14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

വേദന സംഹാരികള്‍ ഒരു താത്കാലിക പരിഹാരം; സന്ധിവാതം പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങളിതാ…

ഡോ.അനൂപ് എസ്.പിള്ള
SUT ഹോസ്പിറ്റൽ, പട്ടം
October 13, 2023 11:50 am
നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ആര്‍ത്രൈറ്റിസ് രോഗം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒക്ടോബര്‍ 12 ലോക സന്ധിവാത ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം ‘സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍’ എന്നാണ്. ആര്‍ത്രൈറ്റിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ജീവിതരീതിയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം അചരിക്കുന്നത്.
എന്താണ് ആര്‍ത്രൈറ്റിസ്?
ആര്‍ത്രൈറ്റിസ് എന്നാല്‍ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.
ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില്‍ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവില്‍ ഇത് രോഗിയുടെ ദൈനംദിന പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്ന അളവില്‍ വഷളാവുകയും ചെയ്യും.
അതേസമയം ആമവാതം പോലുള്ള ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ വേദനയും കാഠിന്യവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോളോ വ്യായാമം  ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട് എന്ന ആര്‍ത്രൈറ്റിസില്‍ ചില പ്രത്യേക ആഹാര പദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്‍ മീനുകള്‍, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്‌ളവര്‍, ചീര, കൂണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്‌തേക്കാം.
എന്താണ് ആര്‍ത്രൈറ്റിസ് വരാനുള്ള കാരണങ്ങള്‍?
അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദ്ദവം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടവും. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസുവാന്‍ ഇടയാക്കും.
രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.
ശരീരത്തിലുള്ള ഡി.എന്‍.എ യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്റേയും മറ്റ് ചില ആഹാര പദാര്‍ത്ഥങ്ങളുടെയും മെറ്റബോളിക്പ് പ്രക്രിയയുടെ ഒരു ഉപോല്‍പ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
ആര്‍ത്രൈറ്റിസ് ഒരു വാര്‍ധക്യ സഹജമായ രോഗമാണോ?
സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു.
കുട്ടികളില്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
മുകളില്‍ വിശദീകരിച്ചത് പോലെ രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജൂവനൈല്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്.
പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണോ ആര്‍ത്രൈറ്റിസ്?
പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്.എല്‍.എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?
കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ — പ്രോക്‌സിമല്‍ ഇന്റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റീസും കാലിന്റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.
രോഗനിര്‍ണയം എങ്ങനെ?
ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ ഒരു കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓര്‍ത്തോപീഡിക് വിദഗ്ധനെയോ റൂമറ്റോയ്ഡ് സ്‌പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്‌സ് റേയില്‍ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണ്ണയം സാധ്യമാണ്.
എന്തൊക്കെയാണ് ആര്‍ത്രൈറ്റിസിനുള്ള ചികിത്സാ രീതികള്‍?
അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗം ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാന്‍ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.
ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്‍ട്ടിക്കോസ്റ്റീറോയ്ഡുകള്‍ മുതല്‍ മോണോക്ലോണല്‍ ആന്റിബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.
എന്നാല്‍ തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്‍ത്തന നിലയെ ബാധിക്കുന്നുണ്ടെങ്കില്‍ ജോയിന്റ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സഹായകരമാകുന്നു.
ആര്‍ത്രൈറ്റിസ് രോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്?
ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ട് നിവര്‍ന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പേശികള്‍ക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് തന്നെ കൈകളിലെയും കാലിലെയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്‌ട്രേച്ചിങ് വ്യായാമം ചെയ്യണം.
എഴുന്നേല്‍ക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കൈ-കാല്‍ കഴുകാം. ഇത് പേശികള്‍ക്ക് വഴക്കം നല്‍കും. മുട്ടിന് വേദനയും പ്രശ്‌നവുമുള്ളവര്‍ പടികള്‍ കയറുന്നതും കാലിലെ സന്ധികള്‍ക്ക് അമിത ആയാസമുള്ള കുത്തിയിരുന്നുള്ള ജോലികള്‍ ഒഴിവാക്കണം.
ഇന്ത്യന്‍ ടോയ്‌ലറ്റിന് പകരം യൂറോപ്യന്‍ ടോയ്‌ലെറ്റ് ഉപയോഗിക്കാം. വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കണം. വാക്കിങ് സ്റ്റിക്ക്, കൈപ്പിടിയുള്ളതും സീറ്റ് ഉയര്‍ത്തതുമായ കസേരകള്‍, പ്രത്യേക സോളുകള്‍ എന്നിവ ഫലപ്രദമാണ്.
ഡോ.അനൂപ് എസ്.പിള്ള
സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.