
നാടിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വേലൂർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2024–25 ൽ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച മാലിന്യത്തിന്റെ അളവ് 1,52,000 ടണ്ണാണ്. ഹരിത കർമ്മ സേനാംഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇതെല്ലാം റോഡിലും പറമ്പിലും നിറഞ്ഞ് ജീവിക്കാൻ പറ്റാത്ത സ്ഥലമായി കേരളം മാറുമായിരുന്നു. ഹരിതകർമ്മ സേനയെപ്പറ്റി പഠിക്കാൻ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഡിജിറ്റൽ തട്ടിപ്പുകൾ നേരിടുന്നതിനുള്ള പരിശീലനം ആളുകൾക്ക് കൊടുക്കുന്ന ഡിജിറ്റൽ സാക്ഷരതയുടെ രണ്ടാംഘട്ടം ആരംഭിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ സി മൊയ്തീൻ എംഎൽഎയുടെ 2020–21 ലെ ആസ്തി വികസന പദ്ധതിയിൽനിന്നും അനുവദിച്ച 95 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഫണ്ടും ഉൾപ്പടെ നാലു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി. ലൈഫ് പദ്ധതി വഴി പൂർത്തീകരിച്ച 255 വീടുകളുടെ താക്കോൽ ദാനം സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ എൽഎസ്‍ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.ജെ സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ വിജയൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ കലാകാരന്മാരെയും, വിവിധ പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുനൽകിയ ആളുകളെയും ഹരിത കർമ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.