
കോഴിക്കോട് ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി പിടിയിലായി. നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖിനെയാണ്(35) വയനാട് കേണിച്ചിറയിലെ വീട്ടിൽനിന്ന് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വൈശാഖ് സമ്മതിച്ചു.
ആദ്യം പിടിയിലായ ജ്യോതിഷുമായി ചെറുപ്പകാലം മുതലുള്ള സൗഹൃദമാണ് ഈ കുറ്റകൃത്യത്തിലേക്ക് വൈശാഖിനെ എത്തിച്ചത്. ഹേമചന്ദ്രനുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റ് കാര്യങ്ങളും ജ്യോതിഷ് എപ്പോഴും വൈശാഖുമായി പങ്കുവെക്കുമായിരുന്നു. പിന്നീട് നൗഷാദുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും, ഹേമചന്ദ്രനില്‍ നിന്ന് പണം തട്ടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നൗഷാദിന് വാടകയ്ക്ക് കാർ കൊടുക്കുന്ന ബിസിനസ്സുള്ളതിനാലും ഗുണ്ടകളുമായി അയാൾക്ക് ബന്ധമുണ്ടെന്നും മനസ്സിലാക്കി, ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചു. കാറിൽ വെച്ച് തന്നെ പ്രതികൾ ഹേമചന്ദ്രനെ മർദ്ദിച്ചിരുന്നു. സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും അജേഷിനും ചേരമ്പാമ്പാടി ഭാഗത്തുള്ള ഒരു റിസോർട്ടിൽ ഇന്റീരിയർ വർക്കിന്റെ ജോലിയുണ്ടായിരുന്നു. 2024 മാർച്ച് 22‑ന് ഉച്ചയോടെ പ്രതികളായ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടുകയും, മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടി അവിടെയുള്ള പല സ്ഥലങ്ങളും പരിശോധിക്കുകയും ചെയ്തു. ഒടുവിൽ, കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടുംകാട് തിരഞ്ഞെടുക്കുകയായിരുന്നു. കൊടുംകാടായതിനാലും എപ്പോഴും ആനയുണ്ടാവുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടുകയില്ലെന്ന കാരണത്താലാണ് പ്രതികള്‍ അവിടം തിരഞ്ഞെടുത്തത്.
സിറ്റി പോലീസ് കമ്മിഷണർ ഡിഐജി നാരായണന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് എസ്ഐ അരുണും സംഘവും ചേർന്നാണ് വൈശാഖിനെ പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.