഇടങ്ങളില്‍ അഴിഞ്ഞാടിയതോടെ ഗള്‍ഫിലെ ഹിന്ദുക്കളായ പ്രവാസികള്‍ കടുത്ത ആശങ്കയിലായി. യുഎഇയില്‍ ഏറ്റവുമധികം മലയാളികള്‍ തൊഴിലെടുക്കുന്ന രാജ്യമാണ് ഷാര്‍ജ. ‘മുസ്‌ലിം രാജ്യങ്ങളിലും ഹിന്ദുക്കള്‍ പള്ളികള്‍ക്കു സമീപം കച്ചവടം നടത്തുന്നുണ്ട്. ഇവരെയൊന്നും മുസ്‌ലിം ഭരണകൂടങ്ങള്‍ വിലക്കുന്നില്ല’ എന്ന് ഖാസിമി രാജകുമാരി ഓര്‍മ്മിപ്പിച്ചു. രാജകുമാരിയെ വംശീയമായും സ്വകാര്യ ജീവിതത്തെയും അധിക്ഷേപിച്ച് ബിജെപി നേതാക്കളടക്കമുള്ള സംഘപരിവാര്‍ അണികള്‍ രാജകുമാരിയുടെ ഫേസ്ബുക്കുകളില്‍ പോസ്റ്റുകളിട്ടത് ഗള്‍ഫ് നാടുകളിലാകെ രോഷാഗ്നി പടര്‍ത്തുന്നു. സഹിഷ്ണുതയ്ക്ക് ഒരു പ്രത്യേക വകുപ്പു തന്നെയുള്ള യുഎഇ സര്‍ക്കാര്‍ സഹിഷ്ണുത വെടിഞ്ഞ് തിരിച്ചടിച്ചാല്‍ പതിനായിരക്കണക്കിന് ഹിന്ദു പ്രവാസികളെയായിരിക്കും നാടുകടത്തുക. ബിജെപിക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം നല്കരുതെന്നും ദേശദ്രോഹവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബിജെപിക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെടുന്ന ഒരു പ്രമേയം കുവെെറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്.

വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്‌ദള്‍, ശ്രീരാമസേന തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യമനുസരിച്ചായിരുന്നു കര്‍ണാടകയിലെ ക്ഷേത്ര പരിസരങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് കച്ചവടവിലക്ക് ഏര്‍പ്പെടുത്തിയതും. മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രമായ ഹിജാബിനു നിരോധനം ഏര്‍പ്പെടുത്തിയതിനു തുടക്കം കുറിച്ചതും കര്‍ണാടകയില്‍ നിന്നായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഷാര്‍ജാ രാജകുമാരിയുടെ പ്രതിഷേധ ട്വീറ്റ്. ലോകത്തെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇതിനെതിരെ തിരിച്ചടിച്ചാല്‍ എന്താകും സ്ഥിതിയെന്ന് രാജകുമാരി കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചോദിക്കുന്നു. ഇന്തോനേഷ്യയില്‍ 4.48 കോടി, മലേഷ്യയില്‍ 2.04 കോടി, യുഎഇയില്‍ 9.1 ലക്ഷം, ഖത്തറില്‍ 3.6 ലക്ഷം, ബഹ്റെെനില്‍ 2.4 ലക്ഷം, കുവെെറ്റില്‍ 6.3 ലക്ഷം, ഒമാനില്‍ 6.5 ലക്ഷം, സൗദി അറേബ്യയില്‍ 3.7 ലക്ഷം എന്നിങ്ങനെയാണ് ഹിന്ദുക്കളുടെ കണക്ക്. സ്ഥിതി ഇതായിരിക്കെ ഇന്ത്യയില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷ പ്രവര്‍ത്തനം നടത്തുന്നതിനെയും ഖാസിമി രാജകുമാരി വിമര്‍ശിക്കുന്നു. മുസ്‌ലിം വിരുദ്ധ വിദ്വേഷവും വംശീയാധിക്ഷേപവും നടത്തുന്നവരെ പിഴ ചുമത്തി നാടുകടത്തുമെന്നും രാജകുമാരി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഈ പ്രതിഷേധത്തിനെതിരെ ന്യായമായും നിശബ്ദതപാലിക്കുന്നതിനുപകരം മലയാളികളടക്കമുള്ള സംഘപരിവാര്‍ പ്രവാസികള്‍ രാജകുമാരിയെയും ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകളുടെ പ്രവാഹം തന്നെ സംഘടിപ്പിച്ചത് ഗള്‍ഫ് ഭരണകൂടങ്ങളെ പ്രകോപിപ്പിക്കുന്നു. ലോകത്ത് കൊറോണ പരത്തിയത് മുസ്‌ലിങ്ങളാണെന്ന അധിക്ഷേപം പോലും രാജകുമാരിയുടെ പോസ്റ്റിനുതാഴെ സംഘപരിവാര്‍ വര്‍ഗീയവാദികള്‍ നടത്തിയിരിക്കുന്നത്.

യുഎഇ ഭരണകൂടത്തിനും മുസ്‌ലിം സമൂഹത്തിനുമെതിരെ സംഘപരിവാര്‍ നടത്തുന്ന വംശീയാക്രമണത്തിനു തടയിടണമെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് കത്തുകളെഴുതിയിട്ടും ഒരു നടപടിയുമില്ലാതെ പിന്‍തിരിഞ്ഞു നില്പാണ് മോഡി ഭരണകൂടമെന്ന ആക്ഷേപവുമുണ്ട്.

Eng­lish Sum­ma­ry: Gulf princess against BJP on Hijab Row

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.