
കുവൈറ്റിൽ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിയമം നാളെ (ഡിസംബർ 23, ചൊവ്വാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. വർദ്ധിച്ച സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാകാനായി ഇന്ന് (ഡിസംബർ 22) ഇൻഷുറൻസ് പുതുക്കുന്നതിനും പണമടയ്ക്കുന്നതിനുമായി പ്രവാസികൽക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ശമ്പളം ലഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ പ്രവാസികുടുംബങ്ങൾ നെട്ടോട്ടത്തിലാണ്.
ഡിസംബർ 23 മുതൽ അപേക്ഷിക്കുന്നവർക്ക് ഓരോ കുടുംബാംഗത്തിനും പ്രതിവർഷം 100 കുവൈറ്റ് ദിനാർ (ഏകദേശം 28,500 രൂപ) ആണ് ആരോഗ്യ ഇൻഷുറൻസ് നിരക്ക്. നിലവിൽ ഇത് കുട്ടികൾക്ക് 30 ഉം മുതിർന്നവർക്ക് 40 ഉം റസിഡൻസി , സ്റ്റാമ്പ് ഫീ ഉൾപ്പെടെ 45 ഉം 55 ഉം ദിനാറാണ്. സാമ്പത്തിക പരധീനതയ്ക്കിടയിലും 50 ദിനാറോളം കരുതി വെക്കാം എന്ന് കരുതിയാണ് വിസ കാലാവധി തീരാൻ മാസങ്ങളുള്ളവർ പോലും 23 നുള്ളിൽ പണമടച്ച് ഇൻഷുറൻസ് പുതുക്കുന്നത്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇന്ന് ഇൻഷുറൻസ് പുതുക്കിയാൽ 200 ദിനാറോളം ബാധ്യത കുറക്കാൻ സാധിക്കും. നാളെ മുതൽ ഇത് 400 ദിനാറായി വർദ്ധിക്കും.
ഡിസംബർ 22 വരെ പണമടയ്ക്കുന്നവർക്ക് പഴയ നിരക്കിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാൽ താമസാനുമതി (ഇഖാമ) പുതുക്കാനുള്ളവർ അവസാന നിമിഷം ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. സാധാരണക്കാരായ പ്രവാസികൾക്ക് ഈ നിരക്ക് വർദ്ധന വലിയൊരു ആഘാതമാണെന്നിരിക്കെ, സ്വയം രക്ഷാമാർഗ്ഗമായിട്ടാണ് എല്ലാവരും മുൻകൂട്ടി ഇൻഷുറൻസ് എടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.