
തെലങ്കാനയിലെ വികാരാബാദ് ജില്ലയിൽ കുടുംബതർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അനുഷ (22) എന്ന യുവതിയാണ് ഭർത്താവ് പരമേഷ് കുമാറിന്റെ മർദനമേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്. എട്ടുമാസം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് അനുഷയും പരമേഷും. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി പരമേഷ് അനുഷയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുൻപ് വഴക്കിനെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ അനുഷയെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് പരമേഷ് തിരികെ കൊണ്ടുവന്നത്. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ തർക്കം വീണ്ടും രൂക്ഷമായി. ബൈക്കിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കാൻ ശ്രമിച്ച അനുഷയെ പരമേഷ് ബൈക്കിന് അടുത്തേക്ക് തള്ളിയിടുന്നതും കഴുത്തിന് പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീടിന്റെ താക്കോൽ അനുഷ വലിച്ചെറിഞ്ഞതോടെ പ്രകോപിതനായ പരമേഷ് മരത്തടി ഉപയോഗിച്ച് ആറിലധികം തവണ യുവതിയുടെ തലയ്ക്ക് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. അയൽവാസി തടയാൻ ശ്രമിച്ചെങ്കിലും പരമേഷ് ആക്രമണം തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുഷയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനുഷയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരമേഷിനും അമ്മയ്ക്കുമെതിരെ വികാരാബാദ് പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.