22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024

ഹത്രാസ്: ആള്‍ദൈവത്തിന് ക്ലീന്‍ ചിറ്റ്; ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
ലഖ്നൗ
July 9, 2024 10:20 pm

ഹത്രാസില്‍ 121 പേരുടെ മരണത്തിനിടയാക്കിയ ആള്‍ദൈവത്തിന് ക്ലീന്‍ ചിറ്റ്. ദുരന്തത്തിലേക്ക് വഴിയൊരുക്കിയത് സംഘാടകരുടെ പിഴവുകളാണെന്ന് പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച വരുത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സിക്കന്ദർറാവ് എസ്‍ഡിഎം, സര്‍ക്കിള്‍ ഓഫീസര്‍, തഹസില്‍ദാര്‍, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണം. രണ്ടര ലക്ഷത്തോളം പേര്‍ ഭോലെ ബാബയുടെ പരിപാടിയില്‍ എത്തി. 300 പേജുള്ള റിപ്പോർട്ടിൽ സ്വയംപ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല. പകരം ഭോലെ ബാബ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചതുപോലെ ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിരിക്കാമെന്ന സൂചനയും അന്വേഷണ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലിഗഢ് പൊലീസ് കമ്മിഷണർ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. എസ്ഡിഎം, പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ 132 പേരുടെ മൊഴി റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അനുമതി നൽകിയതിലടക്കം ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചു. എസ്‍ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നും റിപ്പോർട്ടിലുണ്ട്. സംഘാടകരും പ്രാദേശിക ഉദ്യോഗസ്ഥരും പൊലീസും നിരുത്തരവാദപരമായാണ് പ്രവൃത്തിച്ചത്. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു. പരിപാടിയെ അത്ര ഗൗരവമായിട്ടല്ല ഇവര്‍ സമീപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ പൊലീസ് നിര്‍ദേശങ്ങളില്ലാതെ ജനങ്ങളെ എത്തിച്ച സംഘാടകര്‍ക്കാണ് പ്രധാന പങ്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. സംഭവം വിഷമകരമാണെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും പിന്നിൽ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും കഴിഞ്ഞ ദിവസം ഭോലെ ബാബ പ്രതികരിച്ചിരുന്നു. ദുരന്തത്തിൽ യുപി സർക്കാർ‍ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. 

Eng­lish Sum­ma­ry: Hathras: Clean chit for god­man; Sus­pen­sion of six gov­ern­ment officials

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.