30 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024
May 8, 2024
May 6, 2024
May 6, 2024
May 4, 2024

കോണ്‍ഗ്രസില്‍ അടിയുടെ ഉഷ്ണതരംഗം

 തിരിച്ചടി തുടങ്ങി സുധാകരന്‍ 
 പുറത്താക്കാനുറപ്പിച്ച് മറുപക്ഷം
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 8, 2024 10:16 pm

ഒരുതരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കെ സുധാകരനും, ഏതുവിധേനയും കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പിച്ച് മറുവിഭാഗവും കടുപ്പിച്ചതോടെ കോണ്‍ഗ്രസില്‍ അടിയുടെ ഉഷ്ണതരംഗ സാഹചര്യം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാന്‍ കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കെ സുധാകരന്‍ നിലപാട് കടുപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ മറവില്‍ എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള ഇടപെടലുകള്‍ മനസിലാക്കിയതോടെയാണ് അധ്യക്ഷ സ്ഥാനം തിരിച്ചുവേണമെന്ന് കെ സുധാകരന്‍ നിര്‍ബന്ധം പിടിച്ചത്. കടുത്ത തീരുമാനങ്ങളെടുക്കുമെന്നുള്‍പ്പെടെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയാണ് സുധാകരന്‍ സ്ഥാനം തിരിച്ചുപിടിച്ചത്. 

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും തമ്മില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്താണ് പരസ്യമായിത്തുടങ്ങിയത്. തുടര്‍ന്ന് മഞ്ഞുരുക്കല്‍ ശ്രമത്തിന്റെ ഭാഗമായി ഇരുവരും ചേര്‍ന്നുള്ള കേരളയാത്ര നടത്താന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം കെ സുധാകരന്‍ മനസില്ലാമനസോടെയാണ് അംഗീകരിച്ചത്. യാത്രയ്ക്കിടയിലും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമായിരുന്നു. ഇനി യോജിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് വി ഡി സതീശന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് കെ സുധാകരനെതിരെയുള്ള നീക്കങ്ങള്‍ ശക്തമായത്. ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ ഒഴിവാക്കാനുള്ള നീക്കങ്ങളെ കെ സുധാകരന്‍ എതിര്‍ത്തുതോല്പിച്ചു. തുടര്‍ന്നാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതും എം എം ഹസന് താല്‍ക്കാലിക ചുമതല കൈമാറുന്നതും. എന്നാല്‍, സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെ സ്ഥിരമായി മാറ്റിനിര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് മനസിലാക്കിയാണ് കെ സുധാകരന്‍ നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനം സുധാകരന് തിരിച്ചുനല്‍കാതിരിക്കാന്‍ നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങളാണുണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം എന്നത് ഫലംവന്നതിന് ശേഷമാണെന്ന തരത്തില്‍ വ്യാഖ്യാനമുണ്ടായി. ഫലം വരട്ടെയെന്ന് ആദ്യം നിലപാടെടുത്ത ഹൈക്കമാൻഡ് കെ സുധാകരന്റെ സമ്മർദത്തോടെ മാറി ചിന്തിക്കുകയായിരുന്നു.

സ്ഥാനം തിരിച്ചുകിട്ടിയെങ്കിലും ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാകില്ലെന്ന് സുധാകരന് വ്യക്തമായി. ഇന്നലെ ചുമതലയേറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയപ്പോള്‍, ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ പോലും സ്ഥലത്തില്ലായിരുന്നു. പദവി തിരിച്ചുനല്‍കുന്നത് ഔദ്യോഗിക ചടങ്ങല്ലെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും, അസാന്നിധ്യത്തിന് കാരണം കടുത്ത അതൃപ്തിയാണെന്നത് നേതാക്കള്‍ സമ്മതിക്കുന്നു. എം എം ഹസന്‍ എത്താത്തതിലുള്ള നീരസം സുധാകരന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്നും, എന്നാല്‍ അദ്ദേഹത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാകില്ലെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിനോടുള്ള എതിര്‍പ്പും സുധാകരന്‍ മറച്ചുവച്ചില്ല. 

പാര്‍ട്ടിയിലെ എതിര്‍പക്ഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരിക്കും ഇനി തന്റെ ഭാഗത്തുനിന്നുണ്ടാവുക എന്നതിന്റെ സൂചനകളാണ് സുധാകരന്‍ നല്‍കുന്നത്. ആക്ടിങ് പ്രസിഡന്റായിരുന്ന കാലത്ത് എം എം ഹസന്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള നടപടിയിലേക്കാണ് ആദ്യം നീങ്ങുന്നത്. സംഘടനാ നടപടി നേരിട്ട എം എ ലത്തീഫിനെ തിരിച്ചെടുത്തതും യൂത്ത് കോണ്‍ഗ്രസുകാരെ ഡിസിസികളില്‍ ഉള്‍പ്പെടുത്തിയതുമടക്കമുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും താന്‍ തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 

Eng­lish Summary:Heat wave in Congress
You may also like this video

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.