17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2024
August 28, 2024
August 23, 2024
July 25, 2024
July 10, 2024
June 28, 2024
June 15, 2024
June 13, 2024
June 6, 2024
May 24, 2024

ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ: മന്ത്രി വീണാ ജോര്‍ജ്

എഎംആർ പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പുമായി കേരളം 
Janayugom Webdesk
തിരുവനന്തപുരം
September 11, 2024 8:12 pm

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. 

ആന്റിബയോട്ടിക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുക, ഒരു വ്യക്തിക്കായി ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി ഉപയോഗിക്കാതിരിക്കുക, ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്, ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന മഹാവിപത്തിനെ നമുക്ക് ഒന്നിച്ച് നേരിടാം എന്ന സന്ദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ആന്റിബയോട്ടിക് അവബോധത്തെപ്പറ്റി ഏകീകൃത പോസ്റ്റർ പതിപ്പിക്കും. 

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.