22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പാക്-അഫ്ഗാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ

 കാബൂള്‍ ആക്രമണത്തിന് പകരം 
 12 പാക് സെെനികര്‍ കൊല്ലപ്പെട്ടു 
 58 പേരെ വധിച്ചതായി താലിബാന്‍
Janayugom Webdesk
കാബൂള്‍
October 12, 2025 10:33 pm

സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ — അഫ്ഗാനിസ്ഥാന്‍ അതിർത്തിയിൽ ഏറ്റുമുട്ടല്‍ രൂക്ഷം. താലിബാന്‍ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖ്വിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് സംഘര്‍ഷമെന്നത് രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു. തെക്കൻ പ്രവിശ്യയായ ഹെൽമണ്ടിലെ രണ്ട് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഇതില്‍ 12 പാക് സെെനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് സെെനിക ഔട്ട്പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 58 പാക് സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങളും തെക്കുകിഴക്കന്‍ അഫ്ഗാനില്‍ ഒരു സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് ഔട്ട്‌പോസ്റ്റുകളിലടക്കം താലിബാന്‍ ആക്രമണം നടത്തിയത്.

അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ബഹ്റാംച ജില്ലയിലെ ഷാക്കിജ്, ബിബി ജാനി, സലേഹാന്‍ പ്രദേശങ്ങളിലും പക്തിയയിലെ ആര്യുബ് സാസി ജില്ലയിലും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഫ്ഗാനുമായുള്ള പാകിസ്ഥാന്റെ രണ്ട് പ്രധാന അതിർത്തികളായ തോർഖാമും ചാമനും അടച്ചു. യാതൊരു പ്രകോപനവുമില്ലാതെ അഫ്ഗാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് തങ്ങളുടെ സൈന്യം പൂര്‍ണ ശക്തിയോടെ മറുപടി നല്‍കുന്നുണ്ടെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാബൂളിൽ തെഹ്‍രീക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദ ഗ്രൂപ്പിന്റെ നേതാവിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണമാണ് സ്ഥിതി വഷളാക്കിയതെന്നാണ് താലിബാന്‍ നിലപാട്.

എന്നാല്‍ വ്യോമാക്രമണം പാകിസ്ഥാന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പാകിസ്ഥാനിൽ ആക്രമണം നടത്തുന്ന ടിടിപി ഭീകരര്‍ക്ക് കാബൂൾ അഭയം നൽകുന്നുണ്ടെന്ന ആരോപണത്തെത്തുടർന്ന് സമീപ മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇസ്ലാമാബാദ് സർക്കാരിനെ അട്ടിമറിക്കാനും പകരം തീവ്ര ഇസ്ലാമിക ഭരണസംവിധാനം സ്ഥാപിക്കാനുമാണ് ടിടിപി പോരാടുന്നത്. അഫ്ഗാൻ മണ്ണിൽ നിന്ന് ടിടിപിക്ക് പ്രവർത്തിക്കാൻ സഹായമുണ്ടെന്ന വാദം താലിബാൻ ഭരണകൂടം നിഷേധിച്ചിരുന്നു. അതേസമയം, പാകിസ്ഥാനുമായുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖ്വി പറഞ്ഞു. ഡല്‍ഹിയില്‍ അഫ്ഗാൻ എംബസിയിൽ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ജനങ്ങളുമായും സർക്കാരുമായും നല്ല ബന്ധമാണുള്ളത്. പക്ഷേ ആ രാജ്യത്തെ ചില ഘടകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുത്താഖ്വി ആരോപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 23 പാക് സൈനികരും ഇരുന്നൂറിലധികം താലിബാനികളും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.