21 January 2026, Wednesday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

ഓണത്തെ വരവേൽക്കാൻ ഗുണ്ടൽപേട്ടിൽ പൂക്കാലമൊരുങ്ങി

കെ കെ ജയേഷ് 
കോഴിക്കോട്
August 14, 2025 9:28 pm

ഓണത്തെ വരവേൽക്കാൻ കർണാടകയിലെ ഗുണ്ടൽപേട്ടിൽ പൂക്കാലമൊരുങ്ങി. വയനാട് അതിർത്തി പിന്നിട്ടാൽ പിന്നെയെങ്ങും പൂക്കളുടെ വസന്തമാണ്. കേരളത്തിലെ ഓണവിപണിയ്ക്കായി കർണാടകയിലെ പൂപ്പാടങ്ങളിൽ ചെണ്ടുമല്ലിയും വാടാർമല്ലിയുമെല്ലാം പൂവിട്ടു നിൽക്കുന്നു. ഓണക്കാലമാണ് ഗുണ്ടൽപേട്ടിലെ കർഷകരുടെ പ്രതീക്ഷാക്കാലം. നിലവിൽ കിലോയ്ക്ക് ഏഴ് രൂപയ്ക്ക് വില്‍ക്കുന്ന പൂക്കൾക്ക് ഓണം അടുക്കുന്നതോടെ മുപ്പത് രൂപയെങ്കിലും ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വൻകിട എണ്ണക്കമ്പനികളും പെയിന്റ് കമ്പനികളും കുരുക്കുന്ന വലയിൽ അകപ്പെട്ട കർഷകർക്ക് പലപ്പോഴും അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാറില്ല. തമിഴ് നാട്ടിലെയും കർണാടകത്തിലെയും പെയിന്റ് കമ്പനികളാണ് പ്രധാനമായും ഇവിടെ നിന്ന് പൂക്കൾ വാങ്ങുന്നത്. ഇതിനുള്ള വിത്തും വളവുമെല്ലാം കമ്പനികളാണ് നൽകുക. പ്രയാസത്തിൽ കഴിയുന്ന കർഷകർക്ക് പക്ഷേ ഓണക്കാലം ആശ്വാസമാണ്. കേരളത്തിലേക്ക് പൂക്കൾ കയറ്റിപ്പോകുമ്പോൾ തരക്കേടില്ലാത്ത വരുമാനം ലഭിക്കുമെന്ന് ഇവർ പറയുന്നു. 

മേയ് മാസത്തിൽ കൃഷിയിറക്കിയ സൂര്യകാന്തിയുടെ കാലമായിരുന്നു ഇതുവരെ. ഈ മാസം പകുതി വരെ പൂത്തു നിന്ന സൂര്യകാന്തികൾ മറ്റ് പൂക്കൾക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. ഏക്കറു കണക്കിന് സ്ഥലത്തായിരുന്നു ഇത്തവണ സൂര്യകാന്തി കൃഷി ചെയ്തത്. കാലാവസ്ഥ ചതിക്കാത്തതുകൊണ്ട് തരക്കേടില്ലാത്ത വിളവ് ലഭിച്ചുവെന്ന് കർഷകർ പറയുന്നു. ഇരുപത് ദിവസം കൊണ്ട് സൂര്യകാന്തി വിളവെടുക്കാനാവുമെന്ന് കന്യഗാല ഊരിലെ ശിവകുമാർ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് സൂര്യകാന്തി കൃഷി ചെയ്യുകയാണ് പത്തൊൻപതുകാരനായ ശിവകുമാർ. ഒരു ഏക്കറിൽ നിന്ന് അഞ്ച് ക്വിന്റലോളം വിളവ് ലഭിക്കും. ജോലിക്കാർക്ക് അറുന്നൂറ് രൂപയാണ് കൂലിയെന്നും ഇദ്ദേഹം പറയുന്നു. 

സൂര്യകാന്തിയുടെയും മറ്റ് പൂക്കളുടെയും പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാൻ എത്തുന്നവർ നൽകുന്ന പണവും കർഷകർക്ക് ഒരു വരുമാന മാർഗമാണ്. വൻകിട എണ്ണ കമ്പനികളാണ് സൂര്യകാന്തി വാങ്ങുന്നത്. ഇതിനായുള്ള വിത്തെല്ലാം കമ്പനികൾ കർഷകർക്ക് നൽകും. 2400 രൂപയോളം വില വരുന്ന അഞ്ചു കിലോ പാക്കറ്റ് ഒരു ഏക്കറിലേക്ക് തികയും. ഇതിൽ നിന്ന് അഞ്ച് ക്വിന്റൽ വരെ എണ്ണക്കുരു ഉല്പാദിപ്പിക്കാനാവും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വലിയ സർക്കാർ സൗജന്യമൊന്നും ഇപ്പോൾ കർഷകർക്ക് ലഭിക്കാറില്ല. നാല് മാസം കൂടുമ്പോൾ സര്‍ക്കാരിൽ നിന്ന് രണ്ടായിരം രൂപ ലഭിക്കുമെന്ന് കർഷകനായ ശിവ പറഞ്ഞു. 

ശിവയുടെ സഹോദരന്റെ സ്ഥലമാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. കേരളത്തിലെ വിലയ്ക്കനുസരിച്ചാണ് ഓണക്കാലത്ത് പൂക്കളുടെ വിലയെന്ന് ശിവ വ്യക്തമാക്കി. ഓണക്കാലത്ത് കൂലി കൂടുതൽ കിട്ടുമെന്നത് സന്തോഷമാണെന്ന് ഗോപാൽപുരയിലെ ശിവമ്മ പറഞ്ഞു. ഓണസമയത്ത് പൂ പറിക്കാൻ പോയാൽ അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കും. മറ്റ് സമയങ്ങളിൽ ചെറുപയർ, മുതിര, കോളിഫ്ളവർ, സൂര്യകാന്തി എന്നിവയുടെല്ലാം കൃഷിക്ക് പോവുമെന്നും ഇവർ പറഞ്ഞു. ഇനിയുള്ള നാളുകളിൽ കേരളത്തിന് വേണ്ടിയാണ് ഗുണ്ടൽപേട്ടിലെ പൂക്കാലം. ഓണപ്പൂക്കളമിടാൻ ചെണ്ടുമല്ലിയും വാടാർമല്ലിയുമെല്ലാം അതിർത്തി കടക്കുമ്പോൾ കർഷകരുടെ മുഖത്തും സന്തോഷം നിറയും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.