20 June 2024, Thursday

പഞ്ചാബിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഹരീഷ് റാവത്ത്

Janayugom Webdesk
ഛണ്ഡീഗഡ്
September 3, 2021 1:38 pm

പഞ്ചാബിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിനുള്ളിൽ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് പഞ്ചാബ് പ്രദേശിന്‍റെ കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത്. പഞ്ചാബ് കോൺഗ്രസിൽ എല്ലാക്കാര്യങ്ങളും അത്ര സുഖകരമാണെന്ന് പറയാൻ കഴിയില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു റാവത്ത് ചൂണ്ടിക്കാണിച്ചത്. പരിഹരിക്കാത്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും ഇനിയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ അധികാരത്തിലിരിക്കുന്ന അമരീന്ദർ സിംഗിന് കീഴിലുള്ള സർക്കാരിന്റെ പൂർത്തീകരിക്കാത്ത വാഗ്ധാനങ്ങളിൽ പാർട്ടിക്കുള്ളിലെ പലരും അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവർ മുന്നോട്ടുവെച്ച പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും റാവത്ത് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട റാവത്ത് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ച 18 ഇന പദ്ധതികൾക്ക് പുറമേ നിരവധി വിഷയങ്ങളെക്കുറിച്ച് കൂടിക്കാഴ്ചക്കിടെ ചർച്ച ചെയ്തിരുന്നു.

എന്നാൽ പഞ്ചാബിൽ മന്ത്രിസഭ പുനസംഘടന എന്ന ആവശ്യത്തെക്കുറിച്ച് പരാമർശിച്ചെങ്കിലും കൂടിക്കാഴ്ചയിൽ ഈ വിഷയം ഉയർന്നുവന്നിരുന്നില്ല. അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിൽ ചിലത് പൂർത്തീകരിക്കാത്തത് ചൂണ്ടിക്കാണിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ റാവത്തുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുള്ളത്. നവജ്യോത് സിംഗ് സിദ്ദുവിനെ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് റാവത്തും സിദ്ദുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.അമരീന്ദർ സിംഗിന്റെയും നവജ്യോത് സിംഗ് സിദ്ദുവിന്റെയും ക്യാമ്പുകൾക്കിടയിൽ അധികാര തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് റാവത്ത് ചൊവ്വാഴ്ച ചണ്ഡീഗഡിൽ എത്തിയത്. ഇപ്പോൾ തുടരുന്ന തർക്കം മൂലം ശക്തമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

സിദ്ദു ക്യാംപിൽപ്പെട്ട നാല് മന്ത്രിമാരും ഒരുകൂട്ടം പാർട്ടി നേതാക്കളും മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആഗ്രഹിക്കുന്ന ത്രിപ്തി രാജീന്ദർ സിംഗ് ബജ്‌വ, സുഖ്ബീന്ദർ സിംഗ് സർക്കറിയ, സുഖ്ജീന്ദർ സിംഗ് രന്ധാവ, ചരൺജിത് സിംഗ് ചാനി എന്നിവരും മൂന്ന് പാർട്ടി നിയമസഭാംഗങ്ങളും കഴിഞ്ഞ മാസം ദില്ലിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ റാവത്തിനെ കാണാൻ പോയിരുന്നു. പഞ്ചാബിലെ പ്രതിസന്ധിക്കിടെ ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ അമരീന്ദറിനെതിരെ നവജ്യോത് സിംഗ് സിദ്ധു നീക്കം നടത്തിയെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ കാണാനുള്ള നീക്കങ്ങളാണ് നടത്തിയിരുന്നതെങ്കിലും ഇത് ഫലം കണ്ടില്ല. കൂടാതെ സിദ്ദുവിന് സന്ദര്‍ശനത്തിനുള്ള അനുമതിയും ഹൈക്കമാന്‍ഡ് നിഷേധിച്ചിട്ടുണ്ട്. ഇതോടെ തന്റെ നിലയ്ക്ക് പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡിന് മുൻപിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കളെയും ബോധ്യപ്പെടുത്തുന്നതിൽ സിദ്ദു പരാജയപ്പെട്ടു, പഞ്ചാബിൽ അഞ്ച് മാസങ്ങൾക്കിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ അടക്കമുള്ളവര്‍ നേരിട്ട് നിര്‍ദേശം നൽകിയിട്ട് പോലും അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് യോജിച്ച് പോകുന്നതിന് ഒരിക്കലും സിദ്ദു തയ്യാറായിരുന്നില്ല. ഇതിന് പുറമേ സ്വന്തം രീതിയില്‍ ഉപദേശകരെ നിയമിച്ച് പ്രശ്നത്തിലായതും അതൃപ്തിക്ക് വഴിയൊരുക്കിയിരുന്നു. ഇവര്‍ കശ്മീരിനെ കുറിച്ച് അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന് തന്നെ പ്രതിസന്ധിയായി മാറിയിരുന്നു.

ഇതിൽ ഒരാളെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.ക്യാപ്റ്റനെ മാറ്റാനില്ലെന്നും അടുത്ത നിയമഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അമീന്ദർ നയിക്കുമെന്നുമുള്ള റാവത്തിന്റെ പരസ്യപ്രസ്താവനയോടെ കൃത്യമായ സന്ദേശമാണ് സിദ്ദുവിന് ഹൈക്കമാന്‍ഡ് നല്‍കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അമരീന്ദര്‍ തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖമെന്നും ഹൈക്കമാന്‍ഡ് പറയുന്നു. ഇത് സിദ്ദുവിന് വലിയ തിരിച്ചടിയാണ്. അകാലിദളുമായി ചേര്‍ന്ന് പോകുന്ന രീതിയാണ് അമരീന്ദറിന് ഉള്ളതെന്നും നിരന്തരം സിദ്ദു വിമര്‍ശിക്കുന്നുണ്ട്. നേരത്തെ പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നും, മറച്ചുവെക്കുന്നില്ലെന്നും ഹരീഷ് റാവത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു.

Eng­lish sum­ma­ry; Har­ish Rawat says prob­lems exist in Con­gress in Punjab

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.