കേരളത്തിൽ നെൽക്കൃഷി രണ്ടാംവിള കൊയ്ത്ത് ഏകദേശം പൂർത്തിയായപ്പോൾ കനത്ത ചൂടിൽ ഉല്പാദനം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. 2022–23 ൽ 7,31,182 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ ഇപ്പോൾ അത് 4,99,768 മെട്രിക് ടണ്ണായി കുറഞ്ഞു. 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ 2,000 ഹെക്ടറിൽ താഴെയാണ് ഇനി വിളവെടുപ്പ് അവശേഷിക്കുന്നത്. ഏക്കറിന് ഏകദേശം 25 മുതൽ 30 ക്വിന്റൽ വരെ ഉല്പാദനം ഉണ്ടായിരുന്ന പാടശേഖരങ്ങളിൽ ഇപ്പോഴത് 15 ക്വിന്റലായി കുറഞ്ഞു. ഒരു കർഷകന് കുറഞ്ഞത് ഒരു ഏക്കറിൽ നിന്ന് 20 ക്വിന്റൽ നെല്ല് ലഭിച്ചാൽ മാത്രമേ ഉല്പാദനച്ചെലവ് ലഭിക്കൂ. എന്നാൽ പലർക്കും 20 കിന്റലിൽ താഴെ മാത്രമാണ് ലഭിച്ചത് .
കുട്ടനാട്ടിൽ പാടശേഖരം പാട്ടത്തിനെടുത്താണ് വലിയൊരു വിഭാഗം നെൽക്കൃഷി നടത്തുന്നത്. ഏക്കറിന് 25,000 രൂപയാണ് പാട്ടത്തുക. ഇത്തരം കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്.
സപ്ലൈകോ ഇത്തവണ പരാതി രഹിതമായാണ് നെല്ല് സംഭരിച്ചത്. 2022–23 ൽ ഒന്നാംവിളയിൽ 2,26,619 മെട്രിക് ടൺ നെല്ലും രണ്ടാം വിളയിൽ 5,04,563 മെട്രിക് ടൺ നെല്ലുമാണ് സംഭരിച്ചത്. എന്നാൽ 2023–24 ൽ ഒന്നാം വിള സീസണിൽ 1,53,862 മെട്രിക് ടണ്ണും രണ്ടാം വിള സീസണിൽ 3,45,906 മെട്രിക് ടണ്ണും ആയി സംഭരണം കുറഞ്ഞു. ഉല്പാദനക്കുറവിന്റെ പ്രധാന കാരണം കടുത്ത ചൂടാണെന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ പറയുന്നു.
2022–23 സീസണിൽ ആലപ്പുഴയിലെ നെല്ലുല്പാദനം 1,69,106.03 മെട്രിക് ടൺ ആയിരുന്നെങ്കിൽ 2023–24ൽ അത് 1,48,512 മെട്രിക് ടണ്ണായി കുറഞ്ഞു. കേരളത്തിലെ പ്രധാന നെൽക്കൃഷി കേന്ദ്രങ്ങളായ ആലപ്പുഴയും പാലക്കാടും ഉൾപ്പടെ ഏകദേശം 1,47,886 ഹെക്ടറിൽ 2,33,465 കർഷകർ കൃഷി ചെയ്തു. ആലപ്പുഴയിൽ 44,809 കർഷകർ 35,950 ഹെക്ടറിലാണ് കൃഷിയിറക്കിയത്. പാലക്കാട് 98,384 കർഷകർ 53,203 ഹെക്ടറിലും കൃഷിചെയ്തു.
English Summary: Heat is the villain; Rice production has decreased
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.