രാജ്യത്തെ സുപ്രീം കോടതിയിലെ 60 ശതമാനം ജഡ്ജിമാരും ന്യായാധിപ — അഭിഭാഷക കുടുംബങ്ങളില്‍ നിന്നുള്ളവര്‍. നിലവിലെ 33 ജഡ്ജിമാരില്‍ 10 പേര്‍ വിരമിച്ച ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളും 10 പേര്‍ പ്രമുഖ അഭിഭാഷകരുടെ മക്കളാണെന്നും ദി പ്രിന്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിയമ സമൂഹത്തിനുള്ളില്‍ പരസ്പര ബന്ധങ്ങളുടെ സങ്കീര്‍ണമായ ഒരു വലയം തലമുറകളെയും കോടതികളെയും ബന്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതി ജഡ്ജി മനോജ് മിശ്രയുടെ മുത്തച്ഛനും പിതാവും അലഹബാദ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായിരുന്നു. സഹോദരന്‍ അപുല്‍ മിശ്രയും അഭിഭാഷകനാണ്. മിശ്രയുടെ ഭാര്യ അഭിലാഷ മിശ്രയും അഭിഭാഷക കുടുംബത്തില്‍ നിന്നാണ്.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയ രാജീവ് ലോചന്‍, അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന അന്തരിച്ച എം എന്‍ ശുക്ലയുടെ ചെറുമകനാണ്. ജസ്റ്റിസ് മനോജ് മിശ്രയുടെ മക്കളായ രഘുവംശും ദേവാന്‍ഷ് മിശ്രയും അഭിഭാഷകരാണ്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന വിപിന്‍ സിന്‍ഹയുടെ മകളായ കല്പന സിന്‍ഹയാണ് രഘുവംശിന്റെ ഭാര്യ. 1975ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി സുപ്രധാന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹയാണ് വിപിന്‍ സിന്‍ഹയുടെ പിതാവ്. വിപിന്റെ സഹോദരനാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹയുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത്. മറ്റൊരു സഹോദരന്‍ അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവനാണ് മുന്‍ ജഡ്ജി എച്ച് ആര്‍ ഖന്ന. 1976ല്‍ അടിയന്തരാവസ്ഥക്കാലത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് വാദിച്ച, ജബല്‍പ്പൂര്‍ കേസില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഏക ജഡ്ജിയായിരുന്നു എച്ച് ആര്‍ ഖന്ന. സഞ്ജീവ് ഖന്നയുടെ പിതാവ് ഡി ആര്‍ ഖന്നയും ഡല്‍ഹി ഹൈക്കോടതി ജഡ്ജി പദം അലങ്കരിച്ചിരുന്നു.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. ജുഡിഷ്യല്‍ സര്‍വീസ് അംഗമായിരുന്നയാളുടെ മകളാണ് ബേല എം ത്രിവേദി. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന കോദണ്ഡ രാമയ്യയുടെ മകനാണ് ജസ്റ്റിസ് പി എസ് നരസിംഹ. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ മകനാണ് സുധാന്‍ശു ധൂലിയ. ദീപാങ്കര്‍ ദത്തയുടെ പിതാവ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന സലില്‍ കുമാര്‍ ദത്തയുടെ മകനും സുപ്രീം കോടതി ജഡ്ജിയായിരുന്ന അമിതാവാ റോയുടെ ബന്ധുവുമാണ്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജി എസ് സംഗ്‌വിയുടെ ബന്ധുവാണ് ജസ്റ്റിസ് സന്ദീപ് മേത്ത. ബോംബൈ ഹൈക്കോടതി രജിസ്ട്രാറും ജഡ്ജിയുമായിരുന്ന വ്യക്തിയുടെ മകനാണ് പ്രസന്ന ബാലചന്ദ്ര വരാലെ. ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന എന്‍ ബോത്തംബി സിങ്ങിന്റെ മകനാണ് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്. സമാന ബന്ധമുള്ള നിരവധി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വിവരങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ഈ കണ്ടെത്തലുകളില്‍ അത്ഭുതമില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ പ്രതികരിച്ചു. വൈദ്യശാസ്ത്രം, ബിസിനസ്, രാഷ്ടീയം, സിവില്‍ സര്‍വീസ്, സിനിമ തുടങ്ങിയ എല്ലാ മേഖലകളിലും പാരമ്പര്യവാഴ്ച കാണാം. ശതമാനത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കാമെന്നേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പ്രവണത ഭൂഷണമല്ലെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് പറഞ്ഞു. വിധി നിര്‍ണയം പൊതുസേവനമാണെന്നും ബിസിനസ് അല്ലെന്നും വിലയിരുത്തി ഉചിതമായ തീരുമാനം ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.