17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 13, 2025
April 10, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 6, 2025
April 6, 2025
April 2, 2025

മ്യാന്‍മറില്‍ കനത്ത മഴ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി

Janayugom Webdesk
നയ‍്പിഡോ
April 6, 2025 9:55 pm

മ്യാന്‍മറിലെ ദുരിത്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴ. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മാന്‍ഡലെ നഗരത്തിലെ താല്‍ക്കാലിക ടെന്റുകള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു. കാലം തെറ്റിയ മഴ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട് തുറസായ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന് ദുരിതാശ്വാസ ഏജൻസികൾ മുന്നറിയിപ്പ് നൽകി. മാർച്ച് 28ന് ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,471 ആയി ഉയർന്നതായും 4,671 പേർക്ക് പരിക്കേറ്റതായും 214 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ നയ‍്പിഡാവ് ഉൾപ്പെടെ ആറ് പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. പല പ്രദേശങ്ങളിലും വൈദ്യുതി, ടെലിഫോൺ, മൊബൈൽ ഫോൺ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനായിട്ടില്ല. ഇത് നാശനഷ്ടങ്ങളുടെ പൂര്‍ണ വ്യാപ്തി വിലയിരുത്തുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആഭ്യന്തരയുദ്ധം മൂലം ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മ്യാന്‍മറിനെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ഭൂകമ്പം.

5,223 കെട്ടിടങ്ങൾ, 1,824 സ്കൂളുകൾ, 4,817 പഗോഡകൾ, ക്ഷേത്രങ്ങൾ, 167 ആശുപത്രികൾ, ക്ലിനിക്കുകൾ, 169 പാലങ്ങൾ, 198 അണക്കെട്ടുകൾ, രാജ്യത്തെ പ്രധാന പാതയുടെ 184 ഭാഗങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പ്രഭവകേന്ദ്രത്തിനടുത്തുള്ള സാഗൈങ്ങ് നഗരത്തിലും മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലും നാശനഷ്ടങ്ങള്‍ ഗുരുതരമായിരുന്നു. ആദ്യ ഭൂകമ്പത്തിനു ശേഷം തുടര്‍ച്ചചലനങ്ങള്‍ ഇപ്പോഴും രേഖപ്പെടുത്തുന്നുണ്ടെന്ന് യുഎൻ സഹായ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. 2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂകി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത ജനറൽ മിൻ ഓങ് ഹ്ലൈങ്ങിന്റെ നേതൃത്വത്തിലുള്ള സൈനിക സർക്കാർ ബുധനാഴ്ച താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, സെെന്യത്തിന്റെ ഭരണത്തെ പിന്തുണയ്ക്കാത്ത പ്രദേശങ്ങളിലെ സഹായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഓഫിസ് പറഞ്ഞു. വെടിനിർത്തലിന് ശേഷവും എതിരാളികൾക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടി. കരേനി, ഷാൻ സംസ്ഥാനങ്ങളിൽ സൈന്യം ബോംബുകൾ വർഷിക്കുകയും കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തതായി ദുരിതാശ്വാസ സംഘടനയായ ഫ്രീ ബർമ്മ റേഞ്ചേഴ്‌സ് റിപ്പേ­ാര്‍ട്ട് ചെയ്തു. ചൈന, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തേക്ക് ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരെയും അയയ്ക്കുന്നുണ്ട്. ഭൂകമ്പബാധിത സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിന് ഒമ്പത് ദശലക്ഷം ഡോളറാണ് യുഎസ് വാഗ്‍ദാനം ചെയ്തിട്ടുള്ളത്. അതേസമയം, തായ്‌ലൻഡിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 17 പേർ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നാണ് മരിച്ചത്. 77 പേരെ കാണാതായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.