
കൈത്താങ്ങിന് കാത്ത് കളിമണ്‍പാത്ര നിര്‍മ്മാണ മേഖല. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും പുത്തൻ സാങ്കേതിക വിദ്യകൾ വശമില്ലാത്തതും പുതിയ തലമുറ ഈ തൊഴിൽരംഗത്ത് കടന്നുവരാത്തതും പരമ്പരാഗത തൊഴിൽ അന്യം നിന്ന് പോകുന്നതിന് കാരണമാകുന്നു.
നേരത്തെ പ്രധാനമായും വീടുകൾ കയറിയിറങ്ങിയാണ് പാത്രങ്ങളുടെ വില്പന നടത്തിയിരുന്നത്. കോവിഡിന് പിന്നാലെ ഇതും നിലച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പാതയോരങ്ങളിലെ വില്പനയും കുറഞ്ഞു. ക്ഷാമം മൂലം കളിമണ്ണിന് വലിയ വില നൽകണം. ഇതോടെ പാത്രനിർമ്മാണം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മിക്കവരും. കളിമൺപാത്ര നിർമ്മാണത്തിന് ഏറെ അധ്വാനവും ശ്രദ്ധയും വേണം. കളിമണ്ണ് തലേദിവസം തന്നെ വെള്ളം ചേർത്ത് കുതിർത്തിടണം. തൊട്ടടുത്ത ദിവസം കല്ലും മറ്റ് അനാവശ്യ വസ്തുക്കളും ഒഴിവാക്കി മണൽ ചേർത്ത് കുഴച്ചെടുക്കും. ഇതിനെ ചെറു ഉരുളകളാക്കി ചക്രത്തിൽ കറക്കിയാണ് മൺപാത്രങ്ങളാക്കി മാറ്റുന്നത്. സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതും കറക്കത്തിന്റെ വേഗത കാൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുമായ വൈദ്യുതി ചക്രങ്ങളാണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കളിമൺപാത്രങ്ങളുടെ നിർമ്മാണത്തിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. പാത്രങ്ങൾക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്സൈഡും ബ്ലാക്ക് ഓക്സൈഡും ഉപയോഗിക്കുന്നു. ഇത്തരം മൺപാത്രങ്ങൾ ദേശീയപാതകൾ കേന്ദ്രീകരിച്ച് വിൽക്കുന്നുണ്ട്. ഇതും പരമ്പരാഗത മൺപാത്ര മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
പരമ്പരാഗത രീതിയില്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നവരാണ് ഗ്രാമീണ മേഖലകളിലുള്ളത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന കുംഭാര സമുദായത്തിന്റെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണമാണ് നാശത്തിന്റെ വക്കിലുള്ളത്.
നിലമ്പൂർ പ്രദേശത്ത് ഈ തൊഴിൽ ചെയ്യാന്‍ 50ൽ താഴെ കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. പരമ്പരാഗത കളിമൺതൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളെ ഉൾപ്പെടുത്തി നിലമ്പൂർ പ്രദേശത്ത് രൂപീകരിച്ച അനശ്വരം സ്വയം സഹായ സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തനം. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെങ്കിലും പുതുതലമുറയെ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് വേണ്ട സംവിധാനം അധികൃതര്‍ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മണ്‍പാത്രങ്ങളുടെ വില്പന കുറഞ്ഞതും വരുമാനമില്ലാതെ വന്നതുമാണ് പുതുതലമുറയെ പരമ്പരാഗത മേഖലയില്‍ നിന്നും പിന്തിരിയാന്‍ ഇടയാക്കിയത്. സാങ്കേതിക വിദ്യ പകർന്ന് നൽകി പുതുതലമുറയെ മേഖലയിലേക്ക് തിരികെയെത്തിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.