21 May 2024, Tuesday

എന്നും അവകാശസമരങ്ങളുടെ മുന്നണിപ്പോരാളി

തമലം വിജയന്‍
October 5, 2021 5:53 am

വെെദ്യുതിത്തൊഴിലാളികള്‍ നെഞ്ചിലേറ്റിയ നേതൃത്രയങ്ങളാണ് സഖാക്കള്‍ ജെ ചിത്തരഞ്ജന്‍, എം സുകുമാരപിള്ള, എ എന്‍ രാജന്‍ എന്നിവര്‍. വെെദ്യുതിത്തൊഴിലാളികള്‍ക്ക് എന്നും ആവേശകരമാണ് ധീരരായ ഈ ത്രിമൂര്‍ത്തികള്‍. തൊഴിലാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സമര പോരാളികളാണിവര്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, എഐടിയുസി, ട്രേഡ് യൂണിയന്‍ രംഗത്തെ ഈ പ്രഗത്ഭമതികളില്‍ എ എന്‍ രാജനും ഓര്‍മ്മയായി.

കേരളത്തിലെ ഇലക്ട്രിസിറ്റി ജീവനക്കാരുടെ അവകാശസമരങ്ങളില്‍ എക്കാലവും മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി). വെെദ്യുതി ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനത്തെ കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണപ്രദമാകുംവിധം മുന്നോട്ടുപോകുന്നതിനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിലും സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വെെദ്യുതിമേഖലയെ സംരക്ഷിക്കുന്നതിന് ഒരായുഷ്കാലമത്രയും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു എ എന്‍ രാജന്‍.

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് വടുകുന്നപ്പുഴയില്‍ ജനിച്ച എ എന്‍ രാജന്‍, തൃശൂര്‍ എംടിഐയില്‍നിന്ന് സിവില്‍ എന്‍ജിനീയറി­ങ്ങില്‍ ഡിപ്ലോമ പാസ്സായ ശേഷം കെഎസ്ഇബിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. ജോലിയുടെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ കോലഴിയില്‍ സ്ഥിരതാമസമാക്കിയത്. കേരളത്തില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് നിറഞ്ഞുനിന്ന എ എന്‍ രാജന്‍ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ദീര്‍ഘകാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് അദ്ദേഹം ശ്രദ്ധേയനായി മാറിയത്. അവകാശ നിഷേധങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സസ്‌പെന്‍ഷനും ജയില്‍വാസവും അനുഭവിച്ചു.

1991 മുതല്‍ കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ച വെെദ്യുതിമേഖലയിലെ ദോഷകരമായ പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പോരാട്ട സമരങ്ങള്‍ക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ധീരമായ നേതൃത്വം നല്കിവന്ന സഖാവാണ് എ എന്‍ രാജന്‍.

വ്യാവസായിക പ്രശ്നങ്ങളും തൊഴില്‍പ്രശ്നങ്ങളും വിട്ടുവിഴ്ചയില്ലാതെ കെെകാര്യം ചെയ്യുന്നതിനിടയില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പലപ്രാവശ്യം അധികൃതരില്‍ നിന്നും ഉണ്ടായിട്ടും അത്തരം പ്രതിസന്ധികളില്‍ അടിപതറാതെ ധീരമായി തുടര്‍പോരാട്ടങ്ങള്‍ നടത്തിയ സഖാവായിരുന്നു എ എന്‍ രാജന്‍.

കേന്ദ്രഗവണ്‍മെന്റിന്റെ ദോഷകരമായ വെെദ്യുതി നിയമത്തിനെതിരെയും സംസ്ഥാന വെെദ്യുതിമേഖലയിലെ പ്രശ്നങ്ങളും വാര്‍ത്താ മാധ്യമങ്ങളിലൂടെ നിരന്തരം സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് എ എന്‍ രാജന്‍ ശ്രമിച്ചിരുന്നു. നേതൃത്രയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്കുംകൂടി പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മഹാഭാഗ്യമായി കരുതുന്നു.

വെെദ്യുതിമേഖലയിലെ ഈ ആദരണീയ ധീരയോദ്ധാവായ നേതാവ് എ എന്‍ രാജന്റെ അസാന്നിധ്യം കഠിനഹൃദയ നൊമ്പരത്തോടെ ഞങ്ങള്‍ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വെെദ്യുതിത്തൊഴിലാളികള്‍ ആയിരം രക്തപുഷ്പങ്ങളര്‍പ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.