
മിനായിൽ തീർഥാടകരുടെ രാപാർപ്പോടെ ഈ വർഷത്തെ ഹജ്ജിന് തുടക്കം. 160 രാജ്യങ്ങളിൽനിന്നായി 18 ലക്ഷത്തോളം തീർഥാടകർഇന്ന് അറഫ മൈതാനിയിൽ സംഗമിക്കും. ഇന്നലെ പകലോടെ മഴുവൻ തീർഥാടകരും മിനായിൽ എത്തി. ഇവിടെനിന്ന് സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലർച്ചെ അറഫ സംഗമത്തിനായി നീങ്ങും. മലയാളികളടക്കം ഇന്ത്യയിൽനിന്നെത്തിയ 1,22,422 തീർഥാടകരെ രാവിലെ മിനായിൽ എത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീർഥാടകരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തി.
107 ഹജ്ജ് ഇൻസ്‌പെക്ടർമാരും തീർഥാടകരെ അനുഗമിക്കുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയിൽ എത്തിക്കും. മൂന്നുപേർ മരിച്ചു.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴം പകൽ നമിറാ പള്ളിയിൽ പ്രഭാഷണത്തോടെ തുടങ്ങും. മലയാളമുൾപ്പടെ നിരവധി ഭാഷകളിൽ തത്സമയ വിവർത്തനം ലഭ്യമാകും.
ഹജ്ജ് വേളയിൽ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. ഉച്ചമുതൽ സൂര്യാസ്തമയം വരെയാണ് സംഗമം.അറഫയിൽ ളുഹർ, അസർ നമസ്‌കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്‌കരിക്കുന്ന തീർഥാടകർ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലർച്ചെ മിനായിൽ തിരിച്ചെത്തും. അവിടെ ജംറയിൽ കല്ലേറു കർമം നിർവഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും. വെള്ളി ഗൾഫിൽ ബലിപെരുന്നാളാണ്. തീർഥാടകർ തുടർന്നുള്ള രണ്ടു ദിവസംകൂടി മിനായിൽ ചെലവിട്ട് ബാക്കി കർമങ്ങൾ പൂർത്തിയാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.