സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. ഇതോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു.
ഇന്ന് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാനും സാധ്യതയുണ്ട്. ജൂലൈ 31 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ആറ് അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ കനത്തമഴ തുടരുകയാണ്. പീരുമേടിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 140 മില്ലീമീറ്റര്‍. നീരൊഴുക്ക് വർധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും ഉയർന്നു. 2378.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 135.80 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
ആലപ്പുഴയിലേക്ക് കിഴക്കൻ വെള്ളത്തിന്റെ വരവ് ഗണ്യമായി വർധിച്ചു. ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖല കനത്ത ജാഗ്രതയിലാണ്. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ മഴ ശക്തമായതും ഡാമുകൾ തുറന്നതുമാണ് കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിക്കാൻ കാരണം.
എറണാകുളം ജില്ലയില്‍ നേര്യമംഗലത്ത് റോഡ് ഇടിഞ്ഞു. പൂയംകുട്ടി, പരീക്കണ്ണി,കോഴിപ്പിള്ളി പുഴകള്‍ കരകവിഞ്ഞു. രണ്ട് പാലങ്ങള്‍ മുങ്ങി. ആദിവാസി കോളനിയായ മണികണ്ഠന്‍ ചാല്‍, ബ്ലാവന തുരുത്തുകള്‍ ഒറ്റപ്പെട്ടു. തൃശൂരില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതം തുറന്നു. ചാലക്കുടിപുഴ കരകവിഞ്ഞ് ഒഴുകുകയാണ്. തീരങ്ങളില്‍ അപകടമേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
കോട്ടയം ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ചെറിയ ഉരുള്‍പ്പൊട്ടലുകളുണ്ടായി. ആള്‍നാശമോ കനത്ത നാശനഷ്ടമോ ഉണ്ടായിട്ടില്ല. എന്നാല്‍ പുഴകളില്‍ ജലനിരപ്പ് ഉയരുന്നത് ഭീഷണിയാണ്.
വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടായിട്ടില്ല. പശ്ചിമഘട്ട മലനിരകളില്‍ മഴ കനത്തതോടെ പുഴകളില്‍ അതിശക്തമായ ഒഴുക്കാണ്. പാലക്കാട് ജില്ലയിലെ അഞ്ചു ഡാമുകൾ തുറന്നതോടെ കല്‍പ്പാത്തി ഒഴികെയുള്ള എല്ലാ പുഴകളും നിറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചാല്‍ കേരളത്തിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു സ്ഥിതി ചെയുന്നതിനാലും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി ഈ മാസം എട്ടുവരെ ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനമുണ്ടായാല്‍ അതിനു ശേഷവും മഴ ലഭിച്ചേക്കും.
English summary;Heavy rains again in the state; Orange alert in five districts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.