22 December 2024, Sunday
KSFE Galaxy Chits Banner 2

വേദജ്ഞനായ ഹനുമാന്‍ വാനരനോ വനനരനോ…!

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം
July 25, 2023 4:00 am

കുരങ്ങുവര്‍ഗങ്ങള്‍ പരിണമിച്ചുണ്ടായ ജീവജാതിയാണു മനുഷ്യന്‍ എന്നു പറഞ്ഞാല്‍ എതിര്‍ക്കാന്‍ വരുന്നവരാണ് ഏതു മതത്തിലെയും യാഥാസ്ഥിതികര്‍. എന്നാല്‍ ഇതേ ആളുകള്‍ തന്നെ മതഗ്രന്ഥങ്ങളിലെ മിത്തോളജിയില്‍ ആനത്തലയുളള മനുഷ്യരൂപി (ഗണപതി)യെയും കുതിരത്തലയുളള മനുഷ്യരൂപി(ഹയഗ്രീവന്‍)യെയും സിംഹത്തലയുളള മനുഷ്യരൂപി(നരസിംഹം)യെയും കാളത്തലയുളള മനുഷ്യരൂപി(നന്ദികേശന്‍)യെയും ഒക്കെ അവതരിപ്പിച്ചിരിക്കുന്നത് വായിച്ചു രസിക്കും. ഇവ്വിധത്തില്‍ കുരങ്ങുതലയുളള മനുഷ്യരൂപിയായി വാല്മീകി രാമായണത്തിലും അധ്യാത്മരാമായണത്തിലും അവതരിപ്പിച്ചിട്ടുളള സമുജ്ജ്വല കഥാപാത്രമാണ് ഹനുമാന്‍. ഇതുപ്രകാരം കുരങ്ങില്‍ നിന്നു പരിണമിച്ചാണ് മനുഷ്യനുണ്ടായത് എന്ന സിദ്ധാന്തത്തിന്റെ ഒരു പുരാവൃത്ത പ്രതിനിധിയാണോ ഹനുമാന്‍ എന്ന ചോദ്യം അപ്രസക്തമാകില്ല രാമായണ തത്വ മനനത്തില്‍.


ഇതുകൂടി വായിക്കൂ: പലരാമായണങ്ങളുണ്ടെന്നത് പകല്‍ പോലെ സത്യം


ശ്രീഹനുമല്‍ സ്വാമിയെ കുരങ്ങുമുഖമുളള കാട്ടുവാസിയായോ മുതുകുരങ്ങനായോ കാണാന്‍ രാമായണ ഗ്രന്ഥങ്ങള്‍ സസൂക്ഷ്മം വായിച്ച ഒരാള്‍ക്കും കഴിയില്ല. കാരണം, അധ്യാത്മ രാമായണത്തിലെ ഹനുമാന്‍ ബ്രഹ്മചാരികളില്‍ മുമ്പനായ ബ്രഹ്മതത്വ ജിജ്ഞാസുവാണ്. യൗവനയുക്തയായ സീതാദേവിയോട് നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ മകുടമാതൃകയായ ഹനുമാന് തത്വോപദേശം ചെയ്യാന്‍ ശ്രീരാമന്‍ കല്പിക്കുന്നുണ്ട്. ശ്രീരാമ കല്പനയനുസരിച്ച് ഹനുമാന് സീതാദേവി തത്വോപദേശം ചെയ്യുന്നത് അധ്യാത്മരാമായണത്തില്‍ സീതാ-ഹനുമല്‍ സംവാദം എന്ന പേരില്‍ പ്രസിദ്ധവുമാണ്. നൈഷ്ഠിക ബ്രഹ്മചാരിക്ക് ആര്‍ത്തവയുക്തയായ യുവതി ബ്രഹ്മതത്വോപദേശം ചെയ്യുന്നത് രാമായണത്തില്‍ ഭക്തിപുരസരം വായിച്ചു ശീലിച്ച ‘ഭക്തജനങ്ങള്‍’ തന്നെയാണോ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ ഏതു കോടതി പറഞ്ഞാലും യുവതികളെ പ്രവേശിപ്പിക്കില്ല എന്നലറി കലഹ കലാപങ്ങള്‍ക്ക് ശ്രമിച്ചത് എന്ന ചോദ്യം പ്രസക്തമാണ്.

