23 January 2026, Friday

Related news

January 8, 2026
December 29, 2025
December 19, 2025
December 15, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 26, 2025
November 21, 2025

സച്ചിന്‍ ബേബിക്കും സല്‍മാന്‍ നിസാറിനും അര്‍ദ്ധ സെഞ്ച്വറി; കേരളത്തിന് 178 റണ്‍സിന്റെ ലീഡ്

Janayugom Webdesk
തിരുവനന്തപുരം
November 7, 2024 7:11 pm

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന് എതിരെ കേരളം മികച്ച സ്‌കോറിലേക്ക്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സിന്റെ ലീഡ്. ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കേരളം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെന്ന നിലയിലാണ്. 165 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 83 റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ 155 പന്തില്‍ നിന്ന് 74 റണ്‍സുമായി സല്‍മാന്‍ നിസാറും 11 റണ്‍സുമായി മുഹമ്മദ് അസറുദീനുമാണ് ക്രീസില്‍. എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് സല്‍മാന്റെ ഇന്നിങ്‌സ്.

രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് ബി. അപരാജിത്, സര്‍വതെ, സച്ചിന്‍ബേബി, അക്ഷയ് ചന്ദ്രന്‍, സക്‌സേന എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. രണ്ടാം ദിനം 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് ബി. അപരാജിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സാണ് അപരാജിത് കരസ്ഥമാക്കിയത്. തുടര്‍ന്ന് സ്‌കോര്‍ 105ല്‍ എത്തിയപ്പോള്‍ ആദിത്യ സര്‍വതെയും പുറത്തായി. ശിവം ശര്‍മയാണ് ഇരുവരെയും പുറത്താക്കിയത്.

പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച സച്ചിന്‍ ബേബി- അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 142 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 165 ല്‍ എത്തിയപ്പോള്‍ അക്ഷയ് ചന്ദ്രനെ സൗരഭ് കുമാര്‍ ആര്യന്‍ ജുയലിന്റെ കൈകളിലെത്തിച്ചു പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ സല്‍മാന്‍ നിസാറും മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോള്‍ കേരളം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 99 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ശിവം മാവിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ക്രീസിലെത്തിയ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് സല്‍മാന്‍ ബാറ്റിങ് ശക്തിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് നേടി. സ്‌കോര്‍ 326 ല്‍ എത്തിയപ്പോള്‍ സക്‌സേനയെ പീയുഷ് ചൗള പുറത്താക്കി. 77 പന്ത്് നേരിട്ട സക്‌സേന രണ്ട് ഫോര്‍ ഉള്‍പ്പെടെ 35 റണ്‍സ് നേടി. ഉത്തര്‍പ്രദേശിനായി ശിവം മാവിയും ശിവം ശര്‍മ്മയും രണ്ട് വിക്കറ്റ് വീതവും സൗരഭ്, ആക്വിക് ഖാന്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.