
ആസ്റ്റണ്‍ വില്ലയെ ഗോളില്‍ മുക്കി ആഴ്സണലിന്റെ കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം. രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. 48-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹേസ് നേടിയ ഗോളില്‍ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് കളത്തില്‍ ആഴ്സണല്‍ മയമായിരുന്നു കണ്ടത്. 52-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡി, 69-ാം മിനിറ്റില്‍ ലിയാന്‍ഡ്രൊ ട്രൊസാര്‍ഡ്, 78-ാം മിനിറ്റില്‍ ഗബ്രിേല്‍ ജെസ്യൂസ് എന്നിവരാണ് ഗണ്ണേഴ്സിനായി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഒലി വാറ്റ്കിന്‍സ് ആസ്റ്റണ്‍ വില്ലയ്ക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി.
19 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുമായി ആഴ്സണലാണ് തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ തൊട്ടുപിന്നിലുണ്ട്. 39 പോയിന്റുമായി വില്ലയാണ് മൂന്നാമത്. ചെല്‍സി-ബേണ്‍മൗത്ത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-വോള്‍വ്സ്, വെസ്റ്റ് ഹാം-ബ്രൈറ്റണ്‍ എന്നീ മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ചെല്‍സിയും ബേണ്‍മൗത്തും തമ്മിലുള്ള മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും പിറന്നു. ആറാം മിനിറ്റില്‍ ഡേവിഡ് ബ്രൂക്ക്സ് നേടിയ ഗോളില്‍ ബേണ്‍മൗത്താണ് ആദ്യം മുന്നിലെത്തിയത്. 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കോള്‍ പാള്‍മര്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. 23-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയെ മുന്നിലെത്തിച്ചെങ്കിലും അധികനേരം ഈ ലീഡ് നിലനിന്നില്ല. 27-ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട് ബേണ്‍മൗത്തിന് സമനില ഗോള്‍ സമ്മാനിച്ചു. 30 പോയിന്റോടെ ചെല്‍സി അഞ്ചാമതും ബേണ്‍മൗത്ത് 15-ാമതുമാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-വോള്‍വ്സ് മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. യുണൈറ്റഡിനായി ജോഷ്വ സിര്‍ക്സിയും (27), വോള്‍വ്സിനായി ലഡിസാവ് ക്രെജിസി (45) യും ഗോള്‍ നേടി. 30 പോയിന്റുമായി യുണൈറ്റഡ് ആറാമതും ഇതുവരെ വിജയം കണ്ടെത്താനാകാത്ത വോള്‍വ്സ് അവസാന സ്ഥാനത്തുമാണ്. വെസ്റ്റ് ഹാമും ബ്രൈറ്റണും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബ്രൈറ്റണ്‍ 14-ാമതും വെസ്റ്റ് ഹാം 18-ാമതുമാണ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണ്‍ പരാജയപ്പെടുത്തി. ജെയിംസ് ഗാര്‍ണര്‍ (19), തിര്‍നോ ബാരി (79) എന്നിവരാണ് സ്കോറര്‍മാര്‍. എവര്‍ട്ടണ്‍ എട്ടാമതും നോട്ടിങ്ഹാം 17-ാമതുമാണ്. ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡ് തോല്പിച്ചു. ജോലിന്റണ്‍, യോവാനെ വിസ, ബ്രൂണോ ഗുയിമറെയ്സ് എന്നിവരാണ് ന്യൂകാസിലിന്റെ സ്കോറര്‍മാര്‍. 26 പോയിന്റുമായി 10-ാം സ്ഥാനക്കാരാണ് ന്യൂകാസില്‍. 12 പോയിന്റുമായി ബേണ്‍ലി 19-ാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.