ഭക്തജനങ്ങള്‍ രാഷ്ട്രീയാധികാര ദുര്‍മോഹികളുടെ തെരുവു സര്‍ക്കസിലെ ആടിക്കളിക്കുന്ന കൊച്ചുരാമന്‍ കുരങ്ങാവരുതല്ലോ. അതിനാല്‍ ബ്രഹ്മചര്യം യുവതീസംസര്‍ഗ വര്‍ജനമല്ല എന്നതിനു തെളിവാണ് അധ്യാത്മ രാമായണത്തിലെ സീതാ-ഹനുമല്‍ സംവാദമെന്നെങ്കിലും തിരിച്ചറിയാനുളള യുക്തിബോധം നാലമ്പല ദര്‍ശനത്തിന് ഉന്തിത്തള്ളുന്ന ഭക്തജനങ്ങള്‍ക്ക് ഇനിയെങ്കിലും ഉണ്ടാവണം. പക്ഷേ ഇവിടെ പ്രശ്നം, കുരങ്ങനാണ് ഹനുമാനെങ്കില്‍ ബ്രഹ്മചര്യം എന്തിന് എന്നതും ബ്രഹ്മചര്യ പാലനം ചെയ്യുന്ന കുരങ്ങര്‍ സാധ്യമോ എന്നതുമാണ്. കുരങ്ങില്‍ എന്നല്ല മനുഷ്യരൊഴിച്ചുളള പക്ഷിമൃഗാദി ജീവികളിലൊന്നും ബ്രഹ്മചര്യം അഥവാ ലൈംഗിക ജീവിതം ബോധപൂര്‍വം നിയന്ത്രിക്കല്‍ ഇല്ല. എല്ലാ മൃഗങ്ങളും വളര്‍ച്ചയുടെ ഒരു ഘട്ടം മുതല്‍ ഇണചേരുവാന്‍ തുടങ്ങുകയും ശാരീരിക ശേഷിയുളളിടത്തോളം തുടരുകയും ചെയ്യും എന്നതാണ് ജൈവസത്യം. വാക്കുകളും ധനവ്യയവും കോപവും ഒക്കെ നിയന്ത്രണ വിധേയമാക്കാന്‍ മനുഷ്യന് കഴിവുണ്ടെന്നതുപോലെ കാമവും നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നതിലൂന്നിയ വൈകാരിക വൈചാരിക പരീക്ഷണങ്ങളാണ് ബ്രഹ്മചര്യനിഷ്ഠക്ക് മാനവ സംസ്കാരത്തില്‍ ഇടയുണ്ടാക്കിയത്. അതിനാല്‍ ഹനുമാന്‍ ബ്രഹ്മചാരിയാണെന്ന രാമായണ പ്രഖ്യാപനം സത്യമാകണമെങ്കില്‍ നിശ്ചയമായും ഹനുമാന്‍ ജൈവികമായി വാനരനാകരുത്; വനനരനേ ആകാവൂ.


ഇതുകൂടി വായിക്കൂ: ദിശതെറ്റലുകളുടെ ദശരഥം


വാല്മീകിരാമായണത്തില്‍ (വളളത്തോളിന്റെ പദ്യ തര്‍ജമ) ഹനുമാന്‍ ‘ഋഗ്സാമ യജൂര്‍ വേദങ്ങളറിയുന്ന വാക്കുപിഴ പറ്റാത്ത വൈയാകരണ പണ്ഡിതനാണ്. ‘ഋഗ്വേദം പഠിയാത്തോനും യജുര്‍വേദാവിദഗ്ധനും\സാമവേദാജ്ഞനും ശക്തനാകില്ലേവം കഥിക്കുവാന്‍ \ഇവന്‍ വ്യാകരണം സര്‍വം ബഹുധാകേട്ടിരിക്കുമേ’(കിഷ്കിന്ധാ കാണ്ഡം; സര്‍ഗം 3) അവര്‍ണര്‍ക്ക് പഠിക്കാന്‍ വിലക്കുണ്ടായിരുന്ന വേദങ്ങളും വേദാംഗമായ വ്യാകരണവുമൊക്കെ കാട്ടുവാസിയായ ഒരു കുരങ്ങന്‍ പഠിച്ചു, ശബ്ദാര്‍ത്ഥ പിഴ കൂടാതെ പ്രയോഗിച്ചു എന്നൊക്കെ കരുതുവാന്‍ കുരങ്ങിന്റെ മസ്തിഷ്ക കോശ മണ്ഡലവും മനുഷ്യന്റെ മസ്തിഷ്ക കോശ മണ്ഡലവും തമ്മിലുളള വ്യത്യാസം തെല്ലെങ്കിലും അറിയുന്നവര്‍ക്ക് പ്രയാസമാണ്. വേദങ്ങളും വ്യാകരണവും അറിയാവുന്ന പണ്ഡിതനെന്ന് ശ്രീരാമ ലക്ഷ്മണന്മാര്‍ സാക്ഷ്യപ്പെടുത്തുന്ന വാല്മീകി രാമായണത്തിലെ ഹനുമാനും വാലുളള വാനരനാകാനിടയില്ല; ശ്രേഷ്‌ഠനായ വനനരനാകാനേ ഇടയുളളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.