സിനിമാമേഖലയിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 35 കേസുകള്‍ അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്എടി) ഒരുങ്ങുന്നു.
പരാതിപ്പെട്ടവര്‍ തുടരന്വേഷണവുമായി സഹകരിക്കാത്തതാണ് അന്വേഷണ സംഘത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ പിന്നീട് എസ്ഐടിക്ക് മുമ്പാകെ അതില്‍ ഉറച്ചനില്‍ക്കാൻ തയ്യാറായില്ല. പൊലീസ് പലതവണ ഇവരെ ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കാൻ ആരും വന്നില്ല. ആറ് വര്‍ഷം മുമ്പാണ് ഹേമ കമ്മിറ്റിയോട് തുറന്നുപറഞ്ഞതെന്നും അന്നത്തെ സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നുമാണ് പരാതിക്കാരുടെ നിലപാട്. ഇനി കേസിനും മറ്റ് നൂലാമാലകള്‍ക്കും താല്‍പര്യമില്ലെന്ന് പറഞ്ഞവരും ഉണ്ട്. ഒടുവില്‍ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടീസ് അയച്ചെങ്കിലും പരാതിക്കാര്‍ ആരും തന്നെ വന്നില്ല. ഈമാസം കൂടി കാക്കാനാണ് പൊലീസിന്റെ തീരുമാനം. അനുകൂല പ്രതികരണം ഇല്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്ഐടിയുടെ തീരുമാനം.
വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നടന്മാരായ സിദ്ദിഖും മുകേഷും സംവിധായകൻ രഞ്ജിത്തും അടക്കം പ്രമുഖര്‍ക്കെതിരെ കേസെടുത്തിരുന്നു. കമ്മിറ്റിയിൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ എടുത്ത ഈ കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണ്. മൊഴിയെടുക്കലും നടപടിക്രമങ്ങളും അതീവ രഹസ്യമാക്കിയാണ് 35 കേസുകളും രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പോലും പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.