22 December 2024, Sunday
KSFE Galaxy Chits Banner 2

മലയാളിയാണ്… മനസിലായോ ചേട്ടാ

പന്ന്യൻ രവീന്ദ്രൻ
November 11, 2024 9:53 pm

ക്ഷമയുടെ എല്ലാസീമകളും സഹിച്ച് ഒരു ദശകക്കാലം കാത്തിരുന്ന ഒരു കളിക്കാരന്റെ മാനുഷിക വികാരമാണ് ദക്ഷിണാഫ്രിക്കയുമായി നടന്ന ടി20 മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ലോകമാകെയുള്ള ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് കണ്ട കളി സഞ്ജു സാംസൺ എന്ന കളിക്കാരന്റെതായിരുന്നു. പത്തു സിക്സറും ഏഴ് ഫോറും ചേർന്ന് 107 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. കളിസ്ഥിരതയില്ല എന്നപേരിൽ സ്ഥിരമായി പുറത്തിരുത്തിയ സെലക്ടർമാർ കിടിലൻ ബാറ്റിങ് കണ്ട് നിശബ്ദരായിരുന്നു കാണും.സ്വന്തം നാട്ടിൽ നടന്ന സൗഹൃദ മത്സരത്തിൽ പോലും കളിപ്പിക്കാതെ അപമാനിച്ചതും സഹിച്ച് നിശബ്ദമായി കാത്തിരുന്ന ഒരു കളിക്കാരന്റെ രണ്ടും കല്പിച്ച കളിയാണ് ലോകം കണ്ടത്.

ലോകക്രിക്കറ്റ് ഇതിഹാസമായ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ടി20 താരങ്ങളിൽ ഏറെയിഷ്ടം സഞ്ജുവിനെയാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ ബാറ്റിങ് ഞാൻ ആസ്വദിക്കുന്നു. കാരണം, എനിക്കു ഏറ്റവും ഇഷ്ടമുള്ള ശൈലിയിലാണ് അദ്ദേഹം ബാറ്റുചെയ്യുന്നത്. ഫിയർ ലെസ് ക്രിക്കറ്റ് കളിക്കുന്ന അപൂർവം ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. കണിശമായ ബാറ്റിങ്, എതിരാളികളെ കശക്കി എറിയുന്ന ശൈലി ജനസമൂഹത്തെ ആവേശത്തേരിലെത്തിച്ചു. 47 ബോളിൽ സെഞ്ചുറി. 50 പന്തിൽ സെഞ്ചുറിയുൾപ്പെടെ 107 റൺസ്. അതിൽ തന്നെ 10 സിക്സറുകൾ, ഏഴ് ഫോറുകൾ എന്നിവയിലൂടെയാണ് സ്കോർ നേട്ടം. കാഴ്ചക്കാർക്ക് മനം നിറഞ്ഞ ആവേശം. ഒരിന്ത്യൻ കളിക്കാരൻ ടി20യിലെ രണ്ട് സെഞ്ചുറി നേടിയ റെക്കോഡും, 50 പന്തിനുള്ളിൽ സെഞ്ചുറി എന്ന റെക്കോഡും എഴുതിച്ചേർത്തു. തുടർച്ചയായി രണ്ടു മത്സരത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതിയും സഞ്ജുവിന്റെ പേരിലായി.

