
തീവ്രമായ മഞ്ഞുവീഴ്ചയെ തുടർന്ന് ടിബറ്റിലെ മൗണ്ട് എവറസ്റ്റിന്റെ കിഴക്കൻ ഭാഗത്തെ ക്യാമ്പ് സൈറ്റുകളിൽ കുടുങ്ങിയ ട്രെക്കിങ് യാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകദേശം ആയിരത്തോളം പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ടുകളിൽ പറയുന്നത്. വെള്ളിയാഴ്‌ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്‌ച ഇന്ന് മുഴുവൻ തുടർന്നുവെന്ന് പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനിയുടെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടുകളിലെ അറിയിപ്പുകൾ വ്യക്തമാക്കുന്നു.
അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും കുടുങ്ങിയ നൂറുകണക്കിന് ട്രെക്കിങ് യാത്രികരെ ഞായറാഴ്ച രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. ഞായറാഴ്ച വരെ 350 പേരെ ഗ്രാമീണരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഖുഡാങ് എന്ന ചെറുപട്ടണത്തിലേക്ക് മാറ്റി. 200ൽ അധികം ട്രെക്കിങ്യാത്രികരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്തു. ചൈനയിലെ എട്ടുദിവസത്തെ ദേശീയ ദിന അവധിയുടെ ഭാഗമായാണ് എവറസ്റ്റിന്റെ കിഴക്കൻ ഭാഗത്തേക്കുള്ള കർമ്മ എന്ന വിദൂര താഴ്‌വരയിൽ സന്ദര്‍ശകര്‍ എത്തിയത്.
താഴ്‍വരയില്‍ കനത്ത മഞ്ഞുവീഴ്ചയായിരുന്നുവെന്നും ശരീരത്തിലെ താപനില ക്രമാതീതമായി കുറയുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ വളരെ ഭയാനകമായിരുന്നുവെന്ന് ഖുഡാങ്ങിൽ എത്തിയ 18 പേരടങ്ങുന്ന ട്രെക്കിങ് സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ, എവറസ്റ്റ് വിനോദസഞ്ചാര മേഖലയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്ച മുതൽ നിർത്തിവച്ചതായി പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി അറിയിച്ചു. നേപ്പാളിലെ ഏഴ് പ്രവിശ്യകളിൽ അഞ്ചെണ്ണമായ കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നിവിടങ്ങളിൽ മൺസൂൺ സജീവമാണ്. അതിനാൽ തന്നെ മേഖലയിൽ കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുമോ എന്നത് വരും മണിക്കൂറുകളിൽ മാത്രമേ അറിയാൻ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.