9 December 2025, Tuesday

Related news

December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025

മഴക്കെടുതി രൂക്ഷം; കണ്ണമാലിയിൽ അടിയന്തര 
ഇടപെടൽ വേണം: കെ എം ദിനകരൻ

Janayugom Webdesk
കൊച്ചി
June 19, 2025 10:02 am

ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമായി തുടരുന്നു. രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ആശങ്കകൾ അവസാനിക്കുന്നില്ല.
കടൽ ക്ഷോഭം രൂക്ഷമായ കണ്ണമാലിയിലും പരിസര പ്രദേശങ്ങളിലും സിപിഐ ജില്ലാ നേതാക്കൾ സന്ദർശനം നടത്തി സ്ഥിഗതികൾ വിലയിരുത്തി. കടൽക്ഷോഭം ദുരിതം വിതച്ച കണ്ണമാലി, ചെറിയ കടവ് പ്രദേശങ്ങളിലാണ് സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശനം നടത്തിയത്. തീരവാസികളുടെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ സിപിഐ നേതാക്കൾ നാട്ടുകാരെ ആശ്വസിപ്പിച്ചു. കടൽ വെള്ളം ഇരച്ച് കയറിയ പല വീടുകളും തകർച്ചയുടെ വക്കിലാണ്. വീട്ടുപകരണങ്ങളും മറ്റും മോശമായ അവസ്ഥയിലാണ്. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ജില്ലാ കലക്ടറോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന കൗൺസിലംഗം ടി രഘുവരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ ഷബീബ്, കൊച്ചി മണ്ഡലം സെക്രട്ടറി എം കെ അബ്ദുൽ ജലീൽ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ പി കെ ഷിഫാസ്, മുഹമ്മദ് അബ്ബാസ്, കെ എ അനൂപ്, എ ബി ജോസി എന്നിവർ അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.
ജില്ലയുടെ അതിർത്തി നഗരമായ മൂവാറ്റുപുഴയിലും മഴ നാശം വിതച്ചിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭ 1,3 വാർഡുകളിലൂടെ കടന്നു പോകുന്ന മണിയം തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത് ആശങ്കയുയർത്തി. ചൊവ്വാഴ്ച പെയ്ത മഴയിലാണ് ഭിത്തി തകർന്ന് വീണത്. തുടർന്ന് വീടുകളിലേക്ക് വെള്ളം ഒഴുകി എത്തി.
വീടിന്റെ മതിലും ഇടിഞ്ഞു. അഞ്ചോളം കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴിയാണ് അപകടാവസ്ഥയിലായത്. സംഭരണ ഭിത്തി തകർന്നത് വീടുകൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. ഇതോടെ ജനവാസ കേന്ദ്രമായ മൂന്നു കണ്ടം കോളനിയിലുള്ള വീടുകളുടെ പരിസരത്തേക്ക് വെള്ളം ഒഴുകി എത്തി. അഞ്ചോളം കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴിയും തടസ്സപ്പെട്ടു. 

വാഴപ്പിള്ളി മേഖലയിൽ നിന്ന് ഒഴുകി എത്തുന്ന മണിയംതോട് മൂന്നു കണ്ടം ഭാഗത്ത് എത്തുമ്പോൾ അഞ്ചടി താഴ്ചയിലാണ് ഒഴുകുന്നത്. കഴിഞ്ഞ മഴക്കാലത്തും ശക്തമായ വെള്ളപാച്ചിലിൽ ഇവിടെ സംരക്ഷണ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭയിൽ പരാതി പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ സമീപത്തെ കുടുംബങ്ങളാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. ഇത്തവണ മഴ ശക്തമായതോടെയാണ് വെള്ളപാച്ചിലിൽ വീണ്ടും സംരക്ഷണഭിത്തി ഇടിഞ്ഞത്. വിവരമറിഞ്ഞ് നഗരസഭ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവാണിയൂർ നടുക്കുരുശ് മനപ്പേൽ റോഡിൽ അയ്യേരിൽ കൃഷ്ണൻകുട്ടി വീടിന് സമീപത്തേക്ക് ഇന്നലെ രാവിലെ പെയ്ത മഴയിൽ റോഡ് ഇടിഞ്ഞ് താണു. ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ ഇട്ടു പോയതിന്റെ പിന്നാലെ ഈ പ്രദേശത്തുള്ള കുടിവെള്ളത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പൈപ്പ് ലൈനും വൈദ്യുതി പോസ്റ്റും തകർന്നു വീണിട്ടുണ്ട്. 

മഴ കനത്തതോടെ കുന്നത്തുനാട് ഇന്ദ്രാൻ ചിറയുടെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നു. ചിറയുടെ പടിഞ്ഞാറ് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന ഭാഗത്താണ് അടിവശത്തെ മണ്ണ് താഴ്ന്ന് ഏകദേശം 20 മീറ്ററോളം ചിറയുടെ വശത്തെ കരിങ്കൽ കെട്ടുകൾ അടക്കം ഇടിഞ്ഞു താഴ്ന്നത്. നിത്യേന ധാരാളം സന്ദർശകരെത്തുന്ന ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്താണ് ഇടിഞ്ഞത്. കൂടാതെ ചിറയോട് ചേർന്ന് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഉയരം കൂടിയ ഭാഗത്ത് നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതാകാം മണ്ണ് അടിഭാഗത്തേയ്ക്ക് ഇരിയ്ക്കുവാൻ കാരണമെന്നും പറയുന്നു. ചിറയുടെ വശങ്ങളിലെ ബലക്ഷയം പരിശോധിക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.