2019ൽ സഞ്ജു ഐപിഎല്ലിൽ 2000 റൺനേടിയ ആദ്യ താരമായിരുന്നു. അതും ഐപിഎല്ലിൽ 100ൽ താഴെ കളികളിൽ നിന്നാണ് ഈ അപൂർവനേട്ടം അന്ന് സ്വന്തമാക്കിയത്.ലോകമാകെ ആരാധകരുള്ള സഞ്ജു സാംസൺ കാരുണ്യത്തിന് വേണ്ടി കളിക്കുന്നതല്ല. തന്റെ കഴിവ് ആരാധകർക്കു മുന്നിൽ കാണിച്ചു കൊടുക്കുവാനാണ് സഞ്ജു ശ്രമിച്ചത്. ബിസിസിഐ നേതൃത്വത്തിന് ഒരു കളിക്കാരന്റെ മനോവേദന കാണാനൊക്കില്ല. സെലക്ടർമാർക്ക് ഏതിലും ന്യായമുണ്ടാകാം. എന്നാലും, കൃത്യമായി ഒമ്പതു വർഷക്കാലം മഴയെക്കാത്തുകിടക്കുന്ന വേഴാമ്പലിനെപ്പോലെ കാത്തിരുന്ന സഞ്ജു സാംസൺ കേരളീയരുടെ മനോവിഷമം മാറ്റിയെടുക്കുകയും അവരുടെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്തു. കളി കഴിഞ്ഞു സഞ്ജു പറഞ്ഞവാക്കുകൾ മനം കുളിർക്കുന്നതാണ്. എന്നെ എല്ലാവരും സഹായിച്ചു പ്രത്യേകിച്ച് ഗൗതം ഗഭീറും, ക്യാപ്റ്റനും നൽകിയ പിന്തുണ എന്നെ കരുത്തനാക്കി. ലക്ഷോപലക്ഷം ആരാധകരുടെ മാനസിക പിന്തുണ എന്റെ മനസിനെ ആവേശം കൊള്ളിച്ചു. സമൂഹമാധ്യമങ്ങളിൽ വ­ൈ­റലാകുന്ന തമിഴ്‌നാട്ടിലെ ആരാധകന്റെ ആവേശം കൗതുകമുണർത്തുന്നതാണ്. ടി20 മത്സരത്തിലെ ആവേശത്തീപ്പൊരികളും വെടിക്കെട്ടിനെ വെല്ലുന്ന ബാറ്റിങ്ങും ആരാധകരുടെ മനസിൽ അനുഭുതിയുടെ തിരമാലകൾ സൃഷ്ടിച്ചു. സഞ്ജു അടിച്ചുകൂട്ടിയ പത്ത് ഓവറുകളും ലോകം കൗതുകത്തോടെ കണ്ടു കയ്യടിച്ചു. മലയാളികൾ കാത്തിരുന്ന അപൂർവനേട്ടം സമ്മാനിച്ച സഞ്ജു സാംസണെ ക്രിക്കറ്റ് പ്രേമികൾക്ക് കയ്യൊഴിയാൻ പറ്റില്ല. ഒരു കളിക്കാരന്റെ കഴിവ് പരമാവധി ഉപയോഗിച്ചു രാജ്യത്തിന് വിജയം കരസ്ഥമാക്കുകയെന്ന മിനിമം കടമ വിസ്മരിച്ചതിൽ ബിസിസിഐക്ക് വീണ്ടുവിചാരം വന്ന് കാണുമെന്ന് പ്രതീക്ഷിക്കാം.

സഞ്ജുവിന്റെ നേട്ടങ്ങളും അപാരമായ ബാറ്റിങ് മികവും 2019ൽ തന്നെ രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് നിരൂപകർ ചർച്ച ചെയ്തിരുന്നു. ഐപിഎല്ലിൽ 2000 റണ്ണെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അന്ന് സഞ്ജു . സൂപ്പർ സ്റ്റാർ സഞ്ജു സാംസൺ എന്നാണ് വാർത്താമാധ്യമങ്ങൾ വിലയിരുത്തിയത്. പ്രധാന താരങ്ങളും സഞ്ജുവിന്റെ അപാരമായ കഴിവിനെ പ്രശംസിച്ചിരുന്നു. അന്ന് സെഞ്ചുറി നേടിയകളിയിൽ ഭുവനേശ്വർ കുമാറിന്റെ രണ്ട് ഓവറിൽ സഞ്ജു അടിച്ചെടുത്തത് 45 റണ്‍സാണ്. അന്ന് ആകാശ് ചോപ്ര പത്രക്കാരോട് പറഞ്ഞു. കണ്ണുകൊണ്ടു കണ്ട ആ വിസ്മയ ബാറ്റിങ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ്. അന്നത്തെ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ പത്രത്തിലെ കോളത്തിൽ വിശദമായി എഴുതിയത് ഇ­ന്ന് മറിച്ച് നോക്കാം.“ടി20 ക്രിക്കറ്റ് മാസ്മരിക ലോകമാണ്. പക്ഷെ, സഞ്ജു ബാറ്റ് ചെയ്യുമ്പോൾ കാലം നിശ്ചലമാകുന്നു. ക്രിക്കറ്റ് ബാറ്റ് വിസ്മയമാകുന്നു. ഒരുക്കിയെടുത്ത ശരീരത്തിന്റെ കരുത്തല്ല. പ്രതിഭയുടെ അനർഗള പ്രവാഹമാണ് അവിടെ നിന്ന് ഒഴുകുന്നത്. മനോഹരമായ കവിതപോലുള്ള ഇന്നിങ്സ് എത്ര ആനന്ദകരം” അഞ്ചു വർഷം മുൻപ് നിരൂപകരും പ്രമുഖ താരങ്ങളും സഞ്ജുവിന്റെ കഴിവിനെ പ്രശംസിച്ചിട്ടും ഇത്രയുംകാലം തഴഞ്ഞത് “സ്ഥിരതയില്ലെന്ന” പേരിലാണ്. ഒന്നോരണ്ടോ കളിയിൽ നിറംമങ്ങിയാൽ പുറംതള്ളുന്നത് മറ്റു കളിക്കാർക്ക് ബാധകമല്ല. കേരളീയരോട് കാണിക്കുന്ന ചിററമ്മ നയത്തിൽ തഴയപ്പെട്ട സഞ്ജു എല്ലാത്തരം പ്രതിബന്ധങ്ങളെയും കളി കൊണ്ട് നേരിട്ടതിൽ നമുക്കു അഭിമാനിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.