
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നാം ദിനം ജയിക്കാൻ ഇന്ത്യക്കു വേണ്ടിയിരുന്നത് 124 റൺസ് മാത്രം. എന്നാൽ, 93 റൺസിന് ഓൾഔട്ടായ ടീം 30 റൺസിന്റെ തോൽവി വഴങ്ങി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴുത്തിന് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യക്ക് ഒരു ബാറ്റ്‌സ്മാന്റെ കുറവുണ്ടായി. വാഷിങ്ടൺ സുന്ദറിനെ വൺ ഡൗൺ ബാറ്ററാക്കിക്കൊണ്ട് നാല് സ്പിന്നർമാരെ കളത്തിലിറക്കിയ കോച്ച് ഗൗതം ഗംഭീറിന്റെ പരീക്ഷണവും അപ്പാടെ പാളി. സുന്ദറിനെയും അക്ഷര്‍ പട്ടേലിനെയും ഉള്‍പ്പെടുത്തിയതോടെ ഉണ്ടായ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ കുറവ് ഇന്ത്യൻ നിരയിൽ പ്രകടമായിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിലെത്തിയ ധ്രുവ് ജുറേൽ നിരാശപ്പെടുത്തിയതും തിരിച്ചടിക്ക് ആക്കം കൂട്ടി. സുന്ദറിന്റെയോ അക്ഷറിന്റെയോ ബൗളിങ് മികവും മത്സരത്തിൽ പ്രകടമായതുമില്ല.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 14 ഓവര്‍ പന്തെറിഞ്ഞ ഹാര്‍മര്‍ 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സിലും നാല് വിക്കറ്റ് സ്വന്തമാക്കിയ ഹാര്‍മറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
സ്കോർ ബോർഡിൽ ഒരു റൺ എത്തുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടു. യശസ്വി ജയ്സ്വാളിനെയും (0) കെ എൽ രാഹുലിനെയും (1) മാർക്കോ യാൻസൻ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍-ധ്രുവ് ജുറെല്‍ കൂട്ടുകെട്ട് 32 റണ്‍സ് ചേര്‍ത്തത് ചെറിയ പ്രതീക്ഷ നൽകിയിരുന്നു. വീണ്ടും ജുറേലിന്റെ വിക്കറ്റ് വീഴ്‌ത്തി സൈമണ്‍ ഹാര്‍മർ എത്തിയതോടെ പ്രതീക്ഷ വീണ്ടും മങ്ങിത്തുടങ്ങി. 34 പന്തില്‍ 13 റണ്‍സായിരുന്നു ജുറേലിന്റെ സമ്പാദ്യം.
പിന്നീടങ്ങോട്ട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത് ടീം ഇന്ത്യയുടെ പതനത്തിനായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ (31) ഇന്ത്യയുടെ ടോപ് സ്കോററായി. റിഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (18), അക്സര്‍ പട്ടേല്‍(26) കുല്‍ദീപ് യാദവ്(1), ബുംറ(0), സിറാജ്(0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഇന്ത്യ 34 ഓവറില്‍ 93 റണ്‍സില്‍ ഒമ്പത് വിക്കറ്റും നഷ്ടപ്പെടുത്തി. മാര്‍കോ യാന്‍സണും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഐഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ, ആദ്യ ഇന്നിങ്‌സിലെ 30 റണ്‍സ് ലീഡിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ക്യാപ്റ്റൻ ടെംബ ബാവുമയുടെയും (55 നോട്ടൗട്ട്) ഓൾറൗണ്ടർ കോർബിൻ ബോഷിന്റെയും (25) ചെറുത്തുനില്പാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 150 കടത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ് ലഭിച്ചു. 15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ജയം നേടുന്നത്. ഈ വിജയത്തോടെ പരമ്പരയില്‍ 1–0ത്തിന് പ്രോട്ടീസ് മുന്നിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.