2 May 2024, Thursday

നെല്ല് സംഭരണ പ്രതിസന്ധി; ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
November 18, 2023 5:00 am

കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെയും കേന്ദ്രസർക്കാരിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ ചുമതലയുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായ സിവിൽ സപ്ലെെസ് കോർപറേഷനെയും ഭക്ഷ്യ, പൊതുവിതരണ വകുപ്പിനെയും അപകീർത്തിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടികളും ഒരുപറ്റം മാധ്യമങ്ങളും. സർക്കാരിനെതിരായ കുപ്രചാരണത്തിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ബിജെപിയും കൈകോർക്കുന്ന പതിവ് രീതിയിൽനിന്നും വ്യത്യസ്തമല്ല ഇക്കാര്യത്തിലും അവലംബിക്കുന്നത്. സംഭരിച്ച നെല്ലിന് വില നൽകുന്ന പാഡി റെസിപ്റ്റ് ഷീറ്റ് (പിആർഎസ്) സമ്പ്രദായത്തെയും ആലപ്പുഴയിൽ കഴിഞ്ഞദിവസം ഒരു നെൽക്കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും വിവാദമാക്കി എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയിൽ കരിവാരിത്തേക്കാൻ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വലിയ ശ്രമംതന്നെ നടത്തുകയുണ്ടായി. വിഷയത്തിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിലും കൃഷി മന്ത്രി പി പ്രസാദും മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വിശദീകരണങ്ങൾ അത്തരം കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. സപ്ലെെകോ സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം രൊക്കം പണമായി നൽകാൻ കഴിയാതെവരുന്നതിന്റെ മുഖ്യ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെതാണ്.

നിലവിൽ സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്തതിന് ശേഷമേ അതിന് അനുവദനീയമായ തുകയ്ക്കായി കേന്ദ്രത്തിന് മുന്നിൽ അവകാശം ഉന്നയിക്കാൻ കഴിയൂ. ഈ വ്യവസ്ഥ മാറ്റാൻ കേന്ദ്രം തയ്യാറായെങ്കിൽ മാത്രമേ നെല്ല് അളന്നെടുത്താൽ ഉടനെ കർഷകന് വില നൽകാനാകൂ. അക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിനൊപ്പം കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കാൻ 19 ലോക്‌സഭാംഗങ്ങളുള്ള കോൺഗ്രസും യുഡിഎഫും വിസമ്മതിക്കുന്നു. മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണണമെന്ന ക്രൂരതയാണ് പ്രതിപക്ഷം കാഴ്ചവയ്ക്കുന്നത്. സംഭരിച്ച നെല്ലിന് യഥാസമയം പണം നൽകാത്ത കേന്ദ്രത്തിന്റെ തെറ്റായ നിലപാടാണ് ബാങ്കുകളുടെ കൂട്ടായ്മയിൽ നിന്ന് വായ്പയെടുത്ത് പിആർഎസ് ആയി കർഷകർക്ക് വില നൽകാൻ കേരളത്തെ നിർബന്ധിതമാക്കുന്നത്. ആ വായ്പ പലിശസഹിതം തിരിച്ചടയ്ക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം സപ്ലെെകോയ്ക്കും അതുവഴി കേരള സർക്കാരിനുമാണ്. സംഭരിച്ച നെല്ലിന്റെ വിലയായി കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ളത് 790 കോടി രൂപയാണ്. അത് നൽകാതെ കേരളത്തിന് പണം നൽകിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നടത്തുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണ്. ആ നുണപ്രചാരണത്തിന് കുടപിടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കർഷകന് ലഭ്യമാക്കുന്ന പിആർഎസ് ഒരുതരത്തിലും അവരുടെ വായ്പാ യോഗ്യതയെ ബാധിക്കില്ലെന്ന് ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ‘സിബിൽ സ്കോർ’ വ്യക്തമാക്കുന്നു. ദൗർഭാഗ്യകരമായ ആ സംഭവത്തിൽ ഉൾപ്പെട്ട കര്‍ഷകന്റെ സ്കോർ 812 ആണ്. അത് വായ്പ ലഭിക്കാവുന്ന ഉയർന്ന സ്കോർ ആണെന്ന് ബാങ്കിങ് വൃത്തങ്ങൾ സമ്മതിക്കുന്നു. പിആർഎസ് വ്യക്തികളുടെ വായ്പാ യോഗ്യതയെ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ:കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ 


ഒരു വ്യക്തിക്ക് പരമാവധി ലഭിക്കാവുന്ന സ്കോർ 900 ആണെന്നിരിക്കെ വായ്പ നിഷേധിക്കപ്പെട്ടതിന്റെ കാര്യകാരണങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണം. മതിയായ കാരണംകൂടാതെ വായ്പ നിഷേധിക്കപ്പെട്ടതാണെങ്കിൽ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും പരേതന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്താനും സർക്കാർ സന്നദ്ധമാവണം. തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച ബിജെപിയും കോൺഗ്രസുമടക്കം പാർട്ടികളും അവയുടെ നേതാക്കളും മാധ്യമങ്ങളും പരേതന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയാൻ തയ്യാറാവണം. ബിജെപിക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാരിനോടുള്ള വിയോജിപ്പും ശത്രുതയും രാഷ്ട്രീയവും ആശയപരവുമാണ്.

കേരളത്തിൽ തങ്ങൾക്ക് കാലുറപ്പിക്കാനാവില്ലെന്ന തിരിച്ചറിവ് നുണപ്രചാരണങ്ങളും വിധ്വംസകപ്രവർത്തനങ്ങളുമായി ഏതറ്റംവരെയും പോകാൻ അവരെ നിർബന്ധിതരാക്കുന്നു. കേരളത്തിലെ കർഷകർക്കും പൊതുജനങ്ങൾക്കും എതിരായ അത്തരം പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയും ജനവിരുദ്ധ‑കർഷകവിരുദ്ധ വർഗീയതയോട് കൈകോർക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ നിലപാട് ആത്മഹത്യാപരവും സ്വയം പരാജയപ്പെടുത്തലുമാണ്. സംസ്ഥാനത്തെ ജനങ്ങളോടും വിശിഷ്യ കർഷകരോടും ഏന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ കേരളത്തിനും കർഷകർക്കുമെതിരായ കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങളെ തിരുത്താൻ ജനങ്ങളോടൊപ്പം അണിനിരക്കാൻ അവർ തയ്യാറാവണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അബദ്ധവശാലെങ്കിലും ജനങ്ങൾ നൽകിയ ജനവിധിയാണ് അവർ വൃഥാവിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.