16 December 2025, Tuesday

Related news

December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025
November 27, 2025
November 26, 2025
November 22, 2025

ദുരിത മഴ, തലസ്ഥാനം വെള്ളത്തില്‍: 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കടലോര‑കായലോര‑മലയോര യാത്രകൾക്കും നിരോധനം
അടിയന്തര നടപടികൾക്ക് നിർദേശം നൽകി മന്ത്രിതലസംഘം
സ്വന്തം ലേഖിക
തിരുവനന്തപുരം
October 15, 2023 7:27 pm

തോരാതെ പെയ്ത മഴയിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം. ശനിയാഴ്ച രാത്രിയോടെ ശക്തമായ മഴയിൽ തിരുവനന്തപുരം നഗരപ്രദേശങ്ങളിലുൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. എയർപോർട്ട് പ്രദേശത്ത് 211 മില്ലിമീറ്ററും നഗരപ്രദേശങ്ങളിൽ 118 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രതയിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ടുണ്ടായത്.

രാത്രി പെയ്ത മഴയായതിനാൽ മിക്കയിടത്തും പുലർച്ചെയാണ് വെള്ളക്കെട്ട് രൂക്ഷമാണെന്ന കാര്യം ആളുകൾ അറിയുന്നത്. അര്‍ധരാത്രി തന്നെ ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളുമെല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ബോട്ടില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങിയിരുന്നു. മിക്കയിടത്തും റോഡുകൾ തോടുകള്‍ക്ക് സമാനമായി. ദേശീയ പാതയടക്കം പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി ഗതാഗതം തടസപ്പെട്ടു. നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പലയിടത്തും മതിലുകളും വീടും ഇടിഞ്ഞു വീണു. മരങ്ങള്‍ വീണും നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.

കണ്ണമൂല,ഗൗരീശപട്ടം,പോത്തൻകോട്, നെയ്യാറ്റിൻകര, ശ്രീകാര്യം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് അതിരൂക്ഷമായി. ടെക്നോപാർക്ക് പരിസരവും പൂര്‍ണമായി വെള്ളക്കെട്ടിലായി. ടെക്നോപാര്‍ക്കില്‍ വെള്ളം കയറിയതോടെ നിരവധി കമ്പനികളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. വെള്ളായണിയിലും ചിറയിന്‍കീഴിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു.
തേക്കുംമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് ഇവിടെയുള്ള നൂറിലേറെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. നഗരത്തിലെ കോസ്‌മോപൊളിറ്റൻ ആശുപത്രിയിൽ വെള്ളം കയറിയത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു. മലയോര മേഖലകളില്‍ നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു. കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈനിൽ വെളളം കയറിയത് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.

പൊതുജനങ്ങൾക്ക് സഹായമേകി താലൂക്ക് തല കൺട്രോൾ റൂമുകൾ രാവിലെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ജോലിയിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ കുട്ടികൾക്കായി തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കിയിരുന്നു. റവന്യുമന്ത്രി കെ രാജന്‍, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, ആന്റണിരാജു എന്നിവർ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രിമാർ സന്ദർശിച്ചു.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഖനന പ്രവര്‍ത്തനങ്ങളും ബീച്ച് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള വിനോദസഞ്ചാരവും നിരോധിച്ചു. കടലോര‑കായലോര‑മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ മഴക്കെടുതിയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപാർപ്പിച്ചു. ജില്ലയിൽ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് നദികളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.
കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും കേന്ദ്ര ജല കമ്മിഷൻ പ്രഖ്യാപിച്ചു. അതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന് ട്രെയിൻ സമയത്തിൽ റെയിൽവെ മാറ്റം വരുത്തി. കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം ന്യൂഡൽഹി-കേരള എക്സ്പ്രസ് രാത്രിയാണ് പുറപ്പെട്ടത്.

Eng­lish Sum­ma­ry: heavy rain in thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.