22 December 2024, Sunday
KSFE Galaxy Chits Banner 2

സർവ മനുഷ്യർക്കും മഹാസന്തോഷം…

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
December 29, 2021 4:08 am

മനുഷ്യൻ, മതം, ദൈവം; പ്രപഞ്ചമധ്യത്തിൽ നിർണായക സ്വാധീനമുള്ള മൂന്ന് പ്രതിഭാസങ്ങളാണ്. മൂന്നിനെയും പൂർണമായി മനസിലാക്കാൻ ഇന്നും സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇവയെ സംബന്ധിച്ച പഠനം ഇന്നും വികസിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യമധ്യത്തിൽ മതത്തെ സ്ഥാപിച്ചവരെല്ലാം, മനുഷ്യനെ പരസ്പരം അംഗീകരിക്കാനും സ്നേഹിക്കാനും കരുതാനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. അവർ ദൈവത്തെ ഈ പാരസ്പര്യത്തിന്റെ കേന്ദ്രബിന്ദുവായും വ്യാഖ്യാനിച്ചു. എന്നാൽ മതത്തിന്റെ കാര്യവിചാരകർ ഇതിൽ നിന്നും വ്യത്യസ്തമായി മനുഷ്യനെ പരസ്പരം അകറ്റാനും വേലിക്കകത്താക്കി മതത്തിന്റെ സ്വാർത്ഥതാല്പര്യത്തെ സംരക്ഷിക്കാനുമാണ് ശ്രമിച്ചിട്ടുളളത്. ഈ ദുർവ്യാഖ്യാനത്തിന് കാവൽക്കാരനും പ്രധാന കാര്യവിചാരകനുമായി ദൈവത്തെയും അവർ അവതരിപ്പിച്ചു. ഈ വൈരുധ്യത്തിന്റെ ശ്രദ്ധേയമായ ഒരുദാഹരണമാണ് ബൈബിളിലെ കയീനും ഹാബേലും തമ്മിലുള്ള വൈരത്തിൽ കാണുന്നത്. ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്പത്തിപുസ്തകത്തിൽ ആദിമനുഷ്യന്റെ മക്കളായ കയിന്റെയും ഹാബേലിന്റെയും ഇടയിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ വൈരം ആരംഭിച്ചു എന്ന് പറയുന്നു. ഇവരിൽ ഒരാൾ കൃഷിയും മറ്റൊരാൾ മൃഗസംരക്ഷണവും ജീവിതവൃത്തിയായി സ്വീകരിച്ചു. രണ്ടുപേരും ദൈവവിശ്വാസമുള്ളവരായിരുന്നു. അവർക്കുണ്ടായ വിളവിന് നന്ദി അറിയിക്കാനോ ഇനിയും ഈ സൗഭാഗ്യം തുടരാനോ ഒക്കെ ലക്ഷ്യമിട്ടുകൊണ്ട് വിളവിന്റെ അംശവുമായി ദൈവസന്നിധിയിൽ വന്നു. കൃഷിക്കാരനിൽ ദൈവം പ്രസാദിച്ചില്ല, ആട്ടിടയന്റെ ബലി­­ സ്വീകരിച്ചു എന്നാണ് വേദഭാഷ്യം. ഇതിൽ വിഷണ്ണനായ കയീനോട് അവൻ എന്തോ തെറ്റ് ചെയ്തതുകൊണ്ടാണ് ബലി സ്വീകരിക്കാതിരുന്നത് എന്നാണ് ദൈവം അറിയിച്ചത്. ക്രൂദ്ധനായ കർഷകൻ ഇടയനെ അടിച്ചുകൊന്നു എന്നാണ് തുടർസംഭവം. തങ്ങളുടെ ജീവിതത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരും ദൈവാനുഗ്രഹത്തെ വ്യാഖ്യാനിച്ചതാണ് പ്രശ്നമായതെന്ന് ആധുനിക വേദവ്യാഖ്യാതാക്കൾ പറയുമ്പോഴും ഇത് വേദമായി കാണുന്ന യഹൂദനും, ആ ഗ്രന്ഥത്തെ വേദമായി സ്വീകരിക്കുന്ന ക്രൈസ്തവനും ഇ­തിൽ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നു. മറ്റ് മതങ്ങൾക്കും മനുഷ്യമധ്യത്തിലെ ഉച്ചനീചത്വത്തിന്റെ കാരണം സംബന്ധിച്ച് തനതായ വിവരണങ്ങളുണ്ടാകാം. എന്നാൽ സാമൂഹിക ശാസ്ത്രപ്രകാരം ഇത് തികച്ചും മനുഷ്യസംസ്കാര മധ്യത്തിൽ മാത്രം ഉത്ഭവിച്ച ശത്രുതയാണ് എന്ന് കാണാൻ കഴിയും. മനുഷ്യനിർമ്മിതമായ ഈ അവസ്ഥ ദൂരീകരിക്കാനാണ് ദൈവം പരിശ്രമിക്കുന്നത് എന്ന് ക്രിസ്‌മസിന്റെ സന്ദേശം ഘോഷിക്കുന്നു. മനുഷ്യജീവിത സാഹചര്യത്തിൽ കൃഷിയും കാലിവളർത്തലും അനിവാര്യമായ പ്രാഥമിക തൊഴിൽ മേഖലകളാണ്. ഇതിൽ ഒന്നിന് മറ്റൊന്നിനെക്കൂടാതെ നിലനില്പില്ല. യഹുദസമൂഹത്തിന്റെ പ്രാഥമിക സാംസ്കാരിക ധാരണകളെ പരുവപ്പെടുത്തിയത് അവരുടെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളാണ്. ദേശവാസി ആയിരുന്ന ആദ്യപിതാവ് എബ്രാഹാം സഞ്ചാരിയും ആടുകളുടെ പരിപാലകനുമാകുന്നതും പിന്നീട് തലമുറകൾ അഭയാർത്ഥികളായി വിലാസമില്ലാത്തവരായി ഈജിപ്റ്റിൽ കഴിയേണ്ടിവന്നതും അവിടെനിന്നും വീണ്ടും ഒരു തലമുറ നീണ്ടുനിന്ന മരുഭൂസഞ്ചാരത്തിലായതും കുടിയേറിയനാട്ടിൽ പിന്നെയും ഏറെക്കാലം ദാരിദ്ര്യത്തിലും അടിമത്തത്തിലും കഴിയേണ്ടിവന്ന­തുമെല്ലാം അവരെ മരുഭുജീവിതമാണ് സുരക്ഷി­ത ജീവിതം എന്ന ധാരണയിലേക്ക് നയിച്ചു. ഇ­വ­ർ എവിടെയൊക്കെ ആയിരുന്നുവോ അ­വിടെ­യൊക്കെ, അത് പ­ലസ്തീനിലോ ഈജിപ്റ്റിലോ പ്രവാസകാലത്ത് ബാബിലോണിലോ ആയിരുന്നാലും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ ഔദാര്യത്തിലായിരുന്നു നല്ലൊരു കാലവും കഴിച്ചത്. ഈ അർത്ഥദേശാന്തരീ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട ഇവരുടെ സ്വത്വബോധമാണ് ബി സി ആറാം നൂറ്റാണ്ടിൽ ശേഖരിക്കപ്പെട്ട കയീൻ‑ഹാബേൽ ശത്രുത ഉൾക്കൊള്ളുന്ന ആദി മനുഷ്യനെ സംബന്ധിച്ച വിശദീകരണത്തിൽ കാണുന്നത്. പ്രകൃതിശക്തികളെ ദൈവമായി കരുതിയുള്ള കർഷകരുടെ ആരാധനാശൈലിയും അവർക്ക് ഈ ധാരണയിലെത്താൻ കാരണമായിട്ടുണ്ടാകാം. മരുഭൂയാത്രികർക്ക് മനുഷ്യരോടൊത്ത് സ­ഞ്ചരിക്കുന്ന ദൈവവും കർഷകർക്ക് മനുഷ്യരിൽ നിന്നകന്ന് മലമുകളിൽ സ്ഥിരവാസമാക്കിയ ദൈ­വവുമാണ് ഉണ്ടാവുക. ഈ നിഷേധ നിലപാടും ധാരണയും ഇന്നും വലിയൊരളവ് മനുഷ്യസമൂഹങ്ങളിൽ തുടരുന്നു എന്നതാണ് നമ്മുടെ രാജ്യത്തിൽ ഒരു വർഷം നീണ്ടുനിന്ന് എഴുന്നൂറില്പരം കർഷകരുടെ മരണത്തിന് കാരണമായ സമര­ത്തിലും ഞാൻ കാണുന്നത്. ഇവിടെ കർഷകനും ആട്ടിടയനും തമ്മിലുള്ള തർക്കമല്ല, കർഷകരം ഭരണവർഗത്തിന്റെ അകമഴിഞ്ഞ തുണലഭിക്കുന്ന കാരിടയനും (കോർപറേറ്റുകൾ എന്ന് തർജ്ജമ) തമ്മിലുള്ള സമരമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. മനുഷ്യരുടെ ഇടയിലെ ഉച്ചനീചത്വവും അതിന്റെ ഉത്ഭവവും ഈശ്വരനിലേക്ക് ആരോപിക്കുന്നത് ശരിയല്ല എന്ന സന്ദേശം ക്രിസ്‌മസ് നല്കുന്നു. യേശു ദൈവപുത്രനാണ് എന്നവകാശപ്പെടുമ്പോഴും മനുഷ്യപുത്രൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. മനുഷ്യൻ എന്നാൽ ഹീബ്രു ഭാഷയിൽ ആദം പുരുഷൻ എന്നല്ല എന്നും, സർവ മനുഷ്യരുടെയും അതിരുകൾക്കപ്പുറത്തെ വ്യക്തിത്വം എന്നുമാണ് അർത്ഥമാകുന്നത്. അതുകൊണ്ടാണ് യേശുവിന്റെ ജ­നനത്തിൽ ‘സർവ ജനത്തിനുമുണ്ടാകാനുള്ള മഹാ സന്തോഷം’ എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. ഈ അറിയിപ്പ് ദൈവീകതലത്തിൽ നിന്നുണ്ടായതാണ് എന്നത് നിർണായകമാണ്. അതോടൊപ്പം സർവ ജനത്തിനുമുണ്ടാകാനുള്ള എന്നതിലെ ‘മനുഷ്യൻ’ എന്നത് ആദം എന്ന ഒറ്റനാമത്തിൽ പ്രകടിപ്പിക്കപ്പെടാവുന്ന വിഷയവുമാക്കുന്നു. മഹാസന്തോഷം എന്ന അനുഭവപാരമ്യവും, ഉണ്ടാകാനുള്ള എന്നതിൽ കാണുന്ന നിരന്തരമായി തിരുത്തപ്പെടുന്ന ധാരണയുടെ അനുക്രമ പുരോഗതിയും അതിനാൽ തന്നെ ഉണ്ടാകുന്ന മെച്ചമായ അതിരുകൾക്കപ്പുറത്തെ പ്രത്യാശയുടെ വളർച്ചയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് കയീൻ‑ഹാബേൽ വൈരത്തിനെതിരെയും കാര്യത്തിന്റെ കാരണക്കാരൻ എന്നരീതിയിൽ ദൈ­വത്തെ പ്രതിചേർത്തതിനെതിരെയും ഉളള വെളിപ്പെടുത്തലാണ്. ഈ വെളിപ്പെടുത്തലിനെ സ്വീകരിക്കാനും അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യബന്ധങ്ങളിൽ പുതുധാരണകൾ സൃഷ്ടിച്ച് മുന്നേറാനുമുള്ള ആഹ്വാനമാണ് ക്രിസ്‌മസ് നല്കുന്നത്. ഇത് ഈ ദിനം ആചരിക്കുന്നവർ സ്വയം തിരുത്തലിന്റെ മാർഗത്തിൽ സഞ്ചരിക്കാനുളള വെല്ലുവിളി ആക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ വെല്ലുവിളി ഏറ്റെടുത്ത മനുഷ്യസന്തതിയുടെ ജനന ദിനമാണ് ക്രിസ്‌മസായി ആചരിക്കുന്നത്. യേശുവിന് ഒരു മനുഷ്യൻ എന്ന നിലയിൽ ജന്മവശാൽ ഏറെ ഒന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. സുവിശേഷ ഗ്രന്ഥകര്‍ത്താക്കള്‍ രേഖപ്പെടുത്തുന്നതുപോലെയും, പിന്നീട് ചില ആളുകളെങ്കിലും ആക്ഷേപിച്ചതുപോലെയും വിവാഹത്തിന് മുൻപെ ഗർഭിണിയായ സ്ത്രീയുടെ സന്തതി ആയിരുന്നു അവൻ. പക്ഷെ യേശുവിന്റെ അധികം കൊട്ടിഘോഷിക്കാൻ ഒന്നും ഇല്ലാത്ത ഈ പശ്ചാത്തലത്തെ അവന്റെ വാക്കിലും പ്രവൃത്തിയിലും പ്രകടമായ ഗാംഭീര്യവും നിലപാടുകളിലെ നിർണായകതയും ജ്ഞാനവും ഒക്കെയായി താരതമ്യം ചെയ്തവർ അവനിൽ അന്ധാളിച്ചു എന്ന് മറ്റൊരു വേദസാക്ഷ്യത്തിലും കാണുന്നു. യഹൂദ സാംസ്കാരിക പശ്ചാത്തലം അനുസരിച്ച് മാതാവിൽ നിന്നും ചെറുപ്രായത്തിൽ ലഭിച്ച പഠനവും പന്ത്രണ്ടാം വയസുമുതലെങ്കിലും ദേവാലയത്തിൽ നിന്നും സംഘാലയങ്ങളിൽ നിന്നും മതപണ്ഡിതന്മാരിൽ നിന്നും കിട്ടിയ ഉപദേശങ്ങളും പരിചയപ്പെട്ടവർക്ക് ഗുരു എന്ന് വിളിക്കാൻ തക്കവണ്ണം ജ്ഞാനം നേടിയവനെക്കുറിച്ച് സുവിശേഷം സാക്ഷിക്കുന്നത് ‘ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നവൻ’ എന്നാണ്.


ഇതുകൂടി വായിക്കാം; മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല


പണ്ഡിതനായ ഒരാൾ ഒരു പടികൂടി കടന്ന് ‘നല്ല ഗുരു’ എന്നും വിളിച്ചു. ചുരുക്കത്തിൽ, അക്കാലത്ത് യഹൂദസമൂഹത്തിലെ മറ്റേതെങ്കിലും പണ്ഡിതനെപ്പാേലെ തന്നെ, ഇദ്ദേഹവും മതകാര്യങ്ങളിൽ നല്ല വ്യുല്പത്തി നേടിയ ആളായിരുന്നു എന്ന് കാണാം. എന്നാൽ മറ്റ് ഗുരുക്കന്മാരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനായിട്ടാണ് പൊതുജനം കണ്ടത്. ഒന്നാമത് അദ്ദേഹം എപ്പോഴും അരമനകളിലല്ല ജനമധ്യത്തിൽ ആയിരുന്നു. രണ്ടാമത് അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങൾ വലിയവ ആയിരുന്നു എങ്കിലും സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം തങ്ങളുടെ സമൂഹത്തിലെ മറ്റ് നേ­താക്കളെപ്പോലെ മനുഷ്യർ പരസ്പരം അകറ്റിനിർത്താനല്ല ചേർത്ത് നിർത്താനും ഓരോരുത്തരുടെയും സാഹചര്യം നോക്കി ഇടപെടാനുമാണ് അദ്ദേഹം ശ്രദ്ധിച്ചത് എന്നതാണ്. ഇതുകൊണ്ടാണ് അദ്ദേഹം അധികാരത്തിന്റെ പിൻബലം ഇ­ല്ലാതിരുന്ന സാധാരണക്കാരായ എല്ലാത്തരം മ­നുഷ്യരാലും അംഗീകരിക്കപ്പെട്ടവനായത്. അതെ, അദ്ദേഹം തന്റെ മതം നിർദ്ദേശിച്ചിരുന്ന അതിരുകളെ അതിജീവിച്ചവനായിരുന്നു. ഇതാണ് യഹൂദമതത്തിന് പുറത്തുള്ളവർക്കായി ബൈബിളിലെ യേശുചരിത്രം എഴുതിയ ലൂക്കോസിനെ ആകർഷിച്ചതും, ഇത്തരം കാര്യങ്ങളിൽ വാചാലനാകാൻ പ്രേരിപ്പിച്ചതും. യേശുവിന്റെ കാലത്തെ യഹുദധാരണയിൽ അസ്പൃശ്യരായി ഏറ്റവും കുറഞ്ഞത് മൂന്ന് വിഭാഗങ്ങളെങ്കിലും ഉണ്ടായിരുന്നു. ശമര്യർ, ഗ്രീക്കുകാർ, ഇതര വിഭാഗങ്ങൾ. ഇതിൽ മൂന്നാമത്തെ വിഭാഗം, നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ ആട്ടിയോടിക്കപ്പെട്ട ആദിവാസികളെപ്പോലെ, പലസ്തീനിലെ കനാന്യരുംപെടും. എന്നാൽ യേശുവാകട്ടെ ഇവരെ എല്ലാം സ്വന്തജനമായി കരുതി എന്നതാണ് നാം കാണുന്ന വ്യത്യാസം. തന്റെ മകളുടെ രോഗാവസ്ഥയെ യേശുവിന്റെ മുൻപാകെ അവതരിപ്പിച്ച കന്യാസ്ത്രീയെ യിസ്രായേല്യരുടെ വിശ്വാസത്തിനുപരിയായ വിശ്വാസമുള്ളവളായി അംഗീകരിച്ചതും, അസമയത്ത് വെള്ളം കോരാൻ വന്ന, അനേക ഭർത്താക്കന്മാർക്ക് ഭാര്യയായിരുന്ന ശമര്യാക്കാരിയോടൊപ്പം അവരുടെ നാട്ടിൽപോയി പാർത്തതും യേശുവിന്റെ ഈ നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. സമൂഹം അകറ്റിനിർത്തിയിരുന്ന കരംപിരിവുകാർ, രോഗികൾ, വേശ്യകൾ എല്ലാം യേശുവിന്റെ അഭിപ്രായത്തിൽ ‘സർവ ജനത്തിന്റെ’ ഭാഗമായിരുന്നു, പങ്കാളിത്തം ആവശ്യമുള്ള മനുഷ്യരുമായിരുന്നു. യഹൂദസമൂഹത്തിലെ പാർശ്വവല്കരണ ശൈലിയെ നിഷേധിച്ച യേശുവിന്റെ സമൂഹംതന്നെ, അതെ, ഞാനുൾപ്പെടുന്ന ക്രൈസ്തവ സമൂഹം തന്നെ, വിവേചനത്തിന്റെ പുതുധാരകൾ ലോകത്തെമ്പാടും, നമ്മുടെ ഈ കൊച്ചു കേരളത്തിലും, നടപ്പാക്കിയിട്ടുണ്ട്. എന്നോടൊത്ത് ഷിക്കാഗോയിൽ പഠിച്ചിരുന്ന എത്യോപ്യാക്കാരൻ മഗേർസാ ഗൂത്ത എന്ന ലൂഥറൻ സഭാവൈദീകൻ പറഞ്ഞത് ഇവിടെ തികച്ചും പ്രസക്തമാണ്. ‘എന്റെ നാട്ടുകാർക്ക് ഞങ്ങളുടെ സംസ്കാരവും ഭൂമിയും ഉണ്ടായിരുന്നു, ഇല്ലാതിരുന്നത് ബൈബിളാണ്. പാശ്ചാത്യർ വന്ന് ഞങ്ങൾക്ക് ബൈബിൾ തന്നു, പക്ഷെ അവർ ഞങ്ങളുടെ സംസ്കാരം നശിപ്പിച്ചു, ഭൂമി കൈവശമാക്കുകയും ചെയ്തു, എന്നാലും ഞങ്ങളെ തുല്യരായി കാണാൻ അവർ തയാറായില്ല’ എന്നാണദ്ദേഹം പറഞ്ഞത്. കേരളത്തിൽ ക്രൈസ്തവ സന്ദേശത്തിൽ സ്വയം ആകൃഷ്ടരായിട്ടോ ആകൃഷ്ടരാക്കിയിട്ടോ ക്രൈസ്തവവിശ്വാസം സ്വീകരിച്ച സമൂഹത്തിലെ പാർശ്വങ്ങളിലാക്കപ്പെട്ടിരുന്നവരെ പക്ഷെ ഇന്നും ‘പൗരാണിക’ ക്രൈസ്തവർ തുല്യനിലയിൽ കണക്കാക്കാൻ തക്കവണ്ണം ഹൃദയവിശാലത നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ദിനം ആചരിക്കുന്നവർ ക്രിസ്‌മസ് എന്നത് ഒരു ആഘോഷത്തിനുള്ള സന്ദർഭമായി കരുതുന്നതിനപ്പുറത്ത് മനുഷ്യത്വത്തിന്റെ, ഒരു പടികൂടി കടന്ന് പ്രകൃതി സംരക്ഷണത്തിന്റെ, നിലപാടുകളെ സൃഷ്ടിക്കാനും നിഷേധപരമായ പ്രവണതകളുടെ അതിരുകളെ തകർത്തുകൊണ്ട് അതിനപ്പുറത്തെ വിമോചനപരമായ ഇടങ്ങളിലേക്ക് മുന്നേറാനുള്ള സന്ദേശം സ്വീകരിക്കാനും ബാധ്യസ്ഥരാണ്. ദൈവവും മനുഷ്യനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിലെ എല്ലാ വേർപിരിവുകളും അവസാനിപ്പിച്ച് സർവ്വമനുഷ്യർക്കും മഹാസന്തോഷ സാഹചര്യം സൃഷ്ടിക്കാൻ സമാധാനത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പുതുധാരകൾ തുറക്കാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ് നല്കുന്നത്. അതുകൊണ്ടാണ് യേശു പറഞ്ഞത്, ‘രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ എവിടെ കൂടിയാലും അവരുടെ മധ്യത്തിൽ ഞാനുണ്ട്’ എന്ന്. രണ്ടോ മൂന്നോ എന്നത് അദ്ദേഹം സംസാരിച്ച ഹീബ്രു, അരാമ്യ ഭാഷകളിലെ ഒരു ശൈലീപ്രയോഗമാണ്. നിരന്തരമായി പുരോഗതിയിലേക്ക് വളരുന്ന എന്ന അർത്ഥത്തിലാണ് അതുപയോഗിക്കുന്നത്. എന്റെ നാമം എന്ന് യേശു പറയുമ്പോൾ പങ്കാളിത്തത്തിലൂടെ സാധിക്കുന്ന വിമോചനാത്മക സ്നേഹം എന്നും മനസിലാക്കാം. ചുരുക്കത്തിൽ — മനുഷ്യമധ്യേ ഉള്ള സ്നേഹത്തിന്റെ നിറവിൽ സകല അതിർവരമ്പുകളും ഈ സന്ദേശത്തിന്റെ പ്രായോഗികതയാൽ ഇല്ലാതാകണം; അതാണ് “മഹാ” സന്തോഷത്തിന്റെ കാരണവും അടിത്തറയും. മനുഷ്യൻ പലപ്പോഴും പരസ്പരം വിലയിരുത്തുന്നത് പ്രകടമായ ചില പരിമിതികളുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും വ്യക്തി അതിൽ വ്യത്യസ്തനായാൽ അത് ഒറ്റപ്പെട്ട സംഭവമായേ കാണൂ. എന്നാൽ ഇതുതന്നെ ഒരു സൂചനയാകാം. ദൃഢനിശ്ചയത്താൽ സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവർ ഒരുക്കുന്നതോ ആയ അനുകൂല സാഹചര്യത്താൽ ആർക്കും സമൂഹത്തിൽ തുല്യനിലയിൽ എത്തിച്ചേരാം. അതുകൊണ്ടുതന്നെ ഇതിനായുള്ള സാഹചര്യം ഏവർക്കും ഒരുപോലെ ലഭിക്കാൻ അവകാശമുണ്ട് എന്നത് സമൂഹം അംഗീകരിച്ചേ മതിയാകൂ. സ്വയമായി അതിരുകളെ അതിജീവിക്കാനുള്ള കഴിവ് എല്ലാവർക്കും ഒരുപോലെ ഉണ്ടാകണം എന്നില്ല. ഇവിടെയാണ് യേശുവിനെപ്പോലെ സ്ഥിതിസമത്വം അടിസ്ഥാന തത്വസംഹിതയായി അംഗീകരിക്കുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും ഭരണനേതൃത്വത്തിന്റെയും ഒക്കെ പങ്കാളിത്തം ഓരോ വ്യക്തിയുടെയും അതിജീവനത്തിൽ നിർണായകമാകുന്നത്. ഈ ക്രിസ്‌മസ് കാലം പരിമിതികളെ അതിജീവിക്കാൻ ചെറിയവരെ തുണയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമുക്ക് ലഭിക്കുന്ന ആഹ്വാനമുയർത്തുന്ന കാലമാണ്. ഈ മാസം അവസാനിക്കുമ്പോൾ കടന്നുവരുന്ന പുതുവർഷത്തിന്റെ പ്രത്യാശയിലേക്ക് നയിക്കുന്ന സന്ദേശവുമാകണം ഇത്. ‘ജനയുഗ’ത്തിന്റെ എല്ലാ വായനക്കാർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്‌മസ് കാലവും പ്രതീക്ഷകൾക്ക് നിവൃത്തിവരുന്ന പുതുവർഷവും ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.