22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 9, 2024
May 27, 2024
July 12, 2023
October 12, 2022
August 15, 2022
July 24, 2022
July 13, 2022
June 24, 2022

വീട്ടിലേക്ക് ഒരു റോബോട്ടിനെ വാങ്ങിയാലോ? വൈവിദ്ധ്യങ്ങളുമായി ഹെല്‍ത്ത്ടെക് ഉച്ചകോടി

Janayugom Webdesk
June 24, 2022 6:18 pm

ദന്തഡോക്ടറുടെ അടുത്തു പോകുമ്പോള്‍ പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്‍റെ ശബ്ദം കേട്ട് പേടിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ഉത്പന്നമാതൃക നിര്‍മ്മിച്ചിരിക്കുകയാണ് തൃശൂരിലെ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ മെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹെല്‍ത്ത്ടെക് ഉച്ചകോടിയില്‍ നൂതനമായ നിരവധി ഹെല്‍ത്ത്ടെക് ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആരോഗ്യപരിപാലന രംഗത്തെ സമസ്ത മേഖലകളിലുമുള്ള നൂതനത്വങ്ങള്‍ ഹെല്‍ത്ത്ടെക് ഉച്ചകോടിയില്‍ കാണാം. പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്‍റെ ശബ്ദത്തിനേക്കാള്‍ ഫ്രീക്വന്‍സി കുറഞ്ഞ ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണ് ഇതിലുപയോഗിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളായ മിന്‍ഷയും ആല്‍ഫിനും പറഞ്ഞു.

ഓട്ടിസം ബാധിച്ച കുട്ടികളെ വ്യായാമം ചെയ്യിക്കാനും അവരുടെ കൂടെ കളിക്കാനും ഉതകുന്ന റോബോട്ടും കുട്ടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടികളോട് പ്രോത്സാഹന വാക്കുകള്‍ പറയാനും സമ്മാനങ്ങള്‍ നല്‍കാനും റോബോട്ടിന് കഴിയുമെന്ന് വിദ്യാര്‍ത്ഥികളായ ആല്‍ബിനും അമിതും പറഞ്ഞു. കോളേജുമായി സഹകരിക്കുന്ന ചില ആശുപത്രികളില്‍ നിന്നാണ് ഈ നൂതനാശയങ്ങള്‍ രൂപപ്പെട്ടു വന്നതെന്ന് സഹൃദയിലെ അധ്യാപകരായ ഡോ. രമ്യ ജോര്‍ജ്ജും ജിബിന്‍ ജോസും പറഞ്ഞു. കുട്ടികള്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്കും ഏകാന്തത അനുഭവിക്കുന്നവര്‍ക്കും ഈ റോബോട്ട് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. സിഡാക് വികസിപ്പിച്ചെടുത്ത സെര്‍വിസ്കാന്‍, മാക്സോഫേഷ്യല്‍ ശസ്ത്രക്രിയ ചെയ്യാനുള്ള സിമുലേറ്റര്‍, മാഗ്നറ്റിക് റെസൊണന്‍സ് സോഫ്റ്റ്വെയര്‍, രക്തധമനികള്‍ തൊലിപ്പുറത്ത് തന്നെ തിരിച്ചറിയാനുള്ള ഇന്‍ഫ്രാറെഡ് സ്കാനര്‍, ശയ്യാവലംബിയായ രോഗിയെ നടത്താനുള്ള ജി ഗെയിറ്റര്‍, ത്രിഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ അവയവങ്ങള്‍, സുഖപ്രസവത്തിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന ആപ്പ്, ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുകയും ഡോക്ടര്‍ക്കോ ആശുപത്രിക്കോ അലാറം നല്‍കാനുള്ള ഉപകരണം തുടങ്ങി 30 ഓളം കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിലെ 35 ഓളം വിദഗ്ധരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

കേരള ഐടി, ഇഹെല്‍ത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഡിജിറ്റല്‍ സൊല്യൂഷന്‍സ് ലാന്‍ഡ്സ്കേപ്സ് ഫോര്‍ ഹോസ്പിറ്റല്‍സ്, ആരോഗ്യ മേഖലയിലെ സാങ്കേതിക ഇടപെടലുകളുടെ പ്രസക്തി, രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം, ആരോഗ്യ മേഖലയിലെ നിര്‍മ്മിതബുദ്ധി വിനിയോഗം, ആരോഗ്യപരിചരണത്തില്‍ ഡാറ്റ അനാലിസിസിന്‍റെ പങ്ക്, പകര്‍ച്ചവ്യാധി തടയുന്നതിലെ മികച്ച സാങ്കേതികവിദ്യാ മാതൃകകള്‍, ആരോഗ്യപരിചരണത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍, ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകള്‍, ഹെല്‍ത്ത്ടെക് ആവാസവ്യവസ്ഥയില്‍ നൂതന സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്, തുടങ്ങിയവിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നു.

Eng­lish Sum­ma­ry: Healthtech Sum­mit with Diversity

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.