
ആൻ സെക്സ്റ്റൺ
വിവർത്തനം: ആര്യാഗോപി
ഞാൻ പുറപ്പെട്ടുപോയിരിക്കുന്നു
ഭൂതാവിഷ്ടമായ മന്ത്രവാദിനിയായി,
വെളിച്ചമുപേക്ഷിച്ച കാറ്റിനെ വേട്ടയാടി
പാതിരാത്രി സുധീരയായി;
പേക്കിനാവുകൾ കാണെക്കാണെ
വെറുംവീടുകൾക്കുമേൽ
പിടിത്തംവിട്ടൊരുവളായി
വെട്ടത്തിനുമേൽവെട്ടംകണ്ടു
ഒറ്റപ്പെടലിൻ ചിത്തംതൊട്ടു
പന്ത്രണ്ടംഗുലീയങ്ങളും വിട്ടു
പിടിവിട്ടൊഴുകിപ്പോകുന്നു.
ഇങ്ങനെയുള്ളവൾ
ഒരു പെണ്ണാണോ?
അല്ലെന്നുറപ്പ്!
എങ്കിലും ഞാനിനി
അവളുടെ ആളാണ് !
കൊടുംകാടുകളിലെ
ചുടുമേടുകളിൽ
പാത്രങ്ങളും ഭരണികളും
അറകളും അലമാരകളും
പട്ടും പൊന്നും
എണ്ണിയാലൊടുങ്ങാത്ത
സ്ഥാവരജംഗമങ്ങളും
കൊണ്ട് ഞാൻ നിറച്ചുവെച്ചു.
പുഴുക്കൾക്കും ചാത്തന്മാർക്കും
അത്താഴമൊരുക്കി.
അങ്ങനെയുള്ളൊരുവൾ
തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എങ്കിലും ഞാനിനി
അവളുടെ ആളാണ് !
ഞാൻ നിങ്ങളുടെ ശകടത്തിൽ
സവാരി ചെയ്യുന്നു
പ്രിയ..സാരഥീ..
ഗ്രാമങ്ങൾ കടന്നുപോകുമ്പോൾ
ഞാനെന്റെ ഒഴിഞ്ഞ കൈകൾ വീശുന്നു
അവസാനത്തെ വെളിച്ചമുള്ള വഴികൾ
ഒരു അതിജീവിതയെപ്പോലെ
കണ്ടുപഠിക്കുന്നു.
ആ ജ്വാലയിലെന്റെ
തുടയെല്ലുകളുരുകുന്നു.
വണ്ടിവളങ്ങൾക്കിടയിൽപ്പെട്ടു
എന്റെ വാരിയെല്ലുകൾ നുറുങ്ങുന്നു.
ഇതനുഭവിക്കുന്ന ഒരു സ്ത്രീ
മരിക്കാൻപോലും ഭയപ്പെടുന്നില്ല.
എങ്കിലും ഞാനിനി
അവളുടെ ആളാണ് !
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.