ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുകയും തുടർന്ന് സിനിമ മേഖലയിലെ പ്രമുഖകർക്കെതിരെ ആരോപണവും ഉയർന്നതോടെ തീയേറ്ററുകളിൽ സിനിമാ കാണാനെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ വൻകുറവ്. ഈവർഷമാദ്യം ഫെബ്രുവരി മുതൽ മെയ് വരെ തീയേറ്ററുകളിൽ പ്രേക്ഷകരുണ്ടായിരുന്നു.
ജൂൺ മുതൽ തീയേറ്ററുകളിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ജൂലായ് 30നുണ്ടായ മുണ്ടക്കൈയി — ചൂരൽമല ദുരന്തത്തോടെ പ്രക്ഷേകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. അതിനിടെയാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുകയും പ്രമുഖ താരങ്ങൾക്കെതിരെയുള്ള ആരോപണവും ഉയർന്നത്.
ഇതോടെ തീയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണം വിരലിലെണ്ണാവുന്നതിലേക്ക് ഒതുങ്ങി. പ്രേക്ഷരുടെ പല ഇഷ്ട താരങ്ങളും ആരോപണ നിഴലിലായതോടെ പ്രേക്ഷകരിൽ കുറെപേരെങ്കിലും സിനിമ കാണുന്നത് താൽക്കാലികമായെങ്കിലും നിർത്തിയിരിക്കുകയാണ്.
അതിനിടെ ആളില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലയിലെ ചില പ്രമുഖ തീയേറ്ററുകളിൽ സിനിമ പ്രദർശനം തന്നെ നിർത്തിവെക്കേണ്ടി വരുകയും ചെയ്തു.
പ്രേക്ഷകരിൽ കുറവ് വന്നിട്ടുണ്ടെന്ന് തീയേറ്റർ ഉടമകൾ സാക്ഷ്യപെടുത്തുമ്പോഴും പുതിയ സിനിമകൾ റിലീസിംഗിനെത്താത്തതാണ് പ്രേക്ഷകർ കുറയാൻ കാരണമെന്നും ഇവർ പറയുന്നുണ്ട്.
ഓണം അടുത്തതോടെ പുതിയ സിനിമകൾ റിലീസിംഗിനായി തീയേറ്ററുകളിൽ എത്തിയില്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആളില്ലാതെ തീയേറ്ററുകൾ പൂട്ടിയിടേണ്ടിവരും. തീയേറ്ററുകൾ ലാഭകരമല്ലാത്തതിന്റെ പേരിൽ നേരത്തെ തന്നെ നിരവധി തീയേറ്ററുകളാണ് ജില്ലയിൽ പൂട്ടിയത്.
പൂട്ടിയ തീയേറ്ററുകളിൽ ചിലതെല്ലാം പള്ളിയും ഓഡിറ്റോറിയങ്ങളും മറ്റുമായി. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ജില്ലയിലെ പ്രധാനടൗണായ സുൽത്താൻ ബത്തേരിയിൽ മാത്രം ആറ് തീയേറ്ററുകളാണ് പൂട്ടിയത്. ഇപ്പോഴത്തെ ഈ സാഹചര്യം വീണ്ടും തീയേറ്റർ ഉടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.