18 December 2024, Wednesday
KSFE Galaxy Chits Banner 2

ഉണങ്ങാത്ത മുറിപ്പാടുകളില്‍ ഉപ്പ് തേയ്ക്കുന്ന ഹരിയാന

Janayugom Webdesk
August 15, 2023 5:00 am

സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ആഘോഷദിനത്തിലും പത്രത്തിന്റെ ഈ ഇടത്തില്‍ വംശഹത്യയെ കുറിച്ചുതന്നെ എഴുതേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണ്. നൂറ്റാണ്ടിലധികം നീണ്ട സമര്‍പ്പിത പോരാട്ടത്തിന്റെയും ജീവാര്‍പ്പണത്തിന്റെയും ഫലമായിരുന്നു 1947 ഓഗസ്റ്റ് പതിനഞ്ചിലെ സ്വാതന്ത്ര്യപ്രാപ്തി. പുതിയ ജീവിതത്തിലേക്കും പുരോഗതയിലേക്കും കുതിക്കുവാനുള്ള അഭിവാഞ്ഛയുമായി ജനത സ്വാതന്ത്ര്യത്തെ പുണരുമ്പോഴും ഒരു ഭാഗത്ത് പക്ഷേ, വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ അധികാരക്കൈമാറ്റത്തിന്റെ ഉത്സവവര്‍ണങ്ങള്‍ പറന്നുനടക്കുമ്പോള്‍ നവഖാലിയിലെ സംഘര്‍ഷഭൂമികയില്‍ സ്നേഹസന്ദേശം പകര്‍ന്ന് നടപ്പായിരുന്നു, ബാപ്പുവെന്നും രാഷ്ട്രപിതാവെന്നും വിളിച്ചിരുന്ന മഹാത്മാഗാന്ധിയെന്ന മനുഷ്യന്‍. രാജ്യത്തിന്റെ എല്ലാവഴികളിലും നടന്ന ഗാന്ധിജി ആ ദിനത്തില്‍, ചോരയൊഴുകിയ ഗ്രാമങ്ങളില്‍ സ്നേഹത്തിന്റെ വടികുത്തി നടക്കുകയായിരുന്നു. എങ്കിലും സംഘര്‍ഷത്തിന്റെ മുറിവുണങ്ങിയ മണ്ണില്‍ നാം ഐക്യത്തിന്റെ ഗോപുരങ്ങള്‍ തീര്‍ത്തു. ഐക്യവും അഖണ്ഡതയും അടിസ്ഥാന പ്രമാണമാക്കി 1950ല്‍ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കാവുകയും ചെയ്തു. വലിയ കോട്ടങ്ങളില്ലാതെയാണ് ഭരണഘടനയും അടിസ്ഥാന പ്രമാണങ്ങളും നാം മുന്നോട്ടുകൊണ്ടുപോയത്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും അതാതു കാലത്തെ ഭരണാധികാരികളും വലിയ പോറലുകള്‍ ഏല്‍ക്കാതെ അവ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായിരുന്നു എന്നതാണ് അതിനു കാരണം. എന്നാല്‍ കുറച്ചു സംവത്സരങ്ങളായി നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍പ്പെടെ വെല്ലുവിളികളെ നേരിട്ടു തുടങ്ങി.

മതവര്‍ഗീയതയും ജാതിചിന്തകളും സാമുദായിക ധ്രുവീകരണവും ശക്തമാക്കുന്ന വലതുപക്ഷ നിലപാടുകള്‍ക്ക് മൂര്‍ച്ചയേറി. മതചിഹ്നങ്ങളെ ഉപയോഗിച്ചുള്ള ധ്രുവീകരണ ശ്രമങ്ങളും അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ വംശഹത്യയും വലതുപക്ഷ തീവ്രഹിന്ദുത്വ ശക്തികളുടെ അധികാരവഴികളെ എളുപ്പമാക്കി. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും അധികാരമുറപ്പിക്കുന്നതിന് 2002ല്‍ ഗുജറാത്തില്‍ നടത്തിയ വംശഹത്യയും ഉണങ്ങാത്ത മുറിപ്പാടുകളായി. 2014ല്‍ രാജ്യാധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഫാസിസത്തിന്റെ ഭീകരസ്വരൂപങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആവനാഴികളും ആയുധങ്ങളും മാറാതെ, പേരുകള്‍ മാത്രമാണ് മാറിയത്. ബാബറി മസ്ജിദിന് പകരം ഗ്യാന്‍ വാപിയും മഥുരയും കാശിയുമൊക്കെയായി. ഗുജറാത്തിന് പകരം ഉത്തര്‍പ്രദേശും മധ്യപ്രദേശും കര്‍ണാടകയുമായി. 2014ന് ശേഷമുള്ള പ്രത്യേകത നവമൂലധന ശക്തികള്‍ ആവിര്‍ഭവിച്ചു എന്നതുകൂടിയാണ്. ആര്‍ക്കുമറിയാതിരുന്ന ഗുജറാത്തിലെ ഗൗതം അഡാനി ലോക വാണിജ്യ ഭൂപടത്തിലേക്ക് പരവതാനി വിരിച്ചുകടന്നുവന്നത് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറിയതിനുശേഷമായിരുന്നു എന്നത് മറന്നുകൂടാ. വിജയ് മല്യയും നീരവ് മോഡിയും ഉള്‍പ്പെടെ സാമ്പത്തിക കുറ്റവാളികളുടെ നീണ്ടനിര രാജ്യത്തെ പറ്റിച്ച് കടന്നുകളയുമ്പോള്‍ നിര്‍വികാരതയോടെ നോക്കിനില്‍ക്കുന്നതില്‍ ഭരണാധികാരികള്‍ക്ക് ഒരു മടിയുമുണ്ടായില്ല. ഒമ്പതു വര്‍ഷത്തെ ഭരണത്തിനിടയില്‍ കാറ്റിന്റെ ദിശ തങ്ങള്‍ക്കെതിരായുമുണ്ട് എന്ന് മനസിലാക്കിയതോടെ വംശഹത്യയുടെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ക്ക് പുതിയ ആയുധങ്ങള്‍ തേടുകയാണവര്‍. അതുകൊണ്ടാണ് അവര്‍ മണിപ്പൂരിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ഹരിയാനയെയുമൊക്കെ തിരഞ്ഞെടുത്തിരിക്കുന്നത്. മണിപ്പൂരിനെ കുറിച്ച് ഇനിയുമാവര്‍ത്തിക്കുന്നില്ല. പക്ഷേ ഹരിയാനയെ കുറിച്ച് പറയാതിരിക്കാനാകില്ല. നൂഹ് എന്ന പ്രദേശത്ത് ബോധപൂര്‍വം സൃഷ്ടിച്ച സംഘര്‍ഷം വളരെ പെട്ടെന്ന് വംശീയ കടന്നാക്രമണമായി മാറ്റുകയായിരുന്നു. ഹൈക്കോടതി തന്നെ അവിടെ വംശീയാക്രമണമാണ് നടക്കുന്നതെന്ന സംശയം ഉന്നയിച്ചു.


ഇതുകൂടി വായിക്കൂ: ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


എന്നാല്‍ പൊലീസോ കേന്ദ്രസര്‍ക്കാരോ പരിഹാര നടപടികളല്ല കൈക്കൊള്ളുന്നത്. അതാണ് കഴിഞ്ഞദിവസം അവിടെയുണ്ടായ ഹിന്ദുമത പഞ്ചായത്ത് വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയോടെ അനുമതി നേടിയ പരിപാടിയില്‍ ഇതര മതസ്ഥര്‍ക്കെതിരെ മാത്രമല്ല പൊലീസിനെതിരെയും വെല്ലുവിളികളുണ്ടായി. ഹിന്ദുത്വ തീവ്രവാദികള്‍ നിയമം കയ്യിലെടുക്കുകയും നീതിപീഠങ്ങളെ പോലും പരിഹസിക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് സര്‍വ് ഹിന്ദു സമാജ് എന്ന സംഘടനയുടെ സമ്മേളനത്തിലുണ്ടായത്. വിരല്‍ ഉയര്‍ത്തിയാല്‍ കൈകള്‍ വെട്ടും, നൂഹ് ജില്ല പിരിച്ചുവിട്ട് മറ്റ് പ്രദേശങ്ങളോട് ചേര്‍ക്കണം, പ്രവര്‍ത്തകര്‍ തോക്കുകള്‍ സമാഹരിക്കണം എന്നിങ്ങനെ വെറുപ്പിന്റെ അതിപ്രസരണം മാത്രമാണ് അവിടെ, പൊലീസ് സാന്നിധ്യത്തില്‍ നടന്നത്. ജൂലൈ 31ന് കലാപം പൊട്ടിപ്പുറപ്പെട്ടതുതന്നെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ഘോഷയാത്രയെ തുടര്‍ന്നായിരുന്നു. യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞെന്നും ആയിരക്കണക്കിന് പേര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയെന്നുമുള്ള വ്യാജപ്രചരണം സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജ് തന്നെയാണ് ഏറ്റെടുത്തത്. തുടര്‍ന്ന് പള്ളികളും മുസ്ലിം കടകളും തകര്‍ത്ത് മുന്നേറിയ ആക്രമിസംഘം ലക്ഷ്യം വച്ചത് വംശീയഹത്യയാണെന്ന് ഹൈക്കോടതിക്ക് പോലും സംശയമുന്നയിക്കേണ്ടിവന്നു. അതിന്റെയെല്ലാമൊടുവിലാണ് പഞ്ചായത്ത്, സമ്മേളനം തുടങ്ങിയ പേരുകളില്‍ ഉണങ്ങാത്ത മുറിവുകളില്‍ ഉപ്പുതേയ്ക്കുന്ന നടപടികളുണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.