
വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്‍മാന്‍ ഹാദിയുടെ ശവസംസ്കാര ചടങ്ങിനു പിന്നാലെ ധാക്കയില്‍ സംഘര്‍ഷം രൂക്ഷമായി. ദിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം രാജ്യത്തുടനീളം വലിയതോതില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് ഇടക്കാല സര്‍ക്കാരിന് ഹാദിയുടെ അനുയായികള്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് ധാക്കയില്‍ വച്ചായിരുന്നു ഹാദിയുടെ സംസ്കാര ചടങ്ങുകള്‍. വന്‍ജനാവലിയാണ് പ്രാര്‍ത്ഥനാ ചടങ്ങിന്റെ ഭാഗമായത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം, ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് സമീപം ഹാദിയെ അടക്കം ചെയ്തു. ഇങ്ക്വിലാബ് മോഞ്ചോയുടെ നിർദ്ദേശപ്രകാരം, ശവസംസ്കാര പ്രാർത്ഥനാ ചടങ്ങിൽ ബംഗ്ലാദേശ് ദേശീയ പതാക മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളു.
ശവസംസ്കാര പ്രാർത്ഥനകൾക്ക് മുന്നോടിയായി, പാർലമെന്റ് മന്ദിരത്തിലും ധാക്കയിലുടനീളമുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലും ബംഗ്ലാദേശ് ഗാർഡ് ബോർഡര്‍ സേനാംഗങ്ങളെയും പൊലീസിനെയും വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്‌ത ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്, ഹാദിയുടെ ക്രൂരമായ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊലയാളികളോട് “ഒരു ദാക്ഷിണ്യവും കാണിക്കില്ല” എന്നാണ് യൂനിസിന്റെ പ്രഖ്യാപനം.
അതേസമയം, ഹാദിയുടെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങള്‍ അതിർത്തി കടക്കാൻ സാധ്യതയെന്ന് വിലയിരുത്തലില്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഹാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അതിർത്തി സുരക്ഷ ശക്തമാക്കിയത്. ഇന്ത്യൻ ഹൈകമ്മിഷനുകൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുവജന സംഘടനകളേയും വിദ്യാർഥികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ ദേശിയവാദ, ഇന്ത്യാ വിരുദ്ധ നിലപാടുകൾ പ്രകടിപ്പിച്ച നേതാവാണ് ഹാദി.
കഴിഞ്ഞ ദിവസം, ഹാദിയുടെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക സംഘർഷമാണുണ്ടായത്. ചാട്ടോഗ്രാമിലെ അസിസ്റ്റന്റ് ഇന്ത്യൻ ഹൈക്കമ്മിഷണറുടെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇഷ്‌ടികകളും കല്ലുകളും എറിഞ്ഞ് ആക്രമിച്ചു. പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. 12 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഉദിച്ചി ശിൽപിഗോഷ്‌ടിയുടെ പ്രധാന ഓഫിസിനും പ്രതിഷേധക്കാർ തീയിട്ടതായി സംഘടനയുടെ ജനറൽ സെക്രട്ടറി ജംഷെഡ് അൻവർ പറഞ്ഞു. ഹാദിയുടെ അക്രമികൾ കൊലപാതകം നടത്തിയ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്‌തുവെന്ന് ആരോപിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധം. ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അതേസമയം, ഹാദിയുടെ കൊലപാതകത്തിൽ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു. ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷമായും സമഗ്രമായും സുതാര്യമായും അന്വേഷണം നടത്താനും ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടിയെടുക്കാനും ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.