
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ കേന്ദ്രസർക്കാർ തീരുമാനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. നാടുകടത്തൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെയും ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു.
ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ കോടതി തള്ളി. ബിർഭൂമിലെ മുറാറൈയിലെ പൈക്കറിൽ നിന്നുള്ള സോണാലി ബീബിയുടെയും സ്വീറ്റി ബീബിയുടെയും കുടുംബാംഗങ്ങളാണ് ഹർജി സമർപ്പിച്ചത്. തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും 20 വർഷത്തിലേറെയായി ഡല്‍ഹിയിൽ ദിവസ വേതനക്കാരായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു.
ജൂൺ 18ന് ബംഗ്ലാദേശ് പൗരന്മാരാണെന്നാരോപിച്ച് ഡല്‍ഹി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഒമ്പത് ദിവസത്തിന് ശേഷം ജൂൺ 27ന് അതിർത്തിക്കപ്പുറത്തേക്ക് നാടുകടത്തി. പിന്നീട് ബംഗ്ലാദേശ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. നാടുകടത്തുമ്പോൾ സോണാലി ഒമ്പത് മാസം ഗർഭിണിയായിരുന്നുവെന്ന് കുടുംബം കോടതിയെ അറിയിച്ചു. കുട്ടി ബംഗ്ലാദേശിൽ ജനിച്ചാൽ കുഞ്ഞിന് പൗരത്വം ലഭിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുവെന്നും ഇവർ അറിയിച്ചു.
ഭൂമി സംബന്ധിച്ച രേഖകൾ, മാതാപിതാക്കളുടെയും മുന്‍തലമുറയുടെയും വോട്ടർ ഐഡി, സർക്കാർ ആശുപത്രികൾ നൽകിയ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചിട്ടും നാടുകടത്തിയെന്ന് ഇവരുടെ അഭിഭാഷകർ വാദിച്ചു. ഡല്‍ഹി ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചതിനാൽ കൽക്കട്ട ഹൈക്കോടതിയിലെ ഹർജി സാധുവല്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
ബംഗ്ലാദേശി അല്ലെങ്കിൽ മ്യാൻമർ പൗരന്മാരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമായി ഉൾപ്പെടുത്തി 2025 മേയ് മാസത്തിൽ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് പ്രവർത്തിച്ചതെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ ഭരണഘടനാപരമായ നീതിയും ന്യായവും വികലമാക്കുന്ന ഒരു പ്രവൃത്തിയാണിതെന്ന് കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.