22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 16, 2024
May 27, 2024
May 10, 2024
April 2, 2024
February 12, 2024
August 24, 2023
August 3, 2023
July 8, 2023
May 27, 2023

ചൂട്, കള്ളക്കടല്‍: മത്സ്യത്തൊഴിലാളി മേഖല പട്ടിണിയില്‍

ഷാജി ഇടപ്പള്ളി
കൊച്ചി
May 10, 2024 10:27 pm

കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്ര താപനിലയില്‍ സംഭവിച്ച മാറ്റം മത്സ്യലഭ്യതയും കുറച്ചു. ഇതുമൂലം മാസങ്ങളായി മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ ഇടയാക്കിയത്. മൂന്ന് മാസമായി ഈ പ്രതിസന്ധി തുടരുകയാണ്.
ഇപ്പോൾ ചൂട് കടുത്തതോടെ തീരെ മത്സ്യം കിട്ടാത്ത സ്ഥിതിയുമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യമാണ് കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. അതിനാൽ വിലയും കൂടി. 

ഒരു ബോട്ട് കടലിൽ പോകുമ്പോൾ ഏകദേശം ഒരുലക്ഷം രൂപയോളം ചെലവാകും. ഇപ്പോഴത്തെ അവസ്ഥയിൽ കനത്ത നഷ്ടം സഹിച്ചാണ് മത്സ്യബന്ധനയാനങ്ങൾ കടലിൽ നിന്നും മടങ്ങുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ സമയം കടലിൽ തങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇന്ധന വില കൂടിയതും പഴയ തോതിൽ മത്സ്യം കിട്ടാത്ത സാഹചര്യവും കൂടി വന്നതോടെ കടലിനെയും കായലിനെയും ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഈ മേഖലയുമായി പലവിധത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10 ലക്ഷത്തോളം വരുന്ന തൊഴിലാളി കുടുംബങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും പട്ടിണിയിലാണ്. 

താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയിലാണ് ഓരോ ദിവസവും ഇവർ തള്ളിനീക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങള്‍ കണവ, അയല എന്നിവ കൂടുതലായി കിട്ടുന്ന മാസങ്ങളാണ്, എന്നാൽ ഇക്കുറി മുൻവർഷങ്ങളിൽ കിട്ടിയിരുന്നതിന്റെ പകുതിപോലും കിട്ടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെമ്മീൻ, ചാള, നത്തോലി ഉൾപ്പെടെയുള്ള മീനുകളുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. കായൽ മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായി. കരിമീൻ, കൊഞ്ച്, കണമ്പ്, തിലോപ്പിയ എന്നിവയ്ക്കാണ് ക്ഷാമം നേരിട്ടത്.
കള്ളക്കടൽ പ്രതിഭാസം കാരണം നിരവധി ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത അവസ്ഥ വന്നിരുന്നു. അതിന് ശേഷം ചൂട് സൃഷ്ടിച്ച പ്രതിസന്ധിയും. ഇനി അടുത്ത മാസം ട്രോളിങ് ആരംഭിക്കും. ഇത്തരത്തിൽ മത്സ്യബന്ധന മേഖല പൂർണമായി ദുരിതത്തിലാണ്. 

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച് അർഹമായ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ ആവശ്യപ്പെട്ടു. 

Eng­lish Summary:Heat, black sea: Fish­er­men starve
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.