20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഹരിയാന: ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് അഭിപ്രായ സര്‍വേ; ബിജെപിക്ക് കടമ്പകളേറെ

Janayugom Webdesk
ഹരിയാന
August 21, 2024 11:12 am

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബിജെപിക്ക് തിരിച്ചടിയെന്ന് സര്‍വേ. തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വേ ഫലം പറയുന്നു. ഭരണവിരുദ്ധ വികാരത്തിന് പുറമെ കര്‍ഷക സമരം, അഗ്നിപഥ്, ജാതി-മത സമവാക്യം, ഗുസ്തി താരങ്ങളുടെ സമരം, പാര്‍ട്ടിക്കുള്ളിലെ ഭിന്നത എന്നിവയാണ് ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇന്ത്യ സഖ്യം നടത്തിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 90 സീറ്റുള്ള ഹരിയാനയില്‍ ബിജെപി സഖ്യത്തിന് 44, കോണ്‍ഗ്രസ് 42, എഎപി നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വഹിതം ഗണ്യമായി ഇടിഞ്ഞതും ബിജെപി ക്യാമ്പില്‍ മ്ലാനത പടര്‍ത്തിയിട്ടുണ്ട്. 12 ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 

1977 മുതല്‍ തുടര്‍ഭരണം നല്‍കിയ പതിവ് ഹരിയാനയില്‍ ഇല്ലെന്നതും ബിജെപിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. ജെജെപി വിമതരുടെ പിന്തുണയോടെ നയാബ് സൈനി സര്‍ക്കാര്‍ ഭരണം നടത്തുന്നത് ഭരണവിരുദ്ധ വികാരത്തിന് ഇടവരുത്തിയിട്ടുണ്ടെന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിലെ ഗവേഷക ജ്യോതി മിശ്ര പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരം, കര്‍ഷക പ്രക്ഷോഭം, അഗ്നിപഥ്, കടുംബം-മത രാഷ്ട്രീയം എന്നിവയും ജനങ്ങളുടെ അപ്രീതി വര്‍ധിപ്പിച്ചതായി മിശ്ര പറഞ്ഞു.
താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമര രംഗത്തുള്ള കര്‍ഷകരുടെ മേല്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ കിരാത മര്‍ദനവും അറസ്റ്റും ലാത്തിച്ചാര്‍ജും കര്‍ഷക രോഷം ഉയരുന്നതിന് ഇടവരുത്തി. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പിന്തുണച്ച കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയും ജനങ്ങളുടെ വിരോധത്തിന് കരുത്ത് പകര്‍ന്നു.

സൈന്യത്തില്‍ നടപ്പാക്കിയ അഗ്നിപഥ് യുവജനങ്ങളുടെ രോഷത്തിന് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളും ദളിത് ‑ആദിവാസി വിഭാഗങ്ങളും നേരിടുന്ന അവഗണനയും അതിക്രമവും സംസ്ഥാന സര്‍ക്കാരിനെ അപ്രിയമാക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ വരവിന് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 90 അംഗ സഭയില്‍ ബിജെപി സഖ്യത്തിന് 37 മുതല്‍ 42 സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. മറുവശത്ത് കോണ്‍ഗ്രസിന് 33 മുതല്‍ 38 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപി സഖ്യകക്ഷിയായിരുന്ന ജെജെപി മൂന്നു മുതല്‍ എട്ട് വരെയും മറ്റുള്ളവര്‍ ഏഴ് മുതല്‍ 12 സീറ്റുകള്‍ വരെ സീറ്റുകളും കരസ്ഥമാക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.