ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികൾ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഇടപ്പളളി-മണ്ണൂത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി തൃശൂർ‑എറണാകുളം കളക്ടർമാർ പരിശോധിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദ്ദേശം. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കളക്ടർമാർ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താൻ കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.
ദേശീയ പാതയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചക്കുളളിൽ പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കളക്ടർമാർ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിർദേശിച്ച കോടതി മനുഷ്യനിർമ്മിത ദുരന്തങ്ങളാണ് റോഡുകളിൽ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കടുത്ത വിമർശനം.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ദേശീയ പാതയിൽ കുഴിയടയ്ക്കൽ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ കുഴിയടയ്ക്കൽ പേരിന് മാത്രമെന്നാണ് വ്യക്തമാകുന്നത്. റോഡ് റോളർ ഉപയോഗിക്കാതെയാണ് കുഴിയടയ്ക്കൽ. ടാറും മെറ്റലും കുഴിയിൽ നിറയ്ക്കാൻ ഇരുമ്പ് ദണ്ഡ് മാത്രമാണ് ഉപയോഗിക്കുന്നത്.
അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിലാണ് കുഴിയടയ്ക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പായ്ക്കറ്റിലാക്കിയ ടാർ മിശ്രിതം കുഴികളിൽ നിറച്ച് കൈക്കോട്ടും ഇരുമ്പ് ദണ്ഡും മാത്രമുപയോഗിച്ച് നിരത്തുകയാണ് ചെയ്യുന്നത്. തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായി എത്തിയിരിക്കുന്നത്. കരാർ കമ്പനി ഉദ്യോഗസ്ഥരോ ദേശീയപാത അധികൃതരോ ഇവർക്കൊപ്പമുണ്ടായിരുന്നില്ല.
English Summary: high court directs urgent inspection of potholes on national highway
